ജാതി മാത്രം പറഞ്ഞ് വോട്ട് പിടിക്കുന്ന കാലത്ത് ഷാജിയുടെ അയോഗ്യത വലിയ വാർത്ത; സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നതിൽ പോലും ജാതി കണ്ടെത്തുന്ന കേരളത്തിൽ ഷാജിയുടെ അയോഗ്യത ക്രൂരത; ഷാജിയെ ഒറ്റിയത് കൂടെയുള്ളവർ തന്നെയോ

സ്വന്തം ലേഖകൻ

കൊച്ചി: തിരഞ്ഞെടുപ്പിൽ ജാതിയും മതവും വർഗീയ പ്രചാരണവും കേരളത്തിൽ പതിവാണ്. ഇത് തന്നെയാണ് പലപ്പോഴും കേരളത്തിന്റെ മണ്ണിൽ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നതും. പക്ഷേ, ഇതേ ജാതി തന്നെയാണ് കേരളത്തിലെ മികച്ച യുവ രാഷ്ട്രീയക്കാരിൽ ഒരാളായ കെ.എം ഷാജിയുടെ രാഷ്ട്രീയ ഭാവിയെ തകർത്തു കളഞ്ഞിരിക്കുന്നത്. അഴീക്കോട് മണ്ഡലത്തിൽ ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി, ഇതേ ഹൈക്കോടതി തന്നെ മണിക്കൂറുകൾക്കകം സ്‌റ്റേ ചെയ്യുകയായിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനു വേണ്ടിയാണ് കോടതി കേസിൽ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.
വൈള്ളിയാഴ്ച നാടകീയ സംഭവങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. അയോഗ്യനാക്കിയ വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെയാണ് സ്റ്റേയും അനുവദിച്ചത്. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനായിട്ടാണ് രണ്ടാഴ്ച സ്റ്റേ അനുവദിച്ചത്. കോടതി ചിലവായി 50,000 രൂപ കെട്ടിവെക്കാനും നിർദ്ദേശിച്ചു.
ഇത്തരം വിവിധ കുതനന്ത്രങ്ങളിലൂടെയാണ് പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിൽ വിജയം കണ്ടെത്തുന്നത്. എസ്.എൻഡിപിയും എൻഎസ്എസും ക്രൈസ്തവ സഭകളും മുസ്ലീം സമുദായങ്ങളും എല്ലാം തരാ തരം പോലെ തങ്ങളാൽ കഴിയുന്ന രീതിയിൽ നേരിട്ട് തന്നെ തിരഞ്ഞെടുപ്പിൽ ഇടപെടാറും പ്രസ്താവന നടത്താറുമുണ്ട്. മതം രാഷ്ട്രീയത്തിലെ അദൃശ്യ സാന്നിധ്യമല്ല. മറിച്ച് സജീവ സാന്നിധ്യം തന്നെയാണ്.
അതേസമയം ഇത് സാധാരണ ഒരു കോടതി നടപടി മാത്രമാണെന്ന് നികേഷ് കുമാർ പ്രതികരിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം.വി നികേഷ് കുമാർ സമർപ്പിച്ച ഹർജിയിലാണ് കെ.എം ഷാജിയെ അയോഗ്യനാക്കിയത്. അടുത്ത ആറു വർഷത്തേക്ക് ഷാജിക്ക് മത്സരിക്കുന്നിനും അയോഗ്യത കല്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചുവെന്ന് ഹർജിയിൽ നികേഷ് ആരോപിച്ചിരുന്നു. അത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും ഷാജിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമായിരുന്നു നികേഷിന്റെ ആവശ്യം.
2016ലെ തെരഞ്ഞെടുപ്പിൽ 2287 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.എം ഷാജി വിജയിച്ചത്. ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ ഒരു പ്രത്യേക മതവിഭാഗത്തിനിടയിൽ കെ.എം ഷാജി നടത്തിയ വർഗീയ പ്രചാരണം തന്റെ വിജയത്തിന് തടസ്സമായി എന്നായിരുന്നു നികേഷ് കുമാറിന്റെ ആരോപണം.
എന്നാൽ, കേരള രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്കാണ് ഈ വിധി തുടക്കമിട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഏത് തിരഞ്ഞെടുപ്പ് വന്നാലും രാഷ്ട്രീയ കക്ഷികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് ജാതി മത സമവാക്യങ്ങളുടെ അടിസ്ഥാനത്താലാവും. ഇതെല്ലാം നിലനിൽക്കെയാണ് ജാതിയുടെ പേരിൽ കെ.എം ഷാജിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതും അയോഗ്യനാക്കുന്നത്. ഓരോ രാഷ്ട്രീയ പാർട്ടികളും വോട്ടെടുപ്പിനു മുൻപ് നടത്തുന്ന ജാതി മത വർഗീയ കളികൾ നിലനിൽക്കെയാണ് ഷാജി മാത്രം കുറ്റക്കാരനാണെന്ന രീതിയിൽ പ്രചാരണം നടത്തുന്നത്. ഇതു കൂടാതെ ഷാജിയെ ആറു വർഷം അയോഗ്യനാക്കുകയും ചെയ്തതും കടുത്ത തീരുമാനമായി.

എന്നാൽ, ഇതിനിടെ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഷാജിയ്‌ക്കെതിരായ ഗൂഡോലോചനയുടെ ഭാഗമായി മുസ്ലീം ലീഗിലൈ ഒരു വിഭാഗം തന്നെയാണ് ഇത്തരത്തിൽ ലഘുലേഖ പ്രചരിപ്പിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഷാജി വിജയിച്ചാൽ പോലും ഇത് മറികടക്കാൻ കേസും കൂട്ടവുമായി പിന്നാലെ നടക്കാനാവുമെന്ന തന്ത്രമാണ് ഇപ്പോൾ ഉയരുന്നത്.

Latest
Widgets Magazine