കുളിക്കുന്നതിനിടയില്‍ ടീമിന് ആശംസ നേരാന്‍ കിങ് ഖാന്‍ ലൈവില്‍ എത്തി

ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ സ്വന്തം ടീമിന്റെ കളി കാണാന്‍ കഴിയാതെ പോയ ഷാരൂഖ് ഖാന്‍ കുളിക്കുന്നതിനിടയില്‍ ടീമിന് വിജയാശംസകള്‍ നേര്‍ന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ പതിനൊന്നാം സീസണിലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത യോഗ്യത നേടിയത്.

കൊല്‍ക്കത്തയുടെ വിജയം താരങ്ങളെപ്പോലെ ഏറെ സന്തോഷിപ്പിച്ചത് ടീം ഉടമ ഷാരൂഖ് ഖാനെയായിരുന്നു. കൊല്‍ക്കത്തയുടെ ഒട്ടുമിക്ക മല്‍സരങ്ങള്‍ക്കും ഗ്യാലറിയില്‍ ഉണ്ടാവുമായിരുന്ന ഷാരൂഖിന് കഴിഞ്ഞ മല്‍സരം കാണാനായില്ല. തന്റെ പുതിയ ചിത്രമായ സീറോയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ഷാരൂഖ്. തന്റെ ടീം രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയെന്നറിഞ്ഞ ഷാരൂഖ് പിന്നെ ഒട്ടും താമസിച്ചില്ല. കുളിക്കുന്നതിനിടയില്‍ നിന്ന് തന്റെ ടീമിന് ആശംസ നേര്‍ന്നു.

ഷൂട്ടിങ്ങിന് റെഡിയാകേണ്ടതിനാല്‍ കൊല്‍ക്കത്തയുടെ മികച്ച കളി കാണാനായില്ല. കുളിക്കുന്നതിനിടയില്‍നിന്ന് എന്റെ സ്‌നേഹം ടീമിനെ അറിയിക്കുന്നു. നിങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു, നിങ്ങളുടെ വിജയത്തില്‍ ഞാന്‍ സന്തോഷിക്കുന്നു; ഷാരൂഖ് ട്വീറ്റ് ചെയ്തു.

കൊല്‍ക്കത്ത ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് 144 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ. രഹാനെയും സഞ്ജുവും രാജസ്ഥാനായി പൊരുതിയെങ്കിലും വിജയം നേടാനായില്ല. കൊല്‍ക്കത്ത ബോളര്‍മാര്‍ക്കു മുന്നില്‍ രാജസ്ഥാന്‍ നിര തകര്‍ന്നടിയുകയായിരുന്നു. സഞ്ജു സാംസണ്‍ 50 റണ്‍സും രഹാനെ 46 റണ്‍സുമെടുത്തു.

ദിനേഷ് കാര്‍ത്തിക്കും ആന്ദ്രെ റസലുമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ വമ്ബന്‍ അടികളിലൂടെ ആന്ദ്രെ റസല്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ 160 ല്‍ കടത്തി. ബാറ്റ്‌സ്മാന്മാരെപ്പോലെ ബോളര്‍മാരും മികച്ച ഫോം പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്ത വിജയം കൈപ്പിടിയിലൊതുക്കി.

Latest
Widgets Magazine