ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു; പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം ശക്തം

മരക്കൂട്ടത്ത് നിന്ന് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് സ്റ്റോഷന് മുന്നില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു. നൂറോളം പേരാണ് നാപജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ശശികലയെ വിട്ടയക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം.

കൂടുതല്‍ പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. അതേസമയം, ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. ശേഷം ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

അറസ്റ്റില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറ് മണിക്ക് തുടങ്ങി. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Latest
Widgets Magazine