കൊന്നും കൈക്കൂലി നല്‍കിയും പോപ്പ് വരെ ആയവര്‍ സഭയിലുണ്ട്!!! കന്യാസ്ത്രീകളുടെ സമരം സഭയെ വിശുദ്ധീകരിക്കും

ബിഷപ്പിന്റെ പീഡനത്തിനെതിരെ തെരുവില്‍ സമരം ചെയ്യുന്നത് സഭയുടെ തന്നെ അന്തസ് വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ വിലയിരുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കത്തോലിക്കാ സഭയുടെ ചരിത്രം അധികാരത്തിന്റെയും രക്തരൂക്ഷിതമായ കലഹങ്ങളുടെയും കൂടിയാണ്. മനുഷ്യ വുരുദ്ധമായ പല ഘടകങ്ങളും സഭയില്‍ നിലനിന്നിരുന്നു. ഇവ പലതും മാറ്റപ്പെട്ടത് തെരുവിലെ സമരത്തിലാണെന്നും അതിനാല്‍ കന്യാസ്ത്രീകള്‍ ചെയ്ത സമരം സഭയെ നവീകരിക്കുമെന്നും ഷിബി പീറ്റര്‍ എഴുതിയ കുറിപ്പില്‍ വിശദമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരുവില്‍ ആണ് യഥാര്‍ത്ഥ സഭ നിലകൊള്ളുന്നത്
…………………………
നീതിക്ക് വേണ്ടി കന്യാസ്ത്രീകളും ജനാധിപത്യ സമൂഹവും നടത്തുന്ന തെരുവിലെ സമരത്തെ ആക്ഷേപിച്ചും കത്തോലിക്കാ ‘സഭയെ സംരക്ഷിച്ചും’ രണ്ട് വാദങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന ഡിക്രൂസിയന്‍ മാര്‍ക്‌സിസ്റ്റുകളാണ് ഈ വാദം ഉയര്‍ത്തുന്നത് എന്നതില്‍ അത്ഭുതം ഇല്ല. ഇന്ന് തെരുവില്‍ നടക്കുന്ന പോരാട്ടം ആണ് യദാര്‍ത്ഥ സഭ എന്നതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്.

1. ഒന്നാമതായി യെരുശലേം ദേവാലയത്തെ വാണിജ്യവല്‍ക്കരിച്ചതിനെതിരെ തെരുവിലെ നിസ്വരെയും നിരാലംബരേയും സംഘടിപ്പിച്ചുകൊണ്ട് ചാട്ടവാര്‍ ചുഴറ്റിയ സാക്ഷാല്‍ ക്രിസ്തുവാണ് ഏതൊരു സഭയുടെയും അടിത്തറ. തന്റെ ജീവിത കാലമത്രയും തെരുവില്‍ ജീവിച്ചും പുരോഹിതന്മാരെയും പരീശന്മാരെയും ശാസ്ത്രിമാരെയും (ഇവിടെ ഡിക്രൂസിയന്‍ ശാസ്ത്രീയ മാര്‍ക്‌സിസ്റ്റുകള്‍) വെല്ലുവിളിച്ചുകൊണ്ട് ഈശോ തെരുവിലെ ജനങ്ങളുടെ ശബ്ദമായി മാറി (മുസ്ലീങ്ങളും അംബേദ്കറിസ്റ്റുകളും ലൈംഗിക ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെ) ഒടുവില്‍ സ്വജീവനെ ബലിയായി നല്കി. ഈ ഈശോയെ ദിനവും അള്‍ത്താരയില്‍ ആരാധിക്കുകയും നെഞ്ചിലേറ്റി കാത്തിരിക്കുകയും ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് നീതിക്ക് വേണ്ടി ഈശോയുടെ മാര്‍ഗ്ഗം-തെരുവിലെ ശബ്ദം-അല്ലാതെ വേറെ എന്താണ് തെരഞ്ഞെടുക്കാന്‍ ആകുക?

2. ഇന്ന് നാം കാണുന്ന കത്തോലിക്ക സഭ തെരുവില്‍ നടന്ന ഒട്ടേറെ പോരാട്ടങ്ങളിലൂടെ നവീകരിക്കപ്പെട്ടത്തിന്റെ ചരിത്രധാരയില്‍ നിലകൊള്ളുന്ന ഒന്നാണ്. ഒരര്‍ഥത്തില്‍ തെരുവിന്റെ സംഭാവന തന്നെ. മധ്യ കാലഘട്ടത്തില്‍ അഴിമതിയിലും അധികാരപ്രമത്തതായിലും സ്ത്രീപീഡനത്തിലും ആണ്ടുപോയ ഒരു ജീര്‍ണ്ണിച്ച ഘടന മാത്രം ആയിരുന്നു ‘സഭ’. കൊന്നും കൊലവിളി നടത്തിയും ലേലം വിളിച്ചും പോപ്പും കര്‍ദിനാളും മെത്രാനും ആയവരുടെ കാലം. 1442ല്‍ പോപ്പായി അവരോധിതന്‍ ആയ പോപ്പ് അലക്സാണ്ടര്‍ ആറാമന്‍ കൈക്കൂലി നല്‍കിയാണ് പോപ്പ് ആയത് തന്നെ. സമ്പത്ത് കുന്ന് കൂട്ടുകയും സ്ത്രീകളെ സമ്പാദിക്കുകയും ആയിരുന്നു പ്രധാന വിനോദം. അതിനും മുന്‍പത്തെ പോപ്പ് അര്‍ബന്‍ ആറാമനെ വേറെ നിവൃത്തി ഇല്ലാതെ കര്‍ദിനാള്‍മാര്‍ തന്നെ വിഷം കൊടുത്തു കൊന്നുകളഞ്ഞു. പോപ്പ് ലിയോ പത്താമന്‍ ആകട്ടെ കര്‍ദിനാള്‍മാര്‍ക്ക് വിഷം കൊടുത്ത് കൊന്നാണ് പോപ്പ് ആയത് തന്നെ. ഇന്നസെന്റ് എട്ടാമന്‍, കര്‍ദിനാള്‍ ആല്‍ബര്‍ട്ട് തുടങ്ങിയവരുടെ ചരിത്രവും ഭിന്നമല്ല.

സഭയുടെ ഈ ജീര്‍ണ്ണതകള്‍ക്ക് എതിരെ തെരുവില്‍ നടന്ന പോരാട്ടങ്ങളും നവീകരണ പ്രവര്‍ത്തനങ്ങളുമാണ് നവോധാനവും ആധുനികയുഗ പ്രവേശനത്തിനും വഴി തെളിച്ചത്. സന്യാസി പുരോഹിതന്‍ ആയിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ 1517 ഒക്ടോബര്‍ 31ന് ജര്‍മനിയിലെ വിറ്റന്‍ ബര്‍ഗ് കത്തീഡ്രലിന്റെ വാതിലില്‍ ആണിയടിച്ചു പതിപ്പിച്ച 95 പ്രമാണങ്ങളുടെ ഊര്‍ജ്ജത്തില്‍ നിന്നും ആണ് സഭാഘടനകളെ തകര്‍ത്തെറിഞ്ഞ നവീകരണ പ്രക്ഷോഭം ആരംഭിക്കുന്നത്. 2016ല്‍ സഭാനവീകരണത്തിന്റെ അഞ്ചൂറാം വാര്‍ഷികം ആയിരുന്നു. ഇന്ന് കേരളത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന പോരാട്ടം ഈ ചരിത്ര സന്ദര്‍ഭവുമായി എല്ലാ അര്‍ത്ഥത്തിലും ചേര്‍ന്നു നില്‍ക്കുന്നു. മാര്‍ട്ടിന്‍ ലൂഥറിന്റേയും തോമസ് അക്വീനാസിന്റെയും ജോണ്‍ വിക്ലിഫിന്റെയും ചരിത്രവഴികളില്‍ തന്നെയാണ് അവര്‍ നിലകൊള്ളുന്നത്.

പില്‍ക്കാലത്ത് നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‌സിലിന്റെ തീരുമാനങ്ങളോടും അതിനെ തുടര്‍ന്ന് ലോകം എങ്ങും പൊട്ടിപ്പുറപ്പെട്ട വിമോചന ദൈവശാസ്ത്ര പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്റെ തുടര്‍ച്ച കൂടിയാണ് ഇത്. സഭയെയും മാര്‍ക്‌സിസ്റ്റുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന ചരിത്രം കൂടിയാണ് അത്. ഈ ചരിത്രവഴികളെ സംബന്ധിച്ച അജ്ഞതയാണ് ചില ഇടതുപക്ഷക്കാരെ(?) തുടക്കത്തില്‍ പറഞ്ഞ സഭയും തെരുവും എന്ന ദ്വന്ദത്തിലേക്ക് കൊണ്ടുപോകുന്നത്. ഈ ആക്ഷേപ വര്‍ഗ്ഗീകരണം യദാര്ഥത്തില്‍ ജീര്‍ണ്ണിച്ച കാലഘട്ടത്തില്‍ തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഔദ്യോഗിക സഭ തന്നെ നിര്‍മ്മിച്ച ഒരു ദ്വന്ദം ആണ്. പഴയ ജര്‍മന്‍ ഓര്‍ത്തഡോക്സ് സഭയോട് ഘടനയില്‍ മാത്രമല്ല യാദാസ്ഥിക കാഴ്ചപ്പാടിലും ബന്ധുത്വം പുലര്‍ത്തുന്നവര്‍ക്ക് അത് ബോധ്യപ്പെടണം എന്നില്ല.

പള്ളി/കൂടാരം എന്നത് തെരുവിലെ പോരാട്ടങ്ങള്‍ക്ക് വേണ്ടി ഒരു വിശ്വാസി തന്നെത്തന്നെ സമര്‍പ്പിക്കുന്നതും ദൈവത്തോട് നിരന്തരം സംവദിക്കുന്നതുമായ ഒരിടം ആണ്. തന്റെ നിയോഗത്തെ തിരയുന്ന ഒരുവളുടെ/ഒരുവന്റെ കത്തുന്ന മുള്‍പ്പടര്‍പ്പ് ആണത്. ആ വിശുദ്ധ ഇടത്തെ അധികാരത്തിന്റെയും സമ്പത്തിന്റെയും ലൈംഗിക അതിക്രമങ്ങളുടെയും ഇടമാക്കി എന്നതാണ് ഇന്ന് തെരുവില്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ദൈവശാസ്ത്രപരമായും ചരിത്രപരമായും സഭ എന്നാല്‍ തെരുവ് എന്ന് തന്നെയാണ് അര്‍ത്ഥം. അവിടെയാണ് നീതിക്ക് വേണ്ടിയുള്ള നിലവിളികളും പോരാട്ടങ്ങളും ഉണ്ടാകുക. വേദപുസ്തകത്തിലെ ദൈവം ജനങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കുന്ന അനുഭവമാണ് എന്ന് വേദപണ്ഡിതര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. തെരുവും അള്‍ത്താരയും രണ്ടല്ല. അതുകൊണ്ട് തന്നെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അള്‍ത്താരയിലെ വിശുദ്ധബലി തന്നെ എന്നതില്‍ സംശയമില്ല. തെരുവിലെ പോരാട്ടങ്ങളുടെ പേരില്‍ ആണല്ലോ ബിഷപ്പ് റോമീറോ അള്‍ത്താരയില്‍ വെടിയേറ്റ് മരിക്കുന്നത്. അതിലും വലിയ ദിവ്യബലി വേറെന്ത്?

Top