അയ്യപ്പനെ തൊഴാന്‍ വനിതകളെത്തും!! സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രകടനങ്ങളും പ്രതിഷേധങ്ങളും സംസ്ഥാനത്ത് ശക്തമാകുന്നതിനിടയിലും മലകയറാനും അയ്യപ്പനെ കാണാനുമായി സ്ത്രീകളടങ്ങുന്ന ഭക്തരുടെ സംഘം തയ്യാറെടുക്കുകയാണ്. പരസ്യമായി പ്രഖ്യാപിച്ച മലകയറാനെത്തുന്ന ശത്രീകളുടെ എണ്ണവും നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയാണ്. ഫെമിനിസ്റ്റുകളും വിശ്വാസി സമൂഹത്തിലുള്ളവരും ഇതിനായി ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഇത്തരത്തില്‍ ശബരിമലയില്‍ പോകാന്‍ തീരുമാനമെടുത്ത ജമ്മു കശ്മീര്‍ സ്വദേശിനിയുടെ ഫേസ്ബുക്ക പോസ്റ്റ് വൈറലാകുകയാണ്. കശ്മീര്‍ സ്വദേശിനിയും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്ന ശിവാനി സ്‌പോലിയാണ് ശബരിമല സന്ദര്‍ശിക്കാനെത്തുന്നതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മല ചവിട്ടാന്‍ മടിച്ചു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗാമിയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പിസി ജോര്‍ജ്ജും ഹിന്ദു സംഘടനകളും സ്ത്രീകളെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍, ക്ഷേത്രത്തിലെത്തുന്ന എല്ലാ സ്ത്രീകള്‍ക്കും സംരക്ഷണവും പിന്തുണയും നല്‍കണമെന്നും ശിവാനി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പരിഭാഷ:

ബഹുമാനപ്പെട്ട പിണറായി വിജയന്‍ സര്‍,

ഞാന്‍ ശിവാനി സ്‌പോലിയ. ജമ്മു കാശ്മീര്‍ ആണ് സ്വദേശം. മാധ്യമപ്രവര്‍ത്തകയായി ഡല്‍ഹിയില്‍ ജോലി നോക്കുന്നു. ശബരിമല ക്ഷേത്രത്തിലേക്ക് പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയ്‌ക്കൊപ്പം നില്‍ക്കുന്ന താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ആചാരങ്ങളുടെ പേരില്‍ സ്ത്രീകള്‍ വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങള്‍ക്ക് അവസാനം വരുത്താനുള്ള ഒരു ശ്രമം അത്യാവശ്യമായിരുന്നു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നും അറിയുന്നുണ്ട്. ശബരിമല ക്ഷേത്രത്തില്‍ പോകണമെന്ന് ഞാന്‍ തീരുമാനിക്കുന്നതും അങ്ങനെയാണ്. ഇതുവഴി ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് എന്റെ പിന്തുണ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമൂഹത്തോടുള്ള ഭയം നിമിത്തം മല ചവിട്ടാന്‍ മടിച്ചു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗാമിയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത സര്‍ക്കാരിനൊപ്പമാണ് ഞാനും.

പി സി ജോര്‍ജ്ജ് എംഎല്‍എയും ഏതാനും വര്‍ഘീയ സംഘടനകളും സുപ്രീം കോടതി വിധിയ്‌ക്കെതിരാണ് എന്ന് അറിയാന്‍ സാധിച്ചു. പി സി ജോര്‍ജ്ജിന്റെ മണ്ഡലമായ പൂഞ്ഞാറിലൂടെ ശബരിമലയിലേക്ക് സ്ത്രീകളെ കടത്തിവിടില്ല എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ട് ശബരിമല കയറാന്‍ എത്തുമ്പോള്‍ എന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അങ്ങയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എനിക്ക് മാത്രമല്ല അവിടെ എത്താന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും പിന്തുണയും സംരക്ഷണവും ആവശ്യമാണ്.

Latest
Widgets Magazine