ഷുഹൈബ് വധം: അക്രമിസംഘം ഉപയോഗിച്ച മൂന്ന് വാളുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് കൊലപാതകത്തില്‍ അക്രമി സംഘം ഉപയോഗിച്ചെന്നു കരുതുന്ന മൂന്ന് വാളുകള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെയായാണ് ആയുധം കണ്ടെത്തിയത്. വെള്ളിയാംപറമ്പില്‍ കാട് വെട്ടിതെളിക്കുന്ന തൊഴിലാളികളാണ് വാളുകള്‍ കണ്ടത്. ആയുധം കണ്ടെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു.

കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളായ എം.വി.ആകാശ്, രജിന്‍രാജ് എന്നിവരുമായി മൂന്നു ദിവസം പൊലീസ് തെളിവെടുപ്പു നടത്തിയെങ്കിലും ആയുധം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ചംഗ അക്രമിസംഘത്തില്‍ ഒരാളെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. എന്നിട്ടും ആയുധങ്ങള്‍ സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, എസ്പിയുടെ പ്രത്യേക സ്‌ക്വാഡില്‍ നേരത്തേയുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഷുഹൈബ് കേസ് അന്വേഷണ സംഘത്തില്‍ അംഗമാകാന്‍ വിസമ്മതിച്ചത് അന്വേഷണത്തിനു തിരിച്ചടിയാകുന്നതായി സൂചനയുണ്ട്. രാഷ്ട്രീയ കൊലപാതക കേസ് ആയതിനാലുള്ള സമ്മര്‍ദമാണു പൊലീസ് ഉദ്യോഗസ്ഥരുടെ വിസമ്മതത്തിനു പിറകില്‍. ടിപി കേസ് അടക്കമുള്ളവയില്‍ കണ്ണൂരില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ സിപിഎം നേതാക്കളുടെ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു.

ഷുഹൈബ് വധം സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ നടത്തിവന്ന നിരാഹാര സമരം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്.

എന്നാല്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം സുധാകരനോട് ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തുടര്‍സമരങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഒമ്പത് ദിവസം നീണ്ടു നിന്ന സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തലിലെത്തി നാരങ്ങാ നീര് നല്‍കിയാണ് അവസാനിപ്പിച്ചത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബാഗങ്ങളും സമരപ്പന്തലില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപ്പിള്ള, വയലാര്‍ രവി എന്നിവരും പരിപാടിക്കെത്തി. ഇതിനിടെ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് നല്‍കിയ ഹര്‍ജിയില്‍ അടുത്തയാഴ്ച സിബിഐ വിശദികരണം നല്‍കും.

Top