ഈ പിതാവിന്‍റെ കണ്ണുനീര്‍ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ;  ‘കണ്മുന്നിൽ’ മകൻ വെട്ടേറ്റു പിടഞ്ഞപ്പോള്‍ ഷുഹൈബിന്റെ ബാപ്പ പ്രാർഥിച്ചു– ഇനിയാർക്കും ഈ വിധി വരുത്തല്ലേ…

കണ്ണൂർ∙  മകൻ തെരുവിൽ പിട‍ഞ്ഞു വീണു മരിക്കുന്ന കാഴ്ച മുഹമ്മദ് കണ്ടു നിന്നു. മുഹമ്മദിനെ അറിയില്ലേ, ഷുഹബിന്റെ ബാപ്പ. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ കാഴ്ച കാണാൻ ശനിയാഴ്ച വൈകുന്നേരം കണ്ണൂർ പഴയ ബസ് സ്റ്റൻഡിലെ ആൾക്കൂട്ടത്തിനിടയിൽ മറഞ്ഞ് ആ പിതാവു നിന്നു, ഇനിയൊരു മകനും ഇങ്ങനെയൊരു വിധി ഉണ്ടാവരുതെന്ന പ്രാർഥനയോടെ… യൂത്ത് കോൺഗ്രസ് നേതാവു ഷുഹൈബിന്റെ കൊലപാതകം പ്രമേയമാക്കി അക്രമരാഷ്ട്രീയത്തിനെതിരെ കെപിസിസി സംസ്കാര സാസ്കാര സാഹിതി നടത്തുന്ന ‘വാളല്ലെൻ സമരായുധം’ കലാജാഥയിലെ തെരുവുനാടകം കാണാനാണു മുഹമ്മദ് മട്ടന്നൂരിൽ നിന്കണ്ണൂരിലെത്തിയത്. നാടകം കഴിഞ്ഞ ഉടൻ, എഴുതി സംവിധാനം ചെയ്ത ആര്യാടൻ ഷൗക്കത്തിന്റെ കൈപിടിച്ചു മുഹമ്മദ് പറഞ്ഞു: ഈ നാടകം എല്ലാവരും കാണട്ടെ. പരസ്പരം കൊന്നു തള്ളുന്നവരുടെ മനസ്സുമാറ്റാൻ ഇത്തരം സൃഷ്ടികൾക്കു കഴിയട്ടെ’…രണ്ടു ദിവസം മുൻപു കാസർകോട് ചെർക്കളയിൽ മുഹമ്മദ് തന്നെയാണു കലാജാഥ ഉദ്ഘാടനം ചെയ്തെങ്കിലും അന്നു നാടകം കാണാൻ നിൽക്കാതെ മടങ്ങുകയായിരുന്നു. ഷുഹൈബിന്റെ കഥയും നാടകത്തിലുണ്ടെന്നറിഞ്ഞാണ് ഇന്നലെ കണ്ണൂരിൽ കാണാനെനെത്തിയത്. നാടകം തീർന്ന ശേഷമാണ് ആൾക്കൂട്ടത്തിൽ മുഹമ്മദ് ഉള്ളതായി കോൺഗ്രസ് പ്രവർത്തകർ അറിഞ്ഞതും. നാടകപ്രവർത്തകരെ അഭിനന്ദനമറിയിച്ചാണു മുഹമ്മദ് മടങ്ങിയത്. കണ്ണൂരിലെ സ്വീകരണം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. അഡാർ ലൗ സിനിമയിലെ ഗാനത്തിനു വേണ്ടി വാദിക്കുന്നവർ ഷുഹൈബിനു ജീവിക്കാനുള്ള സ്വാതന്ത്ര്യവും ദലിത് യുവതിയായ ചിത്രലേഖയ്ക്കു തൊഴിലെടുക്കാനുള്ള അവകാശവും നിഷേധിക്കുകയാണ്. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാത്തവർ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചു മിണ്ടരുതെന്നും ഷൗക്കത്ത് പറഞ്ഞു. സംസ്‌ക്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ എൻ.വി പ്രദീപ്കുമാർ, ഭാരവാഹി അനി വർഗീസ്, ജില്ലാ കൺവീനർ പി.സി. രാമകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, ഡോ. വി.എ. അഗസ്റ്റിൻ, നാരായണൻ കോറമംഗലം എന്നിവർ പ്രസംഗിച്ചു. കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ നയിക്കുന്ന ജനമോചനയാത്രയുടെ മുന്നൊരുക്കവുമായി അതേ സ്വീകരണ കേന്ദ്രങ്ങളിലാണു തലേദിവസം നാടകം അവതരിപ്പിക്കുക.

Top