ശുഹൈബ് വധം; ക്വട്ടേഷൻ നൽകിയത് ഡിവൈഎഫ്ഐ നേതാവെന്ന് ആകാശിന്റെ മൊഴി

കണ്ണൂർ: ശുഹൈബ് വധത്തിൽ സിപിഎം നേതൃത്വത്തെ വെട്ടിലാക്കി സി.പി.എം പ്രവർത്തകനായ ആകാശ് തില്ലങ്കേരിയുടെ മൊഴി. ഡമ്മി പ്രതികളെ നൽകാമെന്ന് നേതൃത്വം ഉറപ്പ് നൽകിയെന്നും ക്വട്ടേഷൻ നൽകിയത് ഡിവൈഎഫ്ഐ നേതാവെന്നും ആകാശിന്റെ മൊഴി.

യൂത്ത് കോൺഗ്രസ് നേതാവായ ശുഹൈബിന്റെ കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്ന് സിപിഎം നേതാക്കൾ ആവർത്തിച്ച് പറയുന്നതിനിടക്കാണ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി പ്രതിയായ ആകാശ് തില്ലങ്കേരിയുടെ മൊഴി പുറത്ത് വന്നത്. കൊല നടത്താൻ പോകുമ്പോൾ തന്നെ ഡമ്മി പ്രതികളെ ഏർപ്പാടാക്കാമെന്ന ഉറപ്പു ലഭിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികളെ നൽകിയാൽ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കില്ല. അക്കാര്യം പാർട്ടി നോക്കിക്കൊള്ളുമെന്ന ഉറപ്പും ലഭിച്ചു. ശുഹൈബിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് പ്രാദേശിക ഡിവൈഎഫ്ഐ നേതാവാണെന്നും ആകാശ് മൊഴി നൽകി. മർദ്ദിച്ചാൽ പോരേയെന്ന് ചോദിച്ചപ്പോൾ വെട്ടണമെന്ന് ശഠിക്കുകയും ചെയ്തു.

ഭരണമുണ്ടെന്നും പാർട്ടി സഹായിക്കുമെന്നും നേതൃത്വം ഉറപ്പ് നൽകിയിരുന്നു. കൊലക്കു ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. മരണം ഉറപ്പായതിന് ശേഷമാണ് തങ്ങൾ ഒളിവിൽ പോയതെന്നും മൊഴിയിൽ പറയുന്നു. സംഭവത്തിന് ശേഷം രണ്ടു വണ്ടിയിലാണ് പോയത്.

കുട്ടത്തിലുള്ള ഡിവൈഎഫ്ഐ പ്രവർത്തകനാണ് ആയുധങ്ങൾ കൊണ്ടുപോയത്. എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്നും മൊഴിയിൽ പറയുന്നു. ആകാശിന്റെ മൊഴി കൂടി പുറത്ത് വന്നതോടെ കൊലയിൽ സിപിഎമ്മിന്റെ പങ്കും വ്യക്തമാവുകയാണ്.

Top