സംസ്ഥാന അവാര്‍ഡ് നഷ്ടപ്പെട്ടു, പകരം കിട്ടിയത് രാജ്യാന്തര പുരസ്‌കാരം; ജയറാമിന് നന്ദി പറഞ്ഞ് അഭിജിത്ത്

കൊച്ചി: കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പായ ബ്ലൂ സഫയര്‍ ഏര്‍പ്പെടുത്തിയ ടോറാന്റോ രാജ്യാന്തര സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ Tisfa ഫൗണ്ടറും ബ്ലൂ സഫയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിഇഒയുമായ അജീഷ് രാജേന്ദ്രനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാളം, തമിഴ് സിനിമാ വിഭാഗങ്ങളിലായി 25 കാറ്റഗറിയും സ്‌പെഷ്യല്‍ ജൂറി ഉള്‍പ്പടെ മുപ്പത് അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്.

മികച്ച ഗായകനായി തെരഞ്ഞെടുത്തത് അഭിജിത്ത് വിജയനെയാണ്. ജയറാമിന്റെ ആകാശമിഠായി എന്ന ചിത്രത്തിലെ പാട്ടിനാണ് അഭിജിത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് യേശുദാസിന്റെ സ്വരസാമ്യത്തിന്റെ പേരില്‍ അജിത്തിന് നല്‍കിയില്ല. മിമിക്രിയാണെന്ന് പറഞ്ഞാണ് ജൂറി അഭിജിത്തിനെ തഴഞ്ഞത്. ഇതിനുള്ള മധുര പ്രതികാരമാണ് ഈ അവാര്‍ഡെന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍

അവാര്‍ഡ് നേടാന്‍ കാരണം ജയറാമേട്ടനാണെന്നും അദ്ദേഹമാണ് തന്നെ പാട്ട് പാടാന്‍ ക്ഷണിച്ചതെന്നും അഭിജിത്ത് പറഞ്ഞു. തനിക്ക് വോട്ട് നല്‍കിയ ജനങ്ങള്‍ക്കും ആകാശമിഠായിലെ എല്ലാ അണിയറക്കാര്‍ക്കും അഭിജിത്ത് നന്ദിയറിയിച്ചു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച നടനായും, നിമിഷ സജയന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ സജീവ് പാഴൂര്‍ മികച്ച തിരക്കഥാകൃത്തായും, ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായും മാറി. മികച്ച ചിത്രവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും തന്നെയാണ്. മൊത്തം അഞ്ച് അവാര്‍ഡുകളാണ് ഈ ചിത്രം നേടിയത്.

ജയസൂര്യ മികച്ച ജനപ്രിയ താരമായി മാറി. തമിഴ് കാറ്റഗറിയില്‍ മികച്ച നടനായി പ്രേക്ഷകാംഗീകാരം നേടിയത് വിജയ് സേതുപതിയാണ്. വിക്രംവേദ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് വിജയ് സേതുപതിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അരുവി എന്ന ചിത്രത്തിലൂടെ അഥിതി ബാലന്‍ മികച്ച നടിയായി. വിജയികള്‍ക്ക് ടോറോന്റോയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

മലയാളത്തിലും തമിഴിലുമായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. മലയാളത്തില്‍ 15 കാറ്റഗറിയിലും തമിഴില്‍ 9 കാറ്റഗറിയിലുമായാണ് ആദ്യവര്‍ഷം അവാര്‍ഡ് നല്‍കുന്നത്. സൗത്ത് ഏഷ്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് വിദേശ എന്റര്‍ടൈന്‍മെന്റ് കമ്പനി ലോകമൊട്ടാകെയായി ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയും നോമിനേഷന്‍ കാറ്റഗറിയുടെയും അടിസ്ഥാനത്തില്‍ വിജയികളെ കണ്ടെത്തുന്നത്.

മറ്റ് അവാര്‍ഡുകള്‍

മികച്ച പുതുമുഖ നടന്‍ : ആന്റണി വര്‍ഗ്ഗീസ് ( ചിത്രം: അങ്കമാലി ഡയറീസ്)

മികച്ച പുതുമുഖ നടി : ഐശ്വര്യ ലക്ഷ്മി (ചിത്രം: മായാനദി )

മികച്ച ഛായാഗ്രഹകന്‍ : ലിറ്റില്‍ സ്വയമ്പ് (ചിത്രം: പറവ)

മികച്ച പുതുമുഖ സംവിധായകന്‍ : സൗബിന്‍ ഷാഹിര്‍ (ചിത്രം: പറവ )

മികച്ച സംഗീത സംവിധായകന്‍ : സൂരജ് എസ് കുറുപ്പ് (ചിത്രങ്ങള്‍: സോളോ, സഖാവ്, അലമാര)

മികച്ച ഗായകന്‍ : അഭിജിത്ത് വിജയന്‍ (ചിത്രം: ആകാശ മിഠായി)

മികച്ച ഗായിക : ശ്വേത മോഹന്‍ (ചിത്രം: മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍)

മികച്ച സഹനടന്‍ : കലാഭവന്‍ ഷാജോണ്‍ (ചിത്രങ്ങള്‍: ആകാശമിഠായി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍)

മികച്ച സഹനടി : ലെന (ചിത്രങ്ങള്‍ : ആദം ജോണ്‍, വിമാനം)

മലയാളം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍

സലിം കുമാര്‍ (സംവിധാനം) : ചിത്രം : കറുത്ത ജൂതന്‍

ആസിഫ് അലി (അഭിനയം) : ചിത്രം: കാറ്റ്

കുനാല്‍ കപൂര്‍ (അഭിനയം) : ചിത്രം : വീരം

സുരഭി ലക്ഷ്മി (അഭിനയം) : ചിത്രം : മിന്നാമിനുങ്ങ്

മലയാളം നോമിനേഷന്‍ കാറ്റഗറി: മികച്ച സംവിധായകന്‍: ചന്ദ്രന്‍ നരീക്കോട് (ചിത്രം: പാതി)

Latest
Widgets Magazine