അഭിജിത്തിന്റെ പാട്ട് ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്; ദാസേട്ടന്റെ സ്വരത്തിന് സാമ്യം വന്നുപോയതിന് അയാള്‍ എന്തു ചെയ്യാനാണ്?; വിമര്‍ശനവുമായി എം ജയചന്ദ്രന്‍

അഭിജിത്തിന് മികച്ച ഗായകനുള്ള പുരസ്‌കാരം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് എം ജയചന്ദ്രന്‍ രംഗത്ത്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ സ്വരമാധുര്യം അപ്പാടെ അനുകരിച്ചുവെന്നാരോപിച്ചാണ് അഭിജിത്തിന് പുരസ്‌കാരം നിഷേധിച്ചത്. ചലച്ചിത്ര രംഗത്ത് അധികം പാടിയിട്ടില്ലെങ്കിലും തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ ആല്‍ബങ്ങള്‍ ഉള്‍പ്പടെ രണ്ടായിരത്തോളം ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. മനംമയക്കുന്ന സ്വരമാധുര്യമായിട്ടും എന്തുകൊണ്ട് ഈ യുവഗായകനെ തള്ളിക്കളയുന്നു എന്ന് അദ്ദേഹം ചോദിക്കുന്നു. യേശുദാസിന്റെ ശബ്ദവുമായി സാമ്യം വന്നതുകൊണ്ട് അഭിജിത്ത് തെറ്റുകാരനാകുമോ? ജയചന്ദ്രന്‍ വിമര്‍ശിച്ചു. ‘അര്‍ജുനന്‍ മാസ്റ്ററാണ് അഭിജിത്തിനെ കൊണ്ടു പാടിച്ചത്. അതു തന്നെയാണ് ആദ്യത്തെ അവാര്‍ഡ്. യേശുദാസിനെ അനുകരിച്ചു നടക്കുന്നൊരാളെ അദ്ദേഹം പാടാനായി വിളിക്കുമോ? തീര്‍ച്ചയായും ഇല്ല. അങ്ങനെയൊരു ആരോപണം പറയുമ്പോള്‍ അത് അര്‍ജുനന്‍ മാസ്റ്ററിനെ കൂടിയാണ് ബാധിക്കുന്നതെന്ന വേദന എനിക്കുണ്ട്.’ ജയചന്ദ്രന്‍ പറയുന്നു. അഭിജിത്തിന്റെ പാട്ട് നേരിട്ട് കേട്ടിട്ടുണ്ട്. അദ്ദേഹം സ്റ്റുഡിയോയില്‍ പാടുന്നത് കേട്ടിട്ടുണ്ട്. ഒരിക്കലും അദ്ദേഹം ദാസേട്ടനെ അനുകരിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ സ്വരത്തോട് അഭിജിത്തിന്റെ സ്വരത്തിന് സാമ്യം വന്നുപോയതിന് എന്തു ചെയ്യാനാണ്? അഭിജിത് അതിന് എന്തു തെറ്റാണ് ചെയ്തത്? ആലാപനത്തിലെ ഭംഗിയും ആഴവുമാണ് പരമപ്രധാനമായി പുരസ്‌കാരത്തിനുള്ള യോഗ്യതയെന്നാണ് ഞാന്‍ കരുതുന്നത്. അത് അഭിജിത്തിനും വേണ്ടുവോളമുണ്ട്. അവിടെ സ്വരത്തിന് മറ്റാരുടേതെങ്കിലുമായി സാമ്യമുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അഭിജിത്തിന്റെ പാട്ട് കണ്ണടച്ചിരുന്നു കേട്ടാല്‍ ശരിക്കും ദാസേട്ടന്‍ പാടുന്നതു പോലെ തന്നെ തോന്നാറുണ്ട്. അദ്ദേഹം അനുകരിക്കാന്‍ ശ്രമിക്കുന്നതല്ലെന്ന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മുന്‍നിര്‍ത്തി വിശ്വസിക്കുന്നു. പിന്നെ സ്വരത്തിനു സാമ്യം വന്നുപോയാല്‍ ഒന്നും ചെയ്യാനാകില്ലല്ലോ. അതുകൊണ്ട് അദ്ദേഹത്തിനു പുരസ്‌കാരം നിഷേധിക്കേണ്ടിയിരുന്നില്ലെന്നതാണ് തന്റെ അഭിപ്രായം. ഗാനരചയിതാവ് രാജീവ് ആലുങ്കലിനു പറഞ്ഞു. സംസ്ഥാന പുരസ്‌കാരം നിഷേധിക്കപ്പെട്ടുവെങ്കിലും അതിലും വലിയൊരു അവാര്‍ഡ് തന്നെയാണ് അഭിജിത്തിന് ലഭ്യമായിരിക്കുന്നത്. അര്‍ജുനന്‍ മാസ്റ്റര്‍ പാടാന്‍ വിളിച്ചുവെന്നത് അക്ഷരാര്‍ത്ഥത്തില്‍ അഭിജിത്തിന് ഓസ്‌കര്‍ തന്നെയാണ്. അമ്ബത് വര്‍ഷമായി മലയാള സിനിമയില്‍ സജീവമായ ഒരുപാടു ഹിറ്റുകള്‍ സമ്മാനിച്ച അര്‍ജുനന്‍ മാസ്റ്ററിന്റെ ഒരു പാട്ട് പാടുക. ആ പാട്ട് ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ക്ക് മാസ്റ്ററിന് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിക്കുകയെന്നത് അഭിജിതത്തിന് മറ്റെന്തിനേക്കാളും ലഭ്യമാവുന്ന പുരസ്‌കാരമാണ്. അഭിജിത്തിനെ പോലെ ഈ ആരോപണം നേരിട്ട ഒരുപാട് വ്യക്തികളുണ്ട്. പന്തളം ബാലന്‍, മാര്‍ക്കോസ്, ജോളി എബ്രഹാം, ഉണ്ണി മേനോന്‍, സുദീപ് അങ്ങനെ പലരും…ഒരു പരിധിവരെ ഇവരെയൊക്കെ അത് ബാധിച്ചിട്ടുമുണ്ട്. പക്ഷേ അവരുടെ പാട്ട് കേട്ട് തീരുന്നതിനു മുന്‍പ് തന്നെ അത് യേശുദാസ് അല്ല പാടിയതെന്നു തെളിയിക്കുന്നൊരു ശൈലി അവരില്‍ ഉണ്ടായിരുന്നു. ശബ്ദത്തിലെ സാമ്യത്തെ ആലാപന ശൈലികൊണ്ട് മാറ്റിയിരുന്നു അവര്‍. നിര്‍ഭാഗ്യവശാല്‍ അഭിജിത്തിന്റെ സ്വരം ഇവരുടേതിനാക്കാള്‍ യേശുദാസിന്റെ സ്വരത്തോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നു മാത്രമല്ല, അഭിജിത്തിന്റെ പാട്ട് കേട്ടിരുന്നാല്‍ അത് അവസാനിക്കുമ്‌ബോള്‍ പോലും ദാസേട്ടനല്ല അത് അഭിജിത്താണ് പാടുന്നതെന്നു തെളിയിക്കുന്നൊരു ഘടകവും അവിടെ അനുഭവപ്പെടുന്നില്ലെന്നതാണ് വാസ്തവം. അദ്ദേഹം അനുകരിക്കുന്നില്ലെന്നു വിശ്വസിക്കുമ്‌ബോള്‍ പോലും ഞാന്‍ അനുഭവിക്കുന്ന സത്യം ഇതാണെന്നും ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Top