ഫ്രാങ്കോയുടെ അറസ്റ്റ് വൈകുംതോറും കെട്ടുകഥളുമായി സഭ ഇറങ്ങുമെന്ന് സിസ്റ്റര്‍ അനുപമ; അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകും

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഓരോ ദിവസം വൈകുമ്പോളും ഞങ്ങള്‍ക്കെതിരെ ഫ്രാങ്കോയും കത്തോലിക്കാസഭയും പുതിയ കെട്ടുകഥകളുമായി ഇറങ്ങുമെന്ന് സിസ്റ്റര്‍ അനുപമ. ഇനിയും വൈകിയാല്‍ ഞങ്ങള്‍ ഓരോ ദിവസവും കൂടുതല്‍ അപമാനിതരാകുമെന്നും പന്ത്രണ്ടാംദിവസവും സമരം തുടരുന്ന കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ അനുപമ പറഞ്ഞു. അറസ്റ്റ് വൈകിയാല്‍ ബിഷപ്പ് കൂടുതല്‍പേരെ സ്വാധീനിച്ച് നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുമോയെന്ന ഭയമുണ്ട്. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ അനുപമ.
എത്രയും വേഗം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീതി ലഭിക്കുന്നതിനായി ഏതറ്റംവരെ പോകാനും മടിയില്ല. ഇനിയൊരിക്കലും മറ്റൊരാള്‍ക്ക് കൂടി ഇത്തരത്തിലൊരു നീതിനിഷേധം ഉണ്ടായിക്കൂട. ഞങ്ങളൊരിക്കലും കള്ളം പറഞ്ഞിട്ടില്ല. ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റിയെങ്കിലും ഞങ്ങള്‍ നിരാശരല്ല, നല്ല വിധി കേള്‍ക്കാനാണ് കാത്തിരിക്കുന്നത്. ഇന്നലത്തെ ഹൈക്കോടതിയുടെ തീരുമാനം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. കന്യാസ്ത്രീ വൈരാഗ്യം തീര്‍ക്കുകയാണെന്ന ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം തെറ്റാണ്. ബിഷപ്പ് ഫ്രാങ്കോയാണ് യഥാര്‍ത്ഥത്തില്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുന്നത്. പീഡനശ്രമങ്ങളെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ബിഷപ്പിന്റെ ഇപ്പോഴത്തെ ആരോപണങ്ങള്‍. ഈ വൈരാഗ്യത്തിന്റെ തുടര്‍ച്ചയായാണ് ബിഷപ്പ് പരാതിക്കാരിയെ സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത്. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള വാദങ്ങളാണ് ബിഷപ്പ് ഉന്നയിക്കുന്നത്. എല്ലാ തെളിവുകളും നിക്കോളാസ് അച്ചനെ കാണിക്കാനാകില്ല. നിക്കോളാസ് അച്ചനെ ബിഷപ്പ് ഫ്രാങ്കോയുടെ ആളുകള്‍ സ്വാധീനിച്ചിട്ടുണ്ട്. സഭയെ അപമാനിക്കാനല്ല ഞങ്ങളുടെ സമരം. സഭയില്‍ നിന്ന് നീതി കിട്ടാത്തതുകൊണ്ടാണ് തെരുവില്‍ ഇറങ്ങേണ്ടി വന്നത്. ഫാ. ആന്റണി മാടശേരിയാണ് ബിഷപ്പിന് വേണ്ടി സിസ്റ്ററിനെതിരെ വ്യാജ തെളിവുകളുണ്ടാക്കിയത്. ഞങ്ങളുടെ കൈയിലുള്ള തെളിവുകളെല്ലാം ഇതിനോടകം പൊലീസിന് കൈമാറിക്കഴിഞ്ഞു. കേസില്‍ ഇനി തീരുമാനം എടുക്കേണ്ടത് പൊലീസാണ്. ബിഷപ്പിന്റെ അറസ്റ്റിനായി തങ്ങള്‍ കാത്തിരിപ്പ് തുടരുകയാണ്.

കൊച്ചിയില്‍ സമരത്തിനെത്തുമ്പോള്‍ പൊതുജനങ്ങളില്‍ നിന്നും ഇത്ര വലിയ പിന്തുണ പ്രതീക്ഷിച്ചിരുന്നില്ല. സഭ വാതിലുകള്‍ കൊട്ടിയടക്കുമ്പോള്‍ ഇവിടെ നിന്നും ലഭിക്കുന്ന ജനപിന്തുണ വലിയ ഊര്‍ജ്ജമാണ് പകരുന്നത്. ഇന്നലെ ഞങ്ങളെ കാണാനായി ഒരു സ്വാമി വീല്‍ച്ചെയറില്‍ സമരപ്പന്തലില്‍ എത്തിയിരുന്നു. കത്തോലിക്ക സഭ അത്രയെങ്കിലും പരിഗണന ഞങ്ങളോട് കാണിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം കൊതിച്ചുപോയി. നാനാജാതി മതസ്ഥരാണ് വ്യത്യാസങ്ങളെല്ലാം മറന്ന് ഞങ്ങളെ പിന്തുണച്ച് സമരപ്പന്തലിലെത്തുന്നതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top