മൃതദേഹത്തില്‍ രണ്ട് കൈകളിലെ ഞരമ്പുകളിലും മുറിവ് കണ്ടെത്തി; അസ്വഭാവിക മരണമെന്ന് പൊലീസ്; മരണത്തില്‍ ദുരൂഹതയേറുന്നു

കൊല്ലം: പത്തനാപുരത്ത് കോണ്‍വെന്റിനോട് ചേര്‍ന്ന കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യസ്ത്രീയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. ഓര്‍ത്തഡോക്‌സ് സഭ മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യു(54)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം എഡിഎം ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ് മോര്‍ട്ടം നടക്കും. സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കന്യാസ്ത്രീയുടെ സഹോദരി ലാലി രംഗത്ത് . കന്യാസ്ത്രീക്ക് നാളുകളായി മാനസിക വിഷമമുണ്ടായിരുന്നുവെന്നും തൈറോയിഡുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നുവെന്നും ലാലി മൊഴി നല്‍കി.

ചികിത്സയുമായി ബന്ധപ്പെട്ട് കന്യാസ്ത്രീക്ക് ഭയമുണ്ടായിരുന്നുവെന്നും ലാലി സൂചിപ്പിച്ചു. കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന് മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റ് അധികൃതര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സിസ്റ്റര്‍ സൂസന്‍ മാത്യുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കോണ്‍വെന്റ് അധികൃതര്‍ മൊഴി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീ രണ്ട് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മറ്റ് സിസ്റ്റര്‍മാര്‍ പ്രാര്‍ഥനയ്ക്ക് പോയ സമയത്താണ് മരണം. അതേസമയം, മഠത്തിലുള്ളവര്‍ നല്‍കിയ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ച് മരണ കാരണം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനായി സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. സിസ്റ്റര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന. തെളിവ് നശിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ നടപടികളും പൊലീസ് എടുത്തിട്ടുണ്ട്. കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറ്റിന്റെ പടികളിലും രക്തക്കറകള്‍ കണ്ടെത്തിയിരുന്നു. മുടി മുറിച്ച നിലയിലായിലായിരുന്നു. മുടിയുടെ ചില ഭാഗങ്ങള്‍ കന്യാസ്ത്രീയുടെ മുറിക്കുള്ളില്‍ നിന്നും പൊലീസ് കണ്ടെത്തി. മൗണ്ട് താബോര്‍ സ്‌കൂളിലെ അധ്യാപികയാണു സിസ്റ്റര്‍ സൂസമ്മ. ഞായറാഴ്ചയായിട്ടും ഇവരെ സമീപത്തെ പള്ളിയിലും ചാപ്പലിലും പ്രഭാത കുര്‍ബാനയ്ക്കും കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. പോലീസും ഫയര്‍ഫോഴ്‌സും എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയില്‍ കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകളും കണ്ടെത്തി. സിസ്റ്ററിന്റെ മുറിയില്‍ നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളുമുണ്ട്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ പരിശോധനകള്‍ക്കു പോയിരുന്നതായും തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും വിവരമുണ്ട്.

ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലപരിശോധന നടത്തി. മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാകാത്ത വിധം അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസിന് നല്‍കിയിട്ടുണ്ട്. കുര്‍ബാന രഹസ്യം ചോര്‍ത്തിയുള്ള പീഡനം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഏറെ തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീയുടെ കൊലപാതകമെത്തുന്നത്.

Top