നെറികേടുകള്‍ തുറഞ്ഞ് പറഞ്ഞാല്‍ മനോരോഗിയാക്കി ഭ്രാന്താശുപത്രിയില്‍ അടക്കും ;സഭയുടെ കാടത്തരം തുറന്ന് പറഞ്ഞ് സിസ്റ്റര്‍ ജെസ്മി

തിരുവനന്തപുരം: സഭയില്‍ നടക്കുന്ന നെറികേടുകള്‍ തുറഞ്ഞ് പറഞ്ഞാലോ പ്രതികരിച്ചാലോ വിശ്വാസികളെയും സന്യാസി സമൂഹത്തെയും മനോരോഗികളാക്കി ചിത്രീകരിച്ച് ഭ്രാന്താശുപത്രിയില്‍ അടയ്ക്കാറുണ്ടെന്ന് ആരോപിച്ച് സിസ്റ്റര്‍ ജെസ്മി രംഗത്ത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഓര്‍ത്തഡോക്‌സ് സഭയിലെ ചില വൈദികരും ലൈംഗിക പീഡന ആരോപണം നേരിടുന്ന പശ്ചാത്തലത്തിലാണ് സിസ്റ്ററിന്റെ പുതിയ വെളിപ്പെടുത്തല്‍. 2008ല്‍ സഭയെ ചോദ്യം ചെയ്ത് തിരുവസ്ത്രം ഉപേക്ഷിച്ച് സഭ വിട്ട ആളാണ് സിസ്റ്റര്‍ ജെസ്മി. സഭയ്‌ക്കെതിരെ പ്രതികരിക്കാന്‍ അതിന്റെ ഭാഗമായ സന്യാസി സമൂഹം തയാറാവില്ല. പ്രധാന കാരണം പേടിതന്നെയാണ്. പ്രതികരിക്കുന്നവരെ മാനസിക രോഗികളായി ചിത്രീകരിച്ച് ഭ്രാന്താശുപത്രികളില്‍ അടയ്ക്കും. താനും അതിന് ഇരയാകേണ്ടതാണെന്നും അതിന് മുമ്പ് രക്ഷപ്പെടുകയായിരുന്നുവെന്നും സിസ്റ്റര്‍ വ്യക്തമാക്കി.

സിസ്റ്റര്‍ ജെസ്മിയുടെ വാക്കുകള്‍:

തിരുവസ്ത്രം ഉപേക്ഷിച്ചിറങ്ങി മാസങ്ങള്‍ക്ക് ശേഷം സമാനമായ സാഹചര്യത്തില്‍ ജീവിക്കുന്ന പലരേയും താന്‍ നേരില്‍ കണ്ടത്. ഒരു സിസ്റ്ററെ മാനസികാരോഗ്യ ആശുപത്രിയില്‍ കാണാനിടയായി. എല്ലാവിധ സാമ്പത്തിക സഹായവും നല്‍കാം സഭയില്‍ നിന്ന് പുറത്തുവന്നുകൂടെ എന്ന് ഞാന്‍ ചോദിച്ചു. തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും സഭയിലായിരുന്നു. ശിഷ്ടകാലവും അതു മതി എന്നാണ് ആ സിസ്റ്റര്‍ പറഞ്ഞത്. സ്ത്രീകള്‍ മാത്രമല്ല, ഇത്തരത്തില്‍ ആറിലേറെ അച്ചന്മാരും ചികിത്സാ തടവില്‍ കഴിയുന്നുണ്ട്. ഒരു അച്ചന്‍ എന്നോട് പറഞ്ഞു, ഞാനും എഴുതിവച്ചിട്ടുണ്ട് ഒരു ആത്മകഥ, പക്ഷേ പേടിച്ചിട്ടാണ് പ്രസിദ്ധീകരിക്കാത്തത്. അത്തരത്തില്‍ ഒരുപാട് പേരുണ്ട് സഭയ്ക്കുള്ളില്‍. ചില സഭയിലെ വൈദികര്‍ക്ക് സ്വകാര്യ സ്വത്ത് അനുവദനീയമാണ്. കോടികള്‍ ആസ്തിയുള്ള ചില അച്ചന്മാര്‍ നമുക്കിടയിലുണ്ട്. അവര്‍ മരിക്കുമ്പോള്‍ ആ സ്വത്തിനായി തല്ലുകൂടാനെത്തുന്ന ബന്ധുക്കളെക്കുറിച്ചും കേട്ടിട്ടുണ്ട്. അച്ചന്മാരുടെ സ്വാതന്ത്ര്യം കന്യാസ്ത്രീകള്‍ക്കില്ല. അടച്ചു മൂടപ്പെട്ട ഒരു ജീവിതമാണവര്‍ നയിക്കുന്നത്. പുരുഷ മേധാവിത്വം കൊടികുത്തി വാഴുന്നു. ഒരു സ്ത്രീ ദൈവദാസിയാകാന്‍ തീരുമാനിച്ചാല്‍ അവരുടെ പരമ്പരാഗതമായ സ്വത്തും സഭയുടേതാകുന്നു. ഏതെങ്കിലും കാരണത്താല്‍ അവള്‍ക്ക് മഠത്തില്‍ നിന്ന് മടങ്ങേണ്ടി വന്നാല്‍ സ്വത്ത് തിരിച്ചു തരില്ല. മടങ്ങി വരുന്നവരുടെ ജീവിതം നരക തുല്യമായി മാറുന്നു.

Latest
Widgets Magazine