സഭാവസ്ത്രമോ സന്യാസജീവിതമോ ഉപേക്ഷിക്കില്ല; ദ്രോഹനടപടികള്‍ തുടര്‍ന്നാല്‍ സഭാധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കന്യാസ്ത്രീ മഠത്തിന്റെ നിയമാവലികളും സന്യാസ സഭയുടെ നിര്‍ദേശങ്ങളും താന്‍ ലംഘിച്ചിട്ടില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ദ്രോഹനടപടികള്‍ തുടര്‍ന്നാല്‍ സഭാധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും സിസ്റ്റര്‍ വ്യക്തമാക്കി. നിലവില്‍ ചില മേലധികാരികള്‍ തനിക്കെതിരെ ഏകപക്ഷീയ അധിക്ഷേപങ്ങളാണ് പടച്ചുവിടുന്നത്. ഇടുങ്ങിയ മനഃസാക്ഷിക്കാരാണിവര്‍. കഴിഞ്ഞദിവസം കാനോനിക നിയമപ്രകാരമുള്ള അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ കാണിച്ച് സുപ്പീരിയര്‍ ജനറല്‍ നല്‍കിയ കത്തിന് മറുപടി നല്‍കും.

നിലവില്‍ പലയിടത്തുനിന്നും ഭീഷണിയുയര്‍ന്നുവരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍തന്നെ അധിക്ഷേപിക്കാന്‍ ചില സന്യസ്തരടക്കം വലിയൊരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും ഭീഷണിയുടെ സ്വരമാണ്. താന്‍ സഭാവസ്ത്രമോ സന്യാസജീവിതമോ ഉപേക്ഷിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. അത് തന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അതിന് ഭീഷണിയുയര്‍ത്തുന്ന നിലയില്‍ തനിക്കെതിരെ നടപടിക്ക് എഫ്.സി.സി നേതൃത്വം മുതിര്‍ന്നാല്‍ കോടതിയെ സമീപിക്കുകയല്ലാതെ രക്ഷയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനിത ജേണലിസ്റ്റിനെ മുറിയില്‍ തങ്ങാന്‍ അനുവദിച്ചുവെന്ന ആരോപണമാണ് പുതിയതായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. തന്റെ ബന്ധുവും പത്രപ്രവര്‍ത്തകയുമായ യുവതി കാണാനെത്തിയപ്പോള്‍ അവര്‍തന്നെ പുറത്ത് മുറി എടുത്തിരുന്നുവെങ്കിലും തന്റെ മുറിയില്‍ തങ്ങാന്‍ ക്ഷണിച്ചത് മനുഷ്യത്വം മൂലമാണ്. മഠത്തിലെ സഹസന്യാസിമാര്‍ ഭൂരിഭാഗവും തന്നോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയാണ്.

താന്‍ മഠത്തിലെ കൂട്ടുപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ലെന്നാണ് കഴിഞ്ഞദിവസം ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിലെ മറ്റൊരാരോപണം. എന്നാല്‍, ആരും മിണ്ടാന്‍പോലും കൂട്ടാക്കാത്ത സ്ഥലത്ത് ഇതെങ്ങനെ സാധിക്കാനാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മാനന്തവാടി കാരക്കാമല എഫ്.സി കോണ്‍വെന്റിലെ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് സുപ്പീരിയര്‍ ജനറലില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്. ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസിയെ കാരക്കാമല ഇടവകയില്‍ മതബോധന ക്ലാസെടുക്കുന്നതില്‍നിന്ന് വിലക്കിയ അധികൃതരുടെ തീരുമാനം ഒരുവിഭാഗം ഇടവക ജനങ്ങള്‍ പ്രതിഷേധിച്ചതോടെ പിന്‍വലിച്ചിരുന്നു.

ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക വിവാദത്തില്‍ നടപടിയാവശ്യപ്പെട്ട് ഒരുവിഭാഗം കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരവേദിയില്‍ സിസ്റ്റര്‍ ലൂസി പ്രത്യക്ഷപ്പെട്ടത് സഭാധികൃതരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു.

Top