സമര ഭൂമികയില്‍ പുതു ചരിത്രമെഴുതി യുവത്വം തലസ്ഥാനത്ത്; ശ്രീജിത്തിനായി നഗരം ജന സമുദ്രമായി; പ്രായഭേതമില്ലാതെ കൊടികളില്ലാതെ ഒരൊറ്റ ആവശ്യത്തില്‍ ജനം

തിരുവനന്തപുരം: ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിലെ വീഥി അവിസ്മരണീയമായൊരു പുതുസമരത്തിന്റെ ചരിത്രമെഴുതി. സമരങ്ങള്‍ക്ക പഞ്ഞമില്ലാത്ത സ്ഥലത്ത് ആദ്യമായി പ്രത്യേക കൊടിയുടേയോ രാഷട്രീയത്തിന്റെയോ കീഴിലല്ലാതെ ജനം ഒഴുകിയെത്തി. പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം എന്ന ഹാഷ്ടാഗിന് കീഴില്‍ യുവജനങ്ങള്‍ ഒന്നായി. കൂട്ടത്തില്‍ വൃദ്ധരും കുട്ടികളും അങ്ങനെ പ്രായഭേതമില്ലാതെ ജനങ്ങള്‍ ഒഴുകിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തലസ്ഥാന നഗരി ശാന്തമായൊരു പ്രതിഷേധ കടലായി.

സഹോദരന്റെ മരണത്തില്‍ കുറ്റക്കാരായിട്ടുള്ള പൊലീസുകാര്‍ക്കെതികരെ സമാധാനപരമായി ശ്രീജിത്ത് നയിക്കുന്ന സമരം 765 ദിവസം പൂര്‍ത്തിയായി. ആരും തിരിഞ്ഞ് നോക്കാനില്ലാത്ത സമരം പെട്ടെന്ന് കത്തിപ്പടരുകയായിരുന്നു. ഏഷ്യാനെറ്റ് വെബ് ചെയ്ത ഒരു ചെറു വീഡിയോ ആണ് ശ്രൂജിത്തിന്റെ സമരത്തെ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാക്കി മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരവധിപ്പേരാണ് ഇക്കഴിഞ്ഞ രണ്ട് ദിവസമായി ശ്രീജിത്തിനെ കാണാനെത്തിയിരുന്നത്. രണ്ട് ദിവസമായി നിരവധിയാളുകളെത്തിയിരുന്നുവെങ്കിലും ഇന്ന് ഇത്രയും ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തുമെന്ന് ആഹ്വാനം ചെയ്തവര്‍ പോലും പ്രതീക്ഷിച്ചുകാണില്ല. പതിനായിരകണക്കിന് ആളുകളാണ് ഇന്ന് തലസ്ഥാന നഗരത്തിലേക്ക് ശ്രീജിത്തിനെ കാണാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് പ്രതിഷേധ കൂട്ടായ്മ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രാവിലെ ആറര മണി മുതല്‍ തന്നെ ശ്രീജിത്തിനെ കാണാന്‍ ആളുകള്‍ എത്തിയിരുന്നു. ആരും തിരിഞ്ഞ് നോക്കാനില്ലാതിരുന്ന തന്റെയടുത്തേക്ക് ഇത്രയും പേര്‍ എത്തുകയും ഒപ്പം നടന്‍ ടോവിനോ തന്നെ നേരിട്ടെത്തുകയും ചെയ്തപ്പോള്‍ ആവേശക്കടലായി മാറുകയായിരുന്നു സെക്രട്ടേറിയറ്റ് പരിസരം.

ശ്രീജിത്തിന്റെ അടുതെത്തുന്നവരുടെ തിരക്ക് കാരണം കയറ് കെട്ടി ശ്രീജിത്ത് കിടന്നിരുന്ന സ്ഥലം അടച്ചിരുന്നു.ശ്രീജിത്തിനെ നേരിട്ട് കാണാനായി സ്ഥിരം അയാള്‍ ഇരിക്കുന്ന മരത്തിന്റെ ചുവട്ടിലേക്ക് നിരവധിപേരെത്തിയതോടെ തിരക്ക് നിയന്ത്രിക്കാനും അധികൃതര്‍ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. വിവിധ ഫേസ്ബുക്ക് വാട്‌സാപ്പ് ഗ്രൂപ്പുകളുടെ ആഹ്വാനവും സോഷ്യല്‍ മീഡിയയിലെ പ്രചരണവും കണ്ടാണ് തങ്ങള്‍ ഈ സമരത്തിന് എത്തിയത് എന്നാണ് ഭൂരിഭാഗം സമരക്കാരും മറുനാടന്‍ മലയാളിയോട് പറഞ്ഞത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആഹ്വാനമില്ലാതെ ഒരു സല്‍പ്രവര്‍ത്തിക്ക് വേണ്ടി നടത്തിയ സമരത്തെ പതിവിന് വിപരീതമായി തലസ്ഥാന നഗരവാസികള്‍ പുകഴ്ത്തുകയും അതിലുപരി സമരത്തില്‍ പങ്കാളിയാവുകയും ചെയ്തു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ സാമൂഹ്യമാധ്യമ കൂട്ടായ്മകളുടെ ഭാഗമായുള്ള ചെറുപ്പക്കാരാണ് സമരത്തില്‍ അണിനിരന്നത്. രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അഥീതമായി മനുഷ്യത്വമാണ് ഉയര്‍ന്ന് നില്‍ക്കേണ്ടത് എന്നതിന്റെ തെളിവാണ് സമരത്തിലെ ജനപങ്കാളിത്തം. രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തങ്ങളുടെ സമര പരിപാടികളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന കാലത്ത് കുട്ടികളും കുടുംബവും സഹിതം സമരത്തിന് നിരവധിപേരെത്തി. ഇതും സമരത്തില്‍ അപൂര്‍വ്വമായ ഒരു കാഴ്ചയായി. ഇന്നല രാത്രി വൈകിയും ഏകദേശം ഒന്നര മണിവരെ ശ്രീജിത്തിനൊപ്പം നിരവധി സ്ത്രീകള്‍ സമര വേദിയിലുണ്ടായിരുന്നു.

ഇന്ന് രാവിലെ മുതല്‍ എത്തിയ ആളുകള്‍ 10 മണിയായതോട്കൂടി സെക്രട്ടേറിയറ്റിന് മുന്നില്‍ ഉള്‍ക്കൊള്ളാനാവുന്നതിലുമധികമായതോടെ ഗതാഗതം പോലും തടസ്സപ്പെട്ടേക്കുമെന്ന അവസ്ഥയായി. വന്നവരുടെയെല്ലാം ഒപ്പ് ശേഖരണം നടത്തിയ ശേഷം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്നതിനായുള്ള നിവേദനവും തയ്യാറാക്കുന്നുണ്ട്, ഒപ്പ് ശേഖരണത്തിന് ശേഷം സമരക്കാരെ്‌ലലാം രക്തസാക്ഷി മമ്ഡപത്തിന്റെ മുന്നിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. അവിടെ ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകളെത്തിയതോടെ പറഞ്ഞ സമയത്തിലും നേരത്തെ ജാഥ തുടങ്ങേണ്ടി വന്നു സംഘാടകര്‍ക്ക്. ഒരു രകാഷ്ട്രീയപാര്‍ട്ടിയുടേയും പേര് പറഞ്ഞ പരസ്പരം തര്‍ക്കമുണ്ടാകാതിരിക്കാന്‍ സമരക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ശ്രീജിത്തിന് നീതി എന്നല്ലാതെ മറ്റൊരു മുദ്രാവാക്യം ആരു തന്നെ മുഴക്കിയില്ല.ഇത്രയും കാലം ശ്രീജിത്തിനെ ഒരു സാംസ്‌കാരിക നായകനോ രാഷ്ട്രീയക്കാരനോ തിരിഞ്ഞ്‌നോക്കാതെയിരുന്നതിലുള്ള അമര്‍ഷവും സമരത്തിന് പങ്കെടുക്കാനെത്തിയവര്‍ പ്രകടിപ്പിച്ചു.കേരളത്തിന് പുറത്ത് നിന്ന് പടിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു. നടന്‍ ടോവിനോ സമര വേദിയിലെത്തിയതോടെ കൂടുതല്‍ ആവേശമായി മാറുകയായിരുന്നു.വി എം സുധീരന്‍ എത്തി ശ്രീജിത്തിനെ കണ്ട് മടങ്ങിയ ശേഷമാണ് ടൊവിനോ തോമസും സ്ഥലത്തെത്തിയത്. നീല ഷര്‍ട്ടും ജീന്‍സും ധരിച്ചെത്തിയ ടൊവിനോ ശ്രീജിത്തിന് ഒപ്പമിരുന്ന കാര്യങ്ങള്‍ തിരക്കി. സുഹൃത്തുക്കളോടാണ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചത്.

തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം നിയമം അനുശാസിക്കുന്ന രീതിയില്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടനയിലുള്ള വിശ്വാസം തിരിച്ചു പിടിക്കാന്‍ പറ്റുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വന്നവര്‍ സമാധാനപരമായാണ് സമരം ചെയ്യുന്നത്. ഇത് കാണേണ്ടവര്‍ കാണുകയും ചെയ്യേണ്ടവര്‍ വേണ്ടത് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ശ്രീജിത്തിന് തന്റെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ടൊവിനൊ പറഞ്ഞു. നേരത്തെ നിവിന്‍ പോളി, ജൂഡ് ആന്റണി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു.

സമരത്തില്‍ പങ്കെടുത്തവര്‍ ജാഥയായി സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോയപ്പോള്‍ ശ്രീജിത്തിന് തന്നെ പിന്തുണയാക്കാനെത്തിയവരെ കാണാനും അവസരമൊരുക്കിയിരുന്നു. ഇത്രയും പിന്തുണയോ എന്ന രീതിയിലായിരുന്നു ശ്രീജിത്ത് ഇവരെ നോക്കി കണ്ടത്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന മുദ്രാവാക്യവിളികള്‍ ചിരിയോടെയാണ് ശ്രീജിത്ത് നോക്കി കണ്ടത്.അധികാരികള്‍ക്കെതിരേയും പൊലീസിനെതിരേയും വലിയ രീതിയില്‍ പരിഹസിക്കുന്ന മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്. എന്തായാലും 765 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്ത് ഒറ്റയ്ക്കല്ലെന്ന് വിളിച്ച് പറയുന്നതായിരുന്നു നേതാക്കളില്ലാത്ത ഈ സമരം.

2015 മെയ് മുതലാണ് സഹോദരന്‍ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയല്‍ക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരന്‍-രമണി എന്നിവരുടെ മൂന്നു ആണ്‍മക്കളില്‍ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയല്‍വാസിയായ പെണ്‍കുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് എറണാകുളത്തേക്ക് മൊബൈല്‍ റിപ്പയറിംങ്ങ് ഷോപ്പില്‍ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാര്‍ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. ശ്രീജിവ് എത്തിയാല്‍ ഉടന്‍ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാന്‍ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറില്‍ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ അന്വേഷച്ചെങ്കിലും അവര്‍ക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയില്‍ വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും അറിയിച്ചു. തുടര്‍ന്ന് ആശുപത്രയിലെത്തിയപ്പോള്‍ കണ്ടത് കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിര്‍ത്തിയില്‍ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും ശ്രീജിത് പറയുന്നു.

Top