സോളാർ കേസിൽ ഉമ്മൻചാണ്ടിക്കു നുണപരിശോധന: തെളിവ് ശക്തമാക്കാൻ പിണറായി സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും സോളാർ കേസിലെ പരാതിക്കാരിയായ സരിത എസ്.നായർക്കും നുണ പരിശോധന വന്നേക്കും. ഇരുവരെയും നുണപരിശോധനയ്ക്കു വിധേയനാക്കുന്നതിന്റെ സാങ്കേതികത്വവും സോളാർ കേസിന്റെ തുടർ അന്വേഷണത്തിൽ പൊലീസ് സംഘം പരിശോധിക്കുമെന്നാണ് സൂചന.
അഴിമതി ആരോപണത്തിനു പിന്നാലെ ബലാത്സംഗക്കുറ്റമടക്കം അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തപ്പെട്ട ഉന്നത നേതാക്കളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന നിലപാടാണ് ആഭ്യന്തര വകുപ്പിലെ ഉന്നതർക്കുള്ളത്.

രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുന്ന പശ്ചാത്തലത്തിൽ നുണപരിശോധനയിലൂടെ കാര്യങ്ങൾ പൊതു സമൂഹത്തിനും വ്യക്തമാകുമല്ലോ എന്ന നിലപാട് സി.പി.എം നേതാക്കൾക്കുമുണ്ട്.

ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് തീരുമാനമെടുക്കേണ്ടത് എന്നതിനാൽ കൂടുതൽ പ്രതികരിക്കാൻ ബന്ധപ്പെട്ടവർ ഇപ്പോൾ തയ്യാറല്ല.

അതേസമയം അന്വേഷണം ഏറ്റെടുത്ത് കേസ് രജിസ്റ്റർ ചെയ്താലും പെട്ടന്ന് തന്നെ അറസ്റ്റ് പോലുള്ള നടപടിയിലേക്ക് അന്വേഷണ സംഘം കടക്കില്ലെന്നാണ് അറിയുന്നത്.

സരിതയുടെ മൊഴി രേഖപ്പെടുത്തി സാക്ഷിമൊഴികളും കുറ്റകൃത്യം നടന്ന സ്ഥലങ്ങളും പരിശോധിച്ച് അന്വേഷണത്തിൽ പുരോഗതിയുണ്ടാക്കിയ ശേഷമേ ഉമ്മൻചാണ്ടിയടക്കമുള്ളവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയുള്ളൂ എന്നാണ് സൂചന.

മാനഭംഗക്കുറ്റം ആരോപിക്കപ്പെട്ട ഉമ്മൻ ചാണ്ടി, എ.പി അനിൽകുമാർ, കെ.സി വേണുഗോപാൽ, ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ജോസ്.കെ.മാണി, പളനിമാണിക്യം, എൻ.സുബ്രഹമണ്യൻ, എ.ഡി.ജി.പി പത്മകുമാർ എന്നിവരെ ചോദ്യം ചെയ്തതിനു ശേഷം പിന്നീട് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടാൽ അത് വലിയ വിവാദത്തിന് തന്നെ തിരികൊളുത്തിയേക്കുമെന്ന ഭയവും ഉന്നതർക്കുണ്ട്.

നടൻ ദിലീപിനെ, നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് 85 ദിവസം തുറങ്കിലടച്ചതിനാൽ നാട് ഭരിച്ച മുൻ മന്ത്രിമാരുടെയും, എം പി, എം.എൽ.എ, എ.ഡി.ജി.പി എന്നിവരുടെയും കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടായാൽ പൊലീസിന് മറുപടി പറയേണ്ടി വരും.

അത്തരമൊരു സാഹചര്യം പിണറായി സർക്കാർ ഒരിക്കലും ആഗ്രഹിക്കുന്നുമില്ല.

ചോദ്യം ചെയ്യാൻ വിളിക്കുന്നതിനു മുൻപ് തന്നെ മുൻകൂർ ജാമ്യം തേടി നേതാക്കൾ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയും നിലവിലുണ്ട്.

എ.ഡി.ജി.പി രാജേഷ് ദിവാൻ നയിക്കുന്ന അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ എന്തായിരിക്കുമെന്നതിനെ അനുസരിച്ചായിരിക്കും ഇവരുടെ മറ്റു നീക്കങ്ങൾ.

അറസ്റ്റ് നടന്നാൽ പെട്ടന്ന് ജാമ്യം ലഭിക്കാനുള്ള സാധ്യതയില്ലെന്ന് ദിലീപിന്റെ ‘അനുഭവം’ മുൻനിർത്തി യു.ഡി.എഫ് നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്.

സമൂഹത്തിൽ വൻ സ്വാധീന ശക്തിയുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും, തെളിവുകൾ നശിപ്പിക്കുമെന്നുമൊക്കെ ദിലീപ് കേസിൽ കോടതിയിൽ പറഞ്ഞ പ്രോസിക്യൂഷൻ മുൻ മുഖ്യമന്ത്രി ഉൾപ്പെട്ട കേസിൽ എന്താണ് പറയുക എന്ന് യു.ഡി.എഫ് നേതാക്കൾക്കു നല്ല ‘ബോധ്യമുണ്ട് ‘

അതു കൊണ്ട് തന്നെ അറസ്റ്റ് ഏത് വിധേയനേയും ഒഴിവാക്കുക എന്നതാണ് നേതാക്കളുടെ പ്രഥമ ലക്ഷ്യമത്രെ.

ഒരിക്കൽ സല്യൂട്ടടിച്ച കൈകൾ ചോദ്യശരങ്ങൾ ഉയർത്തുമ്പോൾ വിയർക്കാതെ മറുപടി പറയാൻ ചോദ്യം ചെയ്യലിന് വിധേയരാവുന്ന ഉന്നതർക്ക് ഇനി കഴിയുമോ എന്നത് പൊലീസ് സേനയും ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ്.

നുണ പരിശോധന വേണമെന്ന ആവശ്യം അനോഷണ സംഘം കോടതിയിൽ മുന്നോട്ടുവച്ചാൽ അതിനോട് പ്രതികൾ മുഖം തിരിച്ചാൽ, നുണപരിശോധന നടക്കില്ലങ്കിലും പൊതു സമൂഹത്തിനു മുന്നിൽ ഇവർ കുറ്റക്കാരായി ചിത്രീകരിക്കപ്പെടാൻ സാധ്യത കൂടുതലാണ്.

ലോക് സഭാ തിരഞ്ഞെടുപ്പു അടുത്തിരിക്കെ ഭണപക്ഷത്തെ സംബന്ധിച്ച് ഇത്തരമൊരു നിലപാട് യു.ഡി.എഫിനെ അടിക്കാനുള്ള വലിയ വടിയുമാകും.

ഇനി നുണ പരിശോധനക്ക് നേതാക്കൾ തയ്യാറാവുകയും പരിശോധനാ ഫലം അവർക്ക് അനുകൂലമാവുകയും ചെയ്താൽ അത് യു.ഡി.എഫിനെ സംബന്ധിച്ച് വലിയ പിടിവള്ളിയാകും.

കേസിന്റെ നിലനിൽപ്പിന് പോലും അത് തിരിച്ചടിയുമാകും.

Latest
Widgets Magazine