സോളാർ കേരളത്തിൽ കോൺഗ്രസിന്റെ ചരമക്കുറിപ്പ്; സരിതയുടെ സാരിത്തുമ്പിൽ എ ഗ്രൂപ്പിന്റെ ആത്മഹത്യ; തിരഞ്ഞെടുപ്പുകളിൽ സോളാർ ആയുധമാകും

പൊളിറ്റിക്കൽ ഡെസ്‌ക്

കൊച്ചി: കേരളത്തിലെ ഉമ്മൻചാണ്ടി സർക്കാരിന്റെ പതനത്തിനു തന്നെ കാരണമായ സോളാർ കേസ് കോൺഗ്രസ് പാർട്ടിയുടെ ചരമക്കുറിപ്പ് എഴുതുന്നു. കോൺഗ്രസിലെ ഒരു പ്രബല വിഭാഗം തന്നെ സോളാറിൽ കുടുങ്ങിയതോടെ സരിത എസ്.നായരുടെ സാരിത്തുമ്പിൽ തൂങ്ങിച്ചാകുന്നത് കോൺഗ്രസിലെ എ ഗ്രൂപ്പാണ്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളെല്ലാം തന്നെ സരിതയുടെ കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ എത്തിനിൽക്കെ, സോളാർ കേസിൽ ക്രിമിനൽ നടപടിയും, വിജിലൻസ് കേസും തിരിച്ചടിയാകുക എ ഗ്രൂപ്പിനു തന്നെയാകും.
എ.ഐസിസി തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംഘടനാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കേരളത്തിൽ നടക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പിന്റെ വീര്യം തന്നെ ചോർത്തിക്കളയുന്ന സോളാർ കേസ് രംഗത്ത് എത്തിയത്. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് സോളാർ കേസിന്റെ റിപ്പോർട്ട് പുറത്തുവിട്ടതെങ്കിലും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിനെ തന്നെയാണ്. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ തന്ത്രങ്ങൾ അണിയറയിൽ മെനഞ്ഞ കോൺഗ്രസിലെ എ ഗ്രൂപ്പിനു കനത്ത തിരിച്ചടിയായിരിക്കുകയാണ് ഇപ്പോൾ സോളാർ കേസ്.
എ ഗ്രൂപ്പിന്റെ കരുത്തനായ നേതാവ് ഉമ്മൻചാണ്ടിയെയോ, ഉമ്മൻചാണ്ടി നിർദേശിക്കുന്ന ആളെയോ സമവായത്തിലൂടെ കെപിസിസി പ്രസിഡന്റാക്കുകയായിരുന്നു എ ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. കെ.പിസിസി പ്രസിഡന്‌റ് സ്ഥാനത്തേയ്ക്ക് എഗ്രൂപ്പ് പരിഗണിച്ചിരുന്ന പേരുകളിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും, ബെന്നി ബെഹന്നാന്റെയും പേരുകളായിരുന്നു മുൻപന്തിയിൽ. സോളാർ കേസിൽ കുടുങ്ങിയതോടെ ഈ രണ്ടു പേരുകളും ഇനി ഹൈക്കമാൻഡിനു മുന്നിൽ പരിഗണിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഐ ഗ്രൂപ്പും രമേശ് ചെന്നിത്തലയും രംഗത്ത് ഇറങ്ങുന്നത്.
കോൺഗ്രസ് പാർട്ടിയെയും യുഡിഎഫിനെയും പ്രതിരോധത്തിലാക്കിയ സോളാർ കേസ് സിപിഎമ്മും ഇടതു മുന്നണിയും അടുത്ത തിരഞ്ഞെടുപ്പുകളിലെല്ലാം സോളാർ കേസ് പ്രചാരണ വിഷയമാക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ ഉമ്മൻചാണ്ടിയും – സരിതയും ഉള്ള കാലത്തോളം സോളാർ കേസ് വീണ്ടും വീണ്ടും ചർച്ചയാകുമെന്നു ഉറപ്പാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top