ദാവൂദിന്റെ ആളുകള്‍ ഇപ്പോഴും മുംബൈ പോലീസിലുണ്ടെന്ന് ഛോട്ടാ രാജന്‍

ബാലി: ദാവൂദ് ഇബ്രാഹിമിന്റെ ആളുകള്‍ ഇപ്പോഴും മുംബൈ പോലീസിലുണ്ടെന്ന് ബാലിയില്‍ അറസ്റ്റിലായ അധോലോക നേതാവ് ഛോട്ടാ രാജന്‍ ആരോപിച്ചു. മുംബൈ പൊലീസിലുള്ള ചിലര്‍ ഇപ്പോഴും ഇന്ത്യ അന്വേഷിക്കുന്ന അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും ഛോട്ടാരാജന്‍ ആരോപിച്ചു. മുംബൈ പൊലീസില്‍ നിന്ന് തനിക്ക് അനീതി മാത്രമാണ് ലഭിച്ചിട്ടുള്ളത്. മുംബൈയിലേക്ക് തന്നെ കൊണ്ടു പോകരുതെന്നും ദില്ലിയിലെത്തിക്കണമെന്നുമാണ് ബാലിയില്‍ കഴിഞ്ഞ മാസം 25ന് അറസ്റ്റിലായ അധോലോക നേതാവ് ഛോട്ടാരാജന്‍ ആവശ്യപ്പെടുന്നത്. ദാവൂദിനെ പേടിയില്ലെന്ന് പറഞ്ഞ രാജന്‍ ജീവനുള്ളിടത്തോളം ദാവൂദിനും തീവ്രവാദത്തിനുമെതിരായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. രാജനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായാണ് വിവരം.ഛോട്ടാ രാജനെ രണ്ട് ദിവസത്തിനകം ഇന്ത്യയിലെത്തിച്ചേക്കും. രാജനെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഇന്തോനേഷ്യയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിനിടെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദിന്റെ സംഘടനയായ ജമാഅത് ഉദ്ദവ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭാഗമാണെന്ന് പാകിസ്ഥാന്‍ സമ്മതിച്ചു. തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയുള്ള ഉത്തരവിലാണ് സര്‍ക്കാര്‍ ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്.

Top