ധോണിയെ ക്യാപ്റ്റന്‍ ആക്കേണ്ടതുണ്ടോ? ഇന്ത്യയെ നയിക്കുന്നതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ടോയെന്നും ഗാംഗുലി

06DMCSAURAV_GANGUL

ദില്ലി: മഹേന്ദ്രസിങ് ധോണിയുടെ ക്യാപ്റ്റന്‍ പദവിയെ ചോദ്യം ചെയ്ത് മുന്‍ നായകന്‍ സൗരവ് ഗാംഗുലി എത്തി. ഇനിയും ഇന്ത്യയെ നയിക്കാനുള്ള കഴിവ് ധോണിക്കുണ്ടോയെന്നാണ് ഗാംഗുലി ചോദിക്കുന്നത്. ഇനി മുന്നോട്ടു പോകുന്നത് കുറച്ച് കൂടി കരുതലോടു കൂടിയാവണം. ഇന്ത്യയുടെ നിയന്ത്രിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയെ കുറിച്ച് കരുതല്‍ വേണമെന്ന അഭിപ്രായമാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കുള്ളത്.

അടുത്ത ഏകദിന ലോകകപ്പും ട്വിന്റി 20 ലോകകപ്പും മുന്‍കൂട്ടിക്കണ്ടുവേണം സെലക്ടര്‍മാര്‍ മുന്നോട്ടുപോകേണ്ടതെന്നും ആ സന്ദര്‍ഭങ്ങളിലും ധോണിയെത്തന്നെയാണോ ക്യാപ്റ്റനായി കാണുന്നതെന്ന് സ്വയം ചോദിക്കണമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. മൂന്നോ നാലോ വര്‍ഷം കഴിഞ്ഞു വരുന്ന ലോകകപ്പിലും ധോണിയെത്തന്നെയാണോ സെലക്ടര്‍മാര്‍ ഇന്ത്യയുടെ ക്യാപ്റ്റനായി കാണുന്നതെന്നതാണ് പ്രധാനം. 2019-ലെ ലോകകപ്പിലേക്ക് ഇന്ത്യയെ നയിക്കുന്നതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ധോണി ടെസ്റ്റ് ക്രിക്കറ്റ് ഇതിനോടകം തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ധോണി ഇന്ത്യയെ നയിക്കുകയാണ്. ഇതൊരു വലിയ കാലയളവാണെന്നും ഗാംഗുലി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം വിരാട് കോഹ്ലി അസാധ്യതാരമാണെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. സ്ഥിരതയുടെ കാര്യത്തില്‍ നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് കോഹ്ലി. ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലി മികച്ച പ്രകടനമാണ് നടത്തുന്നത്. ഓരോ ദിവസവും അയാള്‍ കൂടുതല്‍ മികവിലേക്ക് ഉയരുകയാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ സമീപനം മികച്ചതാണ്.

അതിനാല്‍ 2019-ലെ ലോകകപ്പിലെ നായകനെ കുറിച്ച് സെലക്ടര്‍മാര്‍ ചിന്തിക്കണം. അത് ധോണിയല്ലെങ്കില്‍ പുതിയ നായകനെ കണ്ടെത്തണം. അതല്ല ധോണി നായകനായി തുടരുകയാണെങ്കില്‍ അതെന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരിക്കും. ധോണിക്ക് തന്റെ അത്ഭുത മികവ് കൈമോശം വന്നിരിക്കുന്നു. എന്നു കരുതി കോഹ്ലിയെ ക്യാപ്റ്റനാക്കുന്നത് ധോണിയുടെ വിരമിക്കല്‍ തീരുമാനം കൂടി പരിഗണിച്ച് വേണം. അദ്ദേഹത്തെ അപമാനിക്കാന്‍ പാടില്ല. അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ്. ഗാംഗുലി അഭിപ്രായപ്പെട്ടു.

ധോണിയുടെ നായകപാടവത്തേയും കേളീമികവിനേയും എല്ലായ്പ്പോഴും പ്രശംസിച്ചിട്ടുള്ള താരമാണ് ഗാംഗുലി. എന്നാല്‍ അടുത്തിടെ തുടര്‍ച്ചയായി ക്യാപ്റ്റന്‍സിയിലും ബാറ്റിംഗിലും പരാജയപ്പെടുന്ന സാഹചര്യത്തിലാണ് തന്റെ പുതിയ അഭിപ്രായങ്ങളുമായി ദാദ രംഗത്തുവന്നിരിക്കുന്നത്.

Top