ബാത്ത്ടബ്ബിലാണ് മരിച്ചതെങ്കില്‍ ക്യാമറയും ബാത്ത്ടബ്ബില്‍ ചാടട്ടെ; നടി ശ്രീദേവിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ കാണിച്ച പ്രകടനങ്ങള്‍

ദുബായ്: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നതിനൊപ്പം ദുരൂഹ മരണത്തിന്റെ വാര്‍ത്ത ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്ത രീതി വിമര്‍ശന വിധേയമായിരിക്കുകയാണ്. ഹൃദയാഘാതം മൂലം മരിച്ചു എന്നാണ് ഞായറാഴ്ച പുലര്‍ച്ചെ എത്തിയ വാര്‍ത്ത. പിന്നീട് സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയയാണ് മരണത്തിലേക്ക് നയിച്ചതെന്നും ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ ദുബൈ പോലീസ് ശ്രീദേവിയുടെ മരണ സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കിയിരുന്നു. താരത്തിന്റേത് അപകട മരണമാണെന്നുള്ള റിപ്പോര്‍ട്ടാണ് ഇതില്‍ ഉണ്ടായിരുന്നത്. ബാത്ത്ടബ്ബില്‍ മരിച്ച നിലയിലായിരുന്നു ശ്രീദേവിയെ കണ്ടെത്തിയത്. തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നുള്ള വിവരവും സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്നു. ബാത്ത്ടബ്ബിലേക്കുള്ള വീഴ്ചയില്‍ സംഭവിച്ചതാകാം ഈ മുറിവ് എന്നാണ് നിഗമനം.

ബാത്ത്ടബ്ബിലാണ് ശ്രീദേവി മരിച്ച് കിടന്നത് എന്ന് അറിഞ്ഞതോടെ ടിവി ചാനലുകളുടെ കോമാളിത്തരമാണ് പിന്നെ കാണാനായത്. പ്രമുഖ വാര്‍ത്താ ചാനലുകള്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തതാണ് ഏവരെയും മുഷിപ്പിച്ചിരിക്കുന്നത്.

ബാത്റൂമില്‍ നിന്നുള്ള ശ്രീദേവിയുടെ അവസാന 15 മിനിറ്റ് പുറത്തുവിടുമെന്നാണ് പ്രമുഖ വാര്‍ത്ത ചാനലായ അബിപി ന്യൂസ് പറഞ്ഞത്. പ്രൈം ടൈം ന്യൂസില്‍ ഇത് പുറത്തുവിടുമെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് വാര്‍ത്ത അവതാരക പ്രൈംടൈം അവതരിപ്പിച്ചത് ബാത്ത് ടബ്ബിന്റെ ചിത്രത്തിന് അടുത്ത് നിന്നാണ്.

Sreedevi

ബാത്ത്ടബ്ബില്‍ വീണുകിടക്കുന്ന ശ്രീദേവിയും സമീപം ബോണി കപൂര്‍ നോക്കി നില്‍ക്കുന്നതുമായ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ചാണ് തെലുങ്ക് വാര്‍ത്ത ചാനലായ ടിവി 9 വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല ബാത്ത്ടബ്ബിന് സമീപം മദ്യം ഒഴിച്ച ഗ്ലാസ് ഇരിക്കുന്ന ചിത്രവും ചാനല്‍ പ്രചരിപ്പിച്ചു. ബോണി കപൂറിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്ന് തെളിയിക്കാനായിരുന്നു ഇത്.

സിഎന്‍എന്‍, ന്യൂസ് 18 എന്നീ ചാനലുകളും ഒട്ടും പിന്നിലായിരുന്നില്ല. ബാത്ത്ടബ്ബിന് സമീപം ശ്രീദേവി നില്‍ക്കുന്നതിന്റെയും വീഴുന്നതിന്റെയും അടക്കം അളവുകള്‍ വരെ മെഷര്‍ ചെയ്തിരിക്കുകയാണ് ടൈംസ് നൗ.

Sreedevi

ഇത്രയും പ്രധാനപ്പെട്ട ഒരു വാര്‍ത്ത ഏറ്റവും കോമാളിത്തരമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് തെലുങ്ക് ചാനല്‍ മഹാ ന്യൂസാണ്. ഇവരുടെ ക്രൈം ബ്യൂറോ ചീഫ് ബാത്ത്ടബ്ബില്‍ ലൈവായി ഇന്‍വെസ്റ്റിഗേഷന്‍ നടത്തുകയായിരുന്നു. ശ്രീദേവി എങ്ങനെയാണോ ബാത്ത്ടബ്ബില്‍ വീണിരിക്കുക എന്നതടക്കം ഇയാള്‍ റിപ്പോര്‍ട്ട് ചെയ്ത് അഭിനയിച്ച് കാണിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വിമര്‍ശനം നേരിടുകയാണ്.

Latest