നീതിക്കായ് സമരം ചെയ്ത ശ്രീജിത്തിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ ലക്ഷങ്ങള്‍ തട്ടിച്ചു; പായ്ച്ചിറ നവാസിന്റെ പരാതിയില്‍ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വര്‍ഷങ്ങള്‍ക്കു് മുന്‍പ് പോലീസ് മര്‍ദ്ധനത്തില്‍ കൊല്ലപ്പെട്ട അനുജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും, കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ടാണ് ശ്രീജിത്ത് എന്ന ചെറുപ്ക്കാരന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ ഒറ്റയാള്‍ സമരം നടത്തിവന്നത്.

മരണം ലോക്കപ്പ് മര്‍ദ്ധനമാണെന്നും, ബോധപൂര്‍വമാണ് പോലീസ് ശ്രീജുവിനെ കൊന്നതെന്നും, കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാനും, കൊല്ലപ്പെട്ട ശ്രീജുവിന്റെ അമ്മയ്ക്ക് പത്ത് ലക്ഷം രൂപ നല്‍കാനും സംസ്ഥാന പോലീസ് കംപ്ലെയിന്റ് അറോറിറ്റി ചെയര്‍മാന്‍ റിട്ട: ജസ്റ്റിസ് നാരായണക്കുറുപ്പ് ഉത്തരവിട്ടിരുന്നു.

അന്ന് ഭരണത്തിലിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ പ്രതികളായ പോലീസുകാരെ സംരക്ഷിക്കുന്ന നടപടികളുമായി മുന്നോട്ട് പോയി. എന്നാല്‍ ഉത്തരവിന്‍ പ്രകാരം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ആദ്യഘഡുവായി നല്‍കിയല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല. ഇതുമൂലം പ്രതികളായ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ച് തങ്ങള്‍ക്ക് എതിരായ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവ് മരവിപ്പിച്ചു. ഇതോടെ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നേരില്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയെയും, ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെയും ശ്രീജിത്തും-അമ്മയും സന്ദര്‍ശിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നും, ഏത് തരത്തിലുള്ള സമരം ചെയ്താലും ഫലമില്ലന്നും ഇവര്‍ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് തന്റെ അനുജനെ കൊന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ ഒറ്റയാള്‍ സമരം ആരംഭിച്ചത്.

തുടക്കം മുതല്‍ തന്നെ മാധ്യമങ്ങള്‍ നിരവധി തവണ ഇതു സംബന്ധിച്ചുള്ള വിശദമായ വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍ സമരം ആറ് മാസം കഴിഞ്ഞപ്പോള്‍ പിന്നെ മാധ്യമങ്ങള്‍ക്കും പഴയത് പോലെ ശ്രദ്ധിക്കാനും, ഇത് മാത്രം വാര്‍ത്തയാക്കാനും കഴിയാത്ത സാഹചര്യമുണ്ടായി. ദേശീയ മാധ്യമങ്ങള്‍ വരെ മുന്‍പ് വാര്‍ത്തയാക്കിയിരുന്ന വിഷയം എല്ലാവരും മറന്നിരിക്കുന്ന സാഹചര്യത്തിലാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രമുഖ ചാനലിന്റെ ഓണ്‍ലൈന്‍ വിംഗ് വിഷയം കൃത്യമായി അവതരിപ്പിക്കുകയും, നവമാധ്യമങ്ങള്‍ വഴി ഇത് വൈറലായി പ്രചരിക്കുകയും ,ശ്രീജിത്തിന്റെ സമരത്തിന് പൂര്‍ണമായ പിന്തുണയുമായി നിരവധി ഫെയ്‌സ്ബുക്ക് കൂട്ടായ്മകള്‍ രംഗത്ത് വരുകയും ചെയ്തത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് 2018 ജനുവരി 14-ന് സെക്രട്ടറിയേറ്റില്‍ ശ്രീജിത്തിന് പിന്തുണയുമായി പതിനായിരത്തോളം നവമാധ്യമ ഉപഭോക്താക്കള്‍ ഒറ്റയായും – കൂട്ടായും എത്തിയത്. ഈ പിന്തുണയും – സമരവും ഒരു ചരിത്ര സംഭവമായി മാറുകയായിരുന്നു. കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ള നവമാധ്യമ കൂട്ടായ്മ പ്രവര്‍ത്തകര്‍ പല ദിവസങ്ങളിലും പിന്തുണയുമായി സെക്രട്ടറിയേറ്റില്‍ എത്തുകയും ദേശീയ മാധ്യമങ്ങള്‍വരെ വാര്‍ത്തയാക്കുകയും, കേന്ദ്ര മന്ത്രി ഇടപെട്ട് കൊലപാതകം സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തൊട്ടടുത്ത ദിവസം ശ്രീജിത്ത് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. ഇതോടൊപ്പം തന്നെ തന്റെ സമരത്തിനെ അട്ടിമറിക്കാനും, തന്നെ ബോധപൂര്‍വം പിന്‍മാറ്റാനും ചില നവ മാധ്യമ കൂട്ടായ്മക്കാര്‍ ശ്രമിച്ചെന്നും, ഇതില്‍ ചിലര്‍ തന്റെയും,കൊല്ലപ്പെട്ട അനുജന്റെയും പേരില്‍ വ്യാപകമായ പണപ്പിരിവ് നടത്തിയെന്നുമുള്ള ഗുരതരമായ ആരോപണവും ശ്രീജിത്ത് ഉന്നയിച്ചിരുന്നു.

എന്നാല്‍ ശ്രീജിത്തിന്റെ ഈ ആരോപണം, സമരത്തിന് പിന്തുണയുമായെത്തിയ താനുള്‍പ്പെടെയുള്ള മുഴുവന്‍ നവമാധ്യമ സുഹൃത്തുക്കളെയും കള്ളന്‍മാരാക്കുന്നതാണെന്നും, ആരെങ്കിലും പണപ്പിരിവ് നടത്തിയെങ്കില്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയും പൊതു പ്രവര്‍ത്തകനും, ഈ സമരത്തിന്റെ മുന്‍നിര പ്രവത്തകനുമായ പായ്ച്ചിറ നവാസ് കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്‌റക്ക് പരാതി നല്‍കി. പരാതി ലഭിച്ചയുടന്‍ അന്വേഷണത്തിന് ഉത്തരവിട്ട ഡി.ജി.പി വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ തിരുഃ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

പരാതിയില്‍ ചില സുപ്രധാനവിവരങ്ങളും, പണപ്പിരിവ് നടത്തിയവരെ കുറിച്ചും പറയുന്നുണ്ട്. കൂടാതെ സമരത്തിന്റെ മറവില്‍ മറ്റ് ജില്ലകളില്‍ നിന്നെത്തിയ ഏഴ് പെണ്‍കുട്ടികളും, പതിനെട്ട് ആണ്‍കുട്ടികളും ഇരുപത് ദിവസം ഒരുമിച്ച് ലോഡ്ജുകളില്‍ താമസിച്ചു. ഇവര്‍ ആരാണെന്നോ, എന്താണെന്നോ പോലീസിനു പോലും അറിയില്ല. ഇവര്‍ ഇതിനു മുന്‍പ് ഒരു പൊതു പരിപാടികളിലോ – മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലോ പങ്കെടുത്തിട്ടുമില്ല. ശ്രീജിത്തിനെ ആര്‍ക്കെങ്കിലും കാണണമെങ്കില്‍ പോലും ഇവരുടെ അനുവാദം വേണമെന്ന സാഹചര്യമായിരുന്നു.

ഇതില്‍ ചിലര്‍ തിരുവനന്തപുരത്ത് ഒരു കലാപം സൃഷ്ടിക്കാന്‍ പദ്ധതിയിട്ടു . ഇതറിഞ്ഞ ശ്രീജിത്ത് ഇവരുമായി വഴക്കിട്ടു. അവസാനം പോലീസ് ഇടപെടുമെന്ന് കണ്ടപ്പോള്‍ ഇരുപത്തിയഞ്ച് പേരും തന്ത്രപൂര്‍വം തിരുവനന്തപുരത്ത് നിന്നും മാറി. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മാത്രം പ്രധാനമായും അന്വേഷിച്ചാല്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ സമരത്തിനല്ല എത്തിയതെന്നും, ഞെട്ടിക്കുന്ന മറ്റ് പല വിവരങ്ങളും ബോധ്യമാകുമെന്നും പരാതിയില്‍ നവാസ് പറയുന്നു.

ഈ ഇരുപത്തിയഞ്ചോളം ചെറുപ്പക്കാര്‍ ഇരുപത് ദിവസത്തോളം ഏത് ലോഡജിലാണ് താമസിച്ചത്…? ഇവര്‍ ആരുടെ പിന്‍ബലത്തില്‍ എത്തി..? ഇവര്‍ ആരൊക്കെ..?? കോഴിക്കോട്-എര്‍ണാകുളം- കാസര്‍ഗോഡ് – തൃശൂര്‍ – ആലപ്പുഴ -കണ്ണൂര്‍ എന്നീ സ്ഥലങ്ങളിലുള്ള ഇവര്‍ കുറച്ച് പേര്‍ മാത്രം ജോലിക്കും – കൂലിക്കും പോകാതെ സമരത്തിന്റെ പേരില്‍ തിരുവനന്തപുരത്ത് തങ്ങിയതെന്തിന്…?? ഇവര്‍ ആരുടെ കയ്യില്‍ നിന്നെല്ലാം പണപിരിവ് നടത്തി….??? ഇവരുടെ ലക്ഷ്യമെന്തായിരുന്നു…??? 25 പേര്‍, 20 ദിവസം ചെലവാക്കിയ രണ്ട് ലക്ഷത്തോളം രൂപ ആര് കൊടുത്തു…??? ഇവര്‍ എന്തിനാണ് ശ്രീജിത്തുമായി വഴക്കിട്ട് പോയത്…?? തുടങ്ങിയ പല ന്യായമായ ചോദ്യങ്ങളും പായ്ച്ചിറ നവാസ് പരാതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.

തന്റെ മൊഴിയെടുക്കുന്ന സമയം കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും നവാസ് ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്. ലോക ശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ഈ സമരത്തെ നിയന്ത്രിച്ചവരെ സംബന്ധിച്ച് ആദ്യം മുതലേ രഹസ്യാന്വേഷണ വിഭാഗത്തിന് സംശയമുണ്ടായിരുന്നു.

Latest