കസ്റ്റഡി കൊലപാതകം: ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പോലീസുകാരന്‍ അറസ്റ്റില്‍

കോട്ടയം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൈക്കൂലി കേസില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. പറവൂര്‍ സി ഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപാണ് അറസ്റ്റിലായത്. പൊലീസ് കസറ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ് ചെയ്തത്.

പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് അവശനായ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാനാണ് 25000 രൂപ ആവശ്യപ്പെട്ടത്. പ്രദീപ് വഴി 15000രൂപ പൊലീസിന് നല്‍കി. എന്നാല്‍ ശ്രീജിത്ത് മരിച്ചതോടെ ഈ തുക പൊലീസ് തിരികെ നല്‍കുകയായിരുന്നു. ഈ പ്രശ്‌നം കുടുംബം ഉയര്‍ത്തിക്കാട്ടിയ ഉടന്‍ തന്നെ പ്രദീപിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ വരാപ്പുഴയിലെ വീട്ടില്‍ നിന്ന് മൂന്ന് റൂറല്‍ ടാസ്‌ക് ഫോഴ്സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബാംഗങ്ങള്‍ ശ്രീജിത്ത് വേദന കൊണ്ട് പുളയുന്നതാണ് കണ്ടത്. വെളളം ചോദിച്ച ശ്രീജിത്തിനെ അത് നല്‍കാന്‍ പോലും എസ്‌ഐ അനുവദിച്ചിരുന്നില്ല.

ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. ഈ ഘട്ടത്തിലാണ് 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

Latest
Widgets Magazine