വ്യഭിചാര്യം :സൗദിയില്‍ ശ്രീലങ്കന്‍ വംശജയെ കല്ലെറിഞ്ഞുകൊല്ലാന്‍ കോടതി ഉത്തരവ്‌ ,മാപ്പ് കൊടുക്കണമെന്ന് ശ്രീലങ്ക

റിയാദ്‌: വ്യഭിചരിച്ചുവെന്ന്‌ ആരോപിച്ച്‌ സൗദിയില്‍ ശ്രീലങ്കന്‍ വംശജയെ കല്ലെറിഞ്ഞുകൊല്ലാന്‍ ഷരിയത്‌ കോടതിയുടെ ഉത്തരവ്‌. എന്നാല്‍ യുവതിയുമായി കിടക്ക പങ്കിട്ട ശ്രീലങ്കന്‍ വംശജനായ കാമുകന്‌ 100 ചാട്ടവാറടി മാത്രമാണ്‌ കോടതി വിധിച്ചത്‌. യുവതിയുടെ ശിക്ഷ ഇളവ്‌ ചെയ്യണമെന്ന ആവശ്യവുമായി ശ്രീലങ്ക രംഗത്തെത്തി.
2013 മുതല്‍ റിയാദില്‍ ജോലിനോക്കുന്ന 45 കാരിയായ യുവതിക്കെതിരെയാണ്‌ കോടതി ഉത്തരവ്‌. മറ്റൊരാളുമായി രഹസ്യ ബന്ധം പുലര്‍ത്തുകവഴി ഭര്‍ത്താവിനെ യുവതി വഞ്ചിക്കുകയായിരുന്നു. മരണംവരെ യുവതിയെ കല്ലെറിയണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, യുവതിയുടെ കാമുകന്‌ നൂറ്‌ ചാട്ടവാറടിയാണ്‌ കോടതി വിധിച്ചത്‌. യുവാവ്‌ വിവാഹിതനല്ലാത്തതാണ്‌ വധശിക്ഷ ഒഴിവാകാന്‍ സഹായിച്ചത്‌.
യുവതിക്ക്‌ മാപ്പ്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ശ്രീലങ്ക രംഗത്തെത്തി. യുവതിക്കായി കോടതിയില്‍ ഹാജരാകുന്നതിന്‌ ശ്രീലങ്കയുടെ വിദേശ തൊഴില്‍വകുപ്പ്‌ പ്രത്യേക വക്കീലിനെയും നിയമിച്ചിട്ടുണ്ട്‌. എന്നാല്‍ ഷരിയത്ത്‌ കോടതിയിലെ വിചാരണവേളയില്‍ നാലുതവണ യുവതി കുറ്റം സമ്മതിച്ചതായി അധികൃതര്‍ വ്യക്‌തമാക്കുന്നു. വ്യഭിചാരം, മയക്കുമരുന്ന്‌ കടത്ത്‌, മന്ത്രവാദം തുടങ്ങിയ കുറ്റങ്ങള്‍ക്ക്‌ കല്ലെറിഞ്ഞു കൊല്ലുന്ന ശിക്ഷയാണ്‌ വ്യാപകമായി സൗദിയില്‍ പിന്തുടരുന്നത്‌.

Top