ലോക്കപ്പിനകത്തും പുറത്തും വെച്ച് ഓരോരുത്തരെയും മര്‍ദ്ദിച്ചു; ശ്രീജിത്തിനെ വരാപ്പുഴ എസ്‌ഐ പലതവണ ചവിട്ടി; വെളിപ്പെടുത്തലുമായി സഹോദരന്‍

കൊച്ചി: പുറത്തിറങ്ങി നടക്കാന്‍ ഭയമെന്ന് ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത്. വരാപ്പുഴ സ്റ്റേഷനില്‍  ലോക്കപ്പിനകത്തും പുറത്തും വെച്ച് ഓരോരുത്തരെയും മര്‍ദ്ദിച്ചു. ഗുരുതര മര്‍ദ്ദനമേറ്റത് ശ്രീജിത്തിന് മാത്രമാണ്. തറയില്‍ വീണു കിടന്ന ശ്രീജിത്തിനെ എഴുന്നേല്‍പ്പിക്കാന്‍ വരാപ്പുഴ എസ്‌ഐ പലതവണ ചവിട്ടിയെന്നും സജിത് വെളിപ്പെടുത്തി. വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ജയിലിലായിരുന്ന സജിത്തടക്കമുള്ളവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. വരാപ്പുഴയില്‍ വീടാക്രമിച്ചുവെന്ന കേസില്‍ പൊലീസ് ശ്രീജിത്തിനൊപ്പം പിടികൂടിയവരാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ശ്രീജിത്തിന്റെ സഹോദരന്‍ സജിത് കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ നിതിന്‍, ഗോപന്‍, വിനു എന്നിവരടക്കം 9 പേരാണ് ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ശനിയാഴ്ച എറണാകുളം അഡീഷണല്‍ സഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യമനുവദിച്ചെങ്കിലും ഇപ്പോഴാണ് ജാമ്യവ്യവസ്ഥകള്‍ പാലിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇവരില്‍ എട്ടുപേരും പ്രതികളല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതിനാലാണ് ജാമ്യത്തെ എതിര്‍ക്കാതിരുന്നതെന്നാണ് സൂചന.

Top