ഡിജിപി തസ്തികയിലെത്തുന്ന ആദ്യ വനിത!..ആര്‍.ശ്രീലേഖ, ടോമിന്‍ തച്ചങ്കരി എന്നിവരടക്കം നാല് പേര്‍ക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: ഡിജിപി തസ്തികയിലെത്തുന്ന ആദ്യ വനിത!..ആര്‍.ശ്രീലേഖക്ക് സ്വന്തമാകുന്നു .ടോമിന്‍ തച്ചങ്കരി അടക്കം നാല് പേര്‍ക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. തച്ചങ്കരിക്കു പുറമേ എഡിജിപിമാരായ ജയില്‍ മേധാവി ആര്‍.ശ്രീലേഖ, എസ്പിജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ് കുമാര്‍ എന്നിവര്‍ക്കും ഡിജിപി റാങ്ക്. ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി പദവി നല്‍കാന്‍ സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കേരളത്തില്‍ ഡിജിപി തസ്തികയിലെത്തുന്ന ആദ്യ വനിതയാണ് ശ്രീലേഖ.

ഉന്നത ഉദ്യോഗസ്ഥർ എങ്ങനെയായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണു താഴേത്തട്ടിലുള്ള പൊലീസ് സേനയുടെ പ്രവർത്തനമെന്നു തുറന്നുപറഞ്ഞയാളാണ് ആർ.ശ്രീലേഖ. ജയിൽ മേധാവിയായും മികച്ച പ്രവർത്തനം കാഴ്ചവച്ചാണ് ആർ.ശ്രീലഖ ഉന്നതപദവിയിലേക്ക് ചുവടുവയ്ക്കുന്നത്. വിജിലൻസിൽ ആയിരിക്കുമ്പോൾ വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ നേടി. നിലവിൽ ജയിൽ എഡിജിപിയാണ്.

കേരളത്തിൽ നിയമനം ലഭിച്ച ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസർ ആരെന്ന ചോദ്യത്തിനും ആർ.ശ്രീലേഖ എന്നുതന്നെയാണ് മറുപടി. രണ്ടു വർഷത്തെ പരിശീലനത്തിനു ശേഷം 1988ലാണ് കാക്കിയിട്ട് ശ്രീലേഖ കേരളത്തിലേക്കു വന്നത്. കോട്ടയത്ത് എഎസ്‌പിയായി ആദ്യ നിയമനം. 1991ൽ കേരളത്തിലെ ആദ്യ വനിതാ എസ്‌പിയായി തൃശൂരിൽ ചുമതലയേറ്റു.

നിലവില്‍ സംസ്ഥാനത്തു കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡിജിപി പദവിയില്‍ നാല് ഉദ്യോഗസ്ഥരുണ്ട്. കേന്ദ്രസര്‍ക്കാരും അക്കൗണ്ടന്റ് ജനറലും അംഗീകരിക്കാത്ത ഡിജിപി പദവിയിലും നാല് ഉദ്യോഗസ്ഥരുണ്ട്. അംഗീകാരമില്ലാത്ത നാലുപേര്‍ക്കും എഡിജിപിമാരുടെ ശമ്പളമേ ലഭിക്കുന്നുള്ളു. ഡിജിപി പദവിയില്‍ ഒഴിവു വരുമ്പോള്‍ മാത്രമേ ഇവര്‍ക്ക് ഈ റാങ്ക് ലഭിക്കുകയുള്ളു. 30 വര്‍ഷം പൂര്‍ത്തിയാക്കിയ ഐഎഎസുകാര്‍ക്കു ചീഫ് സെക്രട്ടറി പദവി നല്‍കിയതിന്റെ തുടര്‍ച്ചയാണ് ഐപിഎസുകാര്‍ക്ക് ഇതു നല്‍കാന്‍ ശുപാര്‍ശചെയ്തത്.

Latest
Widgets Magazine