ബ്രിട്ടനിലും അയര്‍ലന്‍ഡിലും സ്റ്റീഫന്‍ ദേവസിയുടെ സംഗീതവിരുന്ന്

ലണ്ടന്‍∙മാന്ത്രിക വിരലുകള്‍കൊണ്ട് കീബോര്‍ഡില്‍ സംഗീതത്തിന്റെ മാസ്മരിക ലോകമൊരുക്കുന്ന സ്റ്റീഫന്‍ ദേവസിയും സംഘവും ബ്രിട്ടണിലെയും അയര്‍ലന്‍ഡിലെയും മലയാളികള്‍ക്ക് ഈണങ്ങളുടെ വിരുന്നുമായെത്തുന്നു. മേയ് 28ന് ഡബ്ലിനിലും തുടര്‍ന്ന് ബ്രിട്ടനിലുമെത്തുന്ന ‘’സ്റ്റീഫന്‍ ദേവസി ആന്‍ഡ് സോളിഡ് ബാന്‍ഡ്’’ ലണ്ടനുള്‍പ്പെടെ ആറു വേദികളില്‍ക്കൂടി ആസ്വാദകഹൃദയങ്ങളില്‍ ആനന്ദത്തിന്റെ സംഗീതമഴ പൊഴിക്കും. നോട്ടിങ്ങാം –മേയ് 29, കവന്‍ട്രി- മേയ് 30, സ്റ്റോക്ക് ഓണ്‍ ട്രന്‍ഡ് മേയ്-31 എന്നിവിടങ്ങളിലാണ് മറ്റ് വേദികള്‍. അവസാന രണ്ടു വേദികള്‍ പിന്നീടു തീരുമാനിക്കും. ലണ്ടന്‍ ആസ്ഥാനമായുള്ള ‘’കുഷ് ലോഷ്’’ മീഡിയ ആണ് പരിപാടിയുടെ സംഘാടകര്‍.

ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോഡിലുള്ള റെഡ്ബ്രിഡ്ജ് ടൗണ്‍ ഹാളില്‍ ജൂണ്‍ 1നു വൈകിട്ട് 6.30നാണ് ലണ്ടനിലെ സംഗീതനിശ. സ്റ്റീഫന്‍ ദേവസിക്കൊപ്പം പാടാനും ആടാനും ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും സംഗീതപ്രതിഭകള്‍ക്കും കുഷ് ലോഷ് മീഡിയ ഗ്രൂപ്പ് അവസരമൊരുക്കുന്നുണ്ട്. ‘’സിങ് വിത്ത് സ്റ്റീഫന്‍’’ എന്ന ‘’ടാലന്റ് ഹണ്ടി’’ലൂടെയാണ് ഇതിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടാലന്റ് ഹണ്ടിലെ വിജയികള്‍ക്ക് സ്റ്റീഫനോടൊപ്പം സ്റ്റേജില്‍ പാടാനുള്ള അവസരത്തിനു പുറമേ 2018ല്‍ മനോരമ മ്യൂസിക് പുറത്തിറക്കുന്ന സ്റ്റീഫന്റെ മ്യൂസിക് ആല്‍ബത്തിലും പാടാന്‍ അവസരം ലഭിക്കും. കൂടാതെ കുഷ് ലോഷ് മീഡിയയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്    http://www.kushlosh.com/singerhunt 2017 എന്ന ലിങ്കില്‍ പേര് റജിസ്റ്റര്‍ ചെയ്യാം.

സ്വന്തമായി പാടി റിക്കാര്‍ഡ് ചെയ്ത ഒരു ഗാനം യു-ട്യൂബ് ലിങ്ക് വഴിയോ ഫെയ്സ്ബുക്ക് വിഡിയോ ആയോ വാട്സ് ആപ് ലിങ്കായോ കുഷ് ലോഷ് മീഡിയയ്ക്ക് അയച്ചുകൊടുക്കണം. അഞ്ചുമിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള പാട്ടാണ് അയയ്ക്കേണ്ടത്. മല്‍സരാര്‍ഥികള്‍ സ്റ്റീഫന്‍ ദേവസി സോളിഡ് ബാന്‍ഡ് കണ്‍സേര്‍ട്ടിന്റെ ടിക്കറ്റ് അവരുടെ പേരില്‍ എടുത്തിരിക്കണം. വിഡിയോയുടെ ഒപ്പം മല്‍സരാര്‍ഥിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും പ്രായവും അറിയിക്കണം. അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രില്‍ 15. വിഡിയോയുടെ ശബ്ദ മികവും സാങ്കേതിക മികവും ഉറപ്പുവരുത്തിയാകണം അയയ്ക്കേണ്ടത്. അല്ലാത്ത അപേക്ഷകള്‍ തള്ളിക്കളയാനുള്ള സാധ്യത ഏറെയാണ്.

ഏപ്രില്‍ 22ന് മല്‍സരത്തിന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഷോര്‍ട്ട്ലിസ്റ്റ് തയാറാക്കി പ്രസിദ്ധീകരിക്കും. ഇവര്‍ക്ക് സ്റ്റീഫന്‍ നിര്‍ദേശിക്കുന്ന പാട്ടുകള്‍ വീണ്ടും പാടി റിക്കാര്‍ഡ് ചെയ്ത് സമര്‍പ്പിക്കാം. ഇതിനുള്ള സൗകര്യം കുഷ് ലോഷ് മീഡിയ ഒരുക്കും. ഇവരില്‍ നിന്ന് മേയ് 15ന് അന്തിമ വിജയികളെ പ്രഖ്യാപിക്കും. സ്റ്റീഫന്‍ ദേവസി ഉള്‍പ്പെടുന്ന പാനലാകും വിജയികളെ തിരഞ്ഞെടുക്കുക. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

വിജയികളുടെ പാട്ടുകളുടെ ഓഡിയോ, വിഡിയോ ക്ലിപ്പിങ്ങുകള്‍ നവമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം കുഷ് ലോഷിനാകും. ഇതിനു മല്‍സരാര്‍ഥികള്‍ക്ക് പ്രതിഫലം നല്‍കുന്നതല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് 07982734828, 07930894554 നമ്പരുകളില്‍ ബന്ധപ്പെടുക.

Top