ലോകാവസാനം പ്രവചിച്ച് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അവസാന പഠനം; പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ്

ശാസ്ത്രലോകം കണ്ട ഏറ്റവും വലിയ പ്രതിഭകളിലൊരാളായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങ്. ലോകത്തെ പിടിച്ചു കുലുക്കുന്ന പല കണ്ടുപിടുത്തങ്ങളും നടത്തി, ശാസ്ത്ര ലോകത്തെ അടിവരയിട്ടുറപ്പിച്ച പല ധാരണകളും തെറ്റെന്ന് കണ്ടെത്തിയ അതുല്യപ്രതിഭ. ഏറ്റവുമൊടുവില്‍ പുറത്ത് വരുന്നത് മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ഹോക്കിങ്ങ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലെ വിവരങ്ങളാണ്. ലോകം അവസാനിക്കുമെന്നും അതിജീവനത്തിനായി മനുഷ്യര്‍ മറ്റൊരു ഗ്രഹം കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്ങനെയാണ് ഭൂമിക്ക് പകരമായി മറ്റൊരു ഗ്രഹം കണ്ടെത്തേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹോക്കിങ്ങിന്റെ അവസാന റിസര്‍ച്ച് റിപ്പോര്‍ട്ടിന് ‘എ സ്മൂത് എക്‌സിറ്റ് ഫ്രം എറ്റേര്‍ണല്‍ ഇന്‍ഫ്‌ളേഷന്‍’ എന്നാണ് നല്‍കിയിരിക്കുന്ന പേര്. സഹപ്രവര്‍ത്തകനായ പ്രൊഫസര്‍ തോമസ് ഹെര്‍ടോഗിനൊപ്പം ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ശാസ്ത്രജ്ഞര്‍ക്ക് മറ്റൊരു ഗ്രഹം കണ്ടെത്തുക എന്നത് സാധ്യമാണെന്നും, സ്‌പേസ് ഷിപ്പ് പോലുള്ളവ ഉപയോഗിച്ച് മനുഷ്യരെ അവിടേക്കെത്തിക്കാമെന്നും തിയറി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗ്രഹങ്ങള്‍ക്കെല്ലാം പ്രകാശം നഷ്ടമാവുകയും അങ്ങനെ ലോകം മുഴുവന്‍ ഇരുട്ടിലായ് തീരുമെന്നും ഹോക്കിങ്ങ് തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  നൊബേല്‍ പ്രൈസ് ലഭിക്കുന്നതിന് വരെ അര്‍ഹമായേക്കാവുന്ന കണ്ടുപിടുത്തമായിരുന്നു ഹോക്കിങ്ങിന്റേതെന്നാണ് പ്രൊ.തോമസ് ഹെര്‍ടോഗ് സണ്‍ഡെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം ഹോക്കിങ്ങിന്റെ കണ്ടുപിടുത്തത്തെ വിമര്‍ശിച്ച് കൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top