ചെന്നൈ സത്യഭാമ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ കത്തിച്ചു

ചെന്നൈ സത്യഭാമ സർവകലാശാല ക്യാംപസിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് വ്യാപക അക്രമം. അധ്യാപകരുടെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ ഹോസ്റ്റൽ കെട്ടിടത്തിന് തീവച്ചു. കോപ്പിയടിച്ച് പിടിക്കപ്പെട്ട വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. കെമിസ്ട്രി പരീക്ഷയ്ക്ക് പേപ്പർ കട്ടിംഗ് കൊണ്ടുവന്ന് കോപ്പിയടിച്ചുവെന്നാരോപിച്ച് രാഗ മോണിക്ക റെഡ്ഡിയെന്ന ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ അദ്ധ്യാപകർ പുറത്താക്കിയിരുന്നു. ഹോസ്റ്റലിലേക്ക് പോയ പെൺകുട്ടി അതേ ഡിപ്പാർട്മെന്റിൽ പഠിയ്ക്കുന്ന ഇരട്ട സഹോദരന് മെസേജ് അയച്ച ശേഷം മുറിയിൽ തൂങ്ങി മരിയ്ക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പുറത്താക്കിയ വിദ്യാര്‍ത്ഥിനിയെ അധ്യാപകർ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചുവെന്നാരോപിച്ച് വിദ്യാർത്ഥികള്‍ പ്രതിഷേധം തുടങ്ങിയത്. മോണിക്കയുടെ ബാച്ചില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ പ്രതിഷേധം പെട്ടെന്ന് വ്യാപിയ്ക്കുകയായിരുന്നു. മെൻസ് ഹോസ്റ്റലിനകത്ത് കടന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന് തീയിട്ടു. തൊട്ടടുത്തുള്ള ഉണങ്ങി നിന്ന മരത്തിനും വിദ്യാര്‍ത്ഥികള്‍ തീ കൊളുത്തി. 300 ഓളം വിദ്യാർഥികൾ ക്യാംപസിൽ കലാപത്തിന് സമാനമായ അവസ്ഥ സൃഷ്ടിച്ചതോടെ പലരും ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയോടി. അതേസമയം ഹോസ്റ്റലിലെ തീ കെടുത്താനെത്തിയ ഫയർഫോഴ്സിനെ വിദ്യാർഥികൾ അകത്തേയ്ക്ക് കയറ്റിവിട്ടില്ല. പിന്നീട് പൊലീസെത്തി നന്നേ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. ഇപ്പോൾ കനത്ത പൊലീസ് കാവലിലാണ് സർവകലശാല. മരിച്ച മോണിക്കയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം റോയപ്പേട്ട സർക്കാരാശുപത്രിയിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്.

Latest