ഫീസില്ലാത്തവരുടെ വക്കീലായി സിസ്റ്റര്‍ ജോസിയ; അഗതികളുടെ അഡ്വക്കേറ്റ്

തൊടുപുഴ: തൊടുപുഴ കോടതിയില്‍ ഒരു ഫീസില്ലാ വക്കീലുണ്ട്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഫീസ് കൊടുക്കാന്‍ ഗതിയില്ലാത്തവരുടെ വക്കീല്‍. അതാണ് സിസ്റ്റര്‍ ജോസിയ. സീനിയര്‍ അഭിഭാഷകനായ കെ.ടി. തോമസിന്റെ ശിഷ്യയായി കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന സിസ്റ്റര്‍ ജോസിയയുടെ കക്ഷികളെല്ലാം പാവപ്പെട്ടവരാണ്, ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍, കോടതിയും നിയമവും വശമില്ലാത്തവര്‍! കോടതിമുറിയില്‍ അവരുടെ ശബ്ദമാണ് അഡ്വ. ജോസിയ.

ആദിവാസിമേഖലയിലും ഭിന്നശേഷിക്കാരുടെ ഇടയിലും പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് സഭാംഗമാണ് ഈ അഭിഭാഷക. കോതമംഗലം സെന്റ് വിന്‍സന്റ് പ്രോവിന്‍സ് അംഗമായ സിസ്റ്ററിനു സഭയുടെ പേരുപോലെതന്നെ അഗതികളുടെ സഹോദരിയായി അറിയപ്പെടാനാണ് ആഗ്രഹം. ക്രിമിനല്‍, സിവില്‍ കേസുകള്‍ ഒരു പോലെ കൈകാര്യം ചെയ്യാന്‍ സിസ്റ്ററെ കെ.ടി. തോമസും സഹപ്രവര്‍ത്തകരും സഹായിക്കുന്നു. കെ.ടി. തോമസിനെപ്പോലുള്ള അറിവും കഴിവുമുള്ള അഭിഭാഷകരുടെ പിന്തുണ ഇക്കാര്യത്തില്‍ കിട്ടുന്നതു വലിയ അനുഗ്രഹമാണെന്നു സിസ്റ്റര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊടുപുഴ വെള്ളിയാമറ്റം പടിഞ്ഞാറിടത്ത് ജോണി മാത്യു- അന്നക്കുട്ടി ദമ്പതികളുടെ മകളാണ് സിസ്റ്റര്‍. ഏകസഹോദരന്‍ ജോബി അപകടത്തില്‍ മരിച്ചതിന്റെ വേദന ഈ കുടുംബത്തില്‍ ഇപ്പോഴും നൊമ്പരമായി അവ ശേഷിക്കുന്നു. സഹോദരി ജോളി വിവാഹിതയാണ്. ജോസിയ സഭാവസ്ത്രം സ്വീകരിച്ചിട്ടു 13 വര്‍ഷമായി, അഭിഭാഷകയായിട്ടു മൂന്ന് വര്‍ഷവും. കോണ്‍ഗ്രിഗേഷനില്‍ പന്ത്രണ്ടു സന്യസ്തര്‍ അഭിഭാഷകരായിട്ടുണ്ടെങ്കിലും കോതമംഗലം പ്രൊവിന്‍സില്‍ സിസ്റ്റര്‍ ജോസിയ മാത്രമേയുള്ളൂ. തിരുവനന്തപുരം ലോ അക്കാദമിയിലായിരുന്നു പഠനം. മുട്ടം ജില്ലാ കോടതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സിസ്റ്റര്‍ കേസുകള്‍ വാദിക്കുന്നു. ആദ്യമായിട്ടാണ് മുട്ടം കോടതിയില്‍ ഒരു ക ന്യാസ്ത്രീ വക്കീല്‍.

ക്ലാസുകള്‍ക്കും സെമിനാറുകള്‍ക്കും സ്‌കൂളുകളിലും കോളജുകളിലും വിവിധ വനിതാ സംരംഭ ഗ്രൂപ്പുകളിലും പോകുന്നുണ്ട്. സൗജന്യനിയമപരിരക്ഷ നല്‍കുന്ന ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുമായി സഹകരിച്ചും പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്നു ഈ സന്യാസിനി.

Top