റേഷനരിയെ മാത്രം ആശ്രയിച്ച് സര്‍ക്കാരില്‍ നിന്നുള്ള സബ്സിഡികൊണ്ടും മറ്റും ജീവിതം തള്ളിനീക്കിയിടത്ത് വിജയഗാഥ.. കഷ്ടപ്പാടിനൊടുവില്‍ ജസ്റ്റിന്‍ സ്വപ്‌നതുല്യമായ ജോലി

കൊല്ലം: ഏതുജീവിതപ്രതിസന്ധിയും പരിശ്രമിച്ചാൽ മറികടക്കാം ഇന്നിതാ ഈ യുവാവിന്റെ ജീവിതം കാട്ടിത്തരുന്നു .ജീവിതത്തിലെ കടുത്ത ദാരിദ്ര്യത്തിൽ നിന്നും മനസ്സാന്നിധ്യം കൈവിടാതെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം .ജീവിത പ്രതിസന്ധികളെ നേരിട്ട് സ്വപ്‌നതുല്യമായ ജോലി നേടിയിരിക്കുകയാണ് തങ്കശേരിക്കാരന്‍ ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്. തയ്യല്‍ക്കാരന്റെ മകനായി ജനിച്ച ഈ 27കാരന്‍ പ്രതിവർഷം 19 ലക്ഷം രൂപ ശമ്പളത്തിൽ അസോഷ്യേറ്റ് ഡയറക്ടർ തസ്തികയിൽ ഈ 23നു ജോലിയിൽ പ്രവേശിക്കും. ചെറുപ്പക്കാലത്ത് റേഷനരിയെ മാത്രം ആശ്രയിച്ച് സര്‍ക്കാരില്‍ നിന്നുള്ള സബ്സിഡികൊണ്ടും മറ്റും ജീവിതം തള്ളിനീക്കിയ കൊല്ലം സ്വദേശി ജസ്റ്റിന്‍ ഫെര്‍ണാണ്ടസ് നാഗ്പൂര്‍ ഐ.ഐ.എമ്മില്‍ നിന്ന് പഠിച്ചിറങ്ങിയ ഉടനെയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാല്യൂ ലാബ്സ് എന്ന കമ്പനി കൊത്തിയെടുത്തിരിക്കുന്നത്.

തങ്കശേരി യേശുദാസ് മന്ദിറിൽ ജോസഫ് ഫെർണാണ്ടസിന്റെയും മേരിയുടെയും മൂത്തമകൻ മുണ്ടുമുറുക്കിയുടുത്താണു പഠിച്ചത്. ലക്ഷ്മിനടയിൽ തയ്യൽക്കട നടത്തുകയായിരുന്നു മുത്തച്ഛൻ ജെ. ജോസഫ് ഫെർണാണ്ടസും അച്ഛനും. ടെക്സ്റ്റൈൽസ് രംഗത്തു വിപ്ലവം വന്നപ്പോൾ പരമ്പരാഗത തുന്നൽക്കാർക്കു പിടിച്ചുനിൽക്കാനായില്ല. കടപൂട്ടി തയ്യൽ മെഷീൻ വീട്ടിലേക്കു മാറ്റിയ ജോസഫ് ഫെർണാണ്ടസിനു വല്ലപ്പോഴും കിട്ടിയിരുന്ന തുന്നൽജോലികളായിരുന്നു നാലംഗ കുടുംബത്തിന്റെ ആശ്രയം. ഇടയ്ക്കു പഠനം നിർത്തേണ്ടി വരുമെന്നായപ്പോൾ, പഠനച്ചെലവുകൾ ഏറ്റെടുത്തു ജസ്റ്റിനു താങ്ങായത് പിതൃസഹോദരിമാരായ ഗൊരേറ്റിയും സ്റ്റെൽനയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്ലസ്ടുവിനു ശേഷം എന്‍ട്രനസ് പാസായി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക്കിന് ചേര്‍ന്നു. പഠനത്തില്‍ മിടുക്കനായ ജസ്റ്റിന്റെ ആശ്രയം സ്‌കോളര്‍ഷിപ്പുകളായിരുന്നു. തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി നോക്കി. തുടര്‍ന്നാണ് നാഗ്പൂര്‍ ഐഐഎമ്മില്‍ രണ്ടാമത്തെ ശ്രമത്തില്‍ പ്രവേശനം ലഭിച്ചത്. സ്‌പോര്‍ട്‌സ് മാനേജര്‍ ആകണമെന്നാണ് ജസ്റ്റിന്റെ ആഗ്രഹം.

അതേസമയം സോഷ്യല്‍മീഡിയകളില്‍ തനിക്ക് മാസം 19 ലക്ഷം രൂപയാണ് ലഭിക്കുന്നതെന്ന തരത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജസ്റ്റിന്‍ പ്രതികരിച്ചു. ഇത് തെറ്റാണ്, വാര്‍ഷിക വരുമാനമാണ് 19ലക്ഷം. മാത്രമല്ല ഇന്ത്യയില്‍ ഇതാദ്യമായല്ല ഒരാള്‍ക്ക് ക്യാമ്പസ് സെലക്ഷനിലൂടെ ഇത്ര ശമ്പളം ലഭിക്കുന്നത്. മുമ്പും നിരവധി പേര്‍ക്ക് ലഭിച്ചിട്ടുള്ള അംഗീകാരമാണിത്. ദയവായി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നാണ് ജസ്റ്റിന്റെ അപേക്ഷ.

Top