പ്രളയകെടുതിയില്‍പ്പെട്ട സഹപാഠിക്ക് വീട് നിര്‍മ്മിക്കാനെത്തി; വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു

കല്‍പ്പറ്റ: പ്രളയകെടുതിയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു. പനമരം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥി എടത്തുംകുന്ന് ഏഴാംകുന്നത്ത് ശശിധരന്റെ മകന്‍ വൈഷ്ണവ് (17) ആണ് മുങ്ങിമരിച്ചത്. പനമരം പുഴയിലെ കടവില്‍ വൈഷ്ണവ് ഒഴുക്കില്‍പ്പെടുകയായിരുന്നു. എന്‍.എസ്.എസ്.വളണ്ടിയറായ വൈഷ്ണവ് വാകയാട് പൊയില്‍ സുരേഷിന്റെ വീട് പുനര്‍ നിര്‍മിക്കുന്ന പ്രവര്‍ത്തിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയില്‍ കൂടെയുള്ള മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കുളിക്കടവ് കാണാനെത്തിയതായിരുന്നു.

വെള്ളത്തിലിറങ്ങിയ വൈഷ്ണവ് നീന്താന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. സഹപാഠികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. മാതാവ്: സ്മിത സഹോദരി: വൈശ്യ (പനമരം ഗവ.ഹൈസ്‌ക്കൂള്‍)

Latest