തന്റെ പ്രണയം തകര്‍ന്നത് എങ്ങനെയെന്ന വെളിപ്പെടുത്തി സുബി; വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യം ചാനല്‍ ഷോയില്‍ പറഞ്ഞത് പുലിവാലായി

കൊച്ചി: പ്രശസ്ത നടിയും ടിവി താരവുമായ സുബി സുരേഷിന്റെ പ്രണയം വലിയ വാര്‍ത്തയായിരിക്കുകയാണ്. പ്രണയം തകര്‍ന്നത് പണത്തിന്റെ പേരിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ സത്യാവസ്ഥ അങ്ങനെ ഒന്നും അല്ലെന്ന വെളിപ്പെടുത്തലുമായി സുബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തനിക്ക് പ്രണയം ഉണ്ടായിരുന്നെന്നും പിന്നീട് ചില പ്രശ്നങ്ങള്‍ കാരണം നല്ല രീതിയില്‍ തന്നെ പിരിയുകയായിരുന്നു എന്നും താരം പറയുന്നു. മനോരമ ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് സുബി വെളിപ്പെടുത്തല്‍ നടത്തിയത്.

‘നാലഞ്ചുമാസം മുമ്പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എന്റെ വായില്‍ നിന്ന് അറിയാതെ വീണുപോയ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട് എന്ന് ഞാന്‍ ആഷോയില്‍ പറഞ്ഞിരുന്നു. പക്ഷെ അത് 15 വര്‍ഷം മുന്‍പുള്ള കാര്യമാണ്, അതാണ് ഇന്നലത്തേതു പോലെ ആളുകള്‍ പ്രചരിപ്പിക്കുന്നത്. അദ്ദേഹം ഒരിക്കലും എന്റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്. എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്നു പറയുമ്പോള്‍ അറിയാമല്ലോ അന്ന് എന്റെ കയ്യില്‍ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്.

ഞാന്‍ അന്ന് ഷോകളൊക്കെ ചെയ്തു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമുള്ള സമയമായിരുന്നു അത്. ഞാനാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്.’ സുബി വെളിപ്പെടുത്തുന്നു.

എന്റെ അമ്മയ്ക്കു ജോലിക്കു പോകാമല്ലോ എന്ന് അദ്ദേഹം അന്ന് ചോദിച്ചപ്പോള്‍ എനിക്ക് വിഷമമുണ്ടായി. കാരണം ഞാനിത്രയും വലുതായി അമ്മയേയും കുടുംബത്തേയും നോക്കാന്‍ പ്രാപ്തയായപ്പോള്‍ അമ്മയെ ജോലിക്കു വിടേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ പിരിയുകയായിരുന്നു. അദ്ദേഹമാണ് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത്. ആ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം നല്ല ഒരു മനുഷ്യനായിരുന്നു. അദ്ദേഹം ഇന്നും എന്റെ നല്ല സുഹൃത്താണ്. അദ്ദേഹവുമായും കുടുംബവുമായും ഇന്നും നല്ല അടുപ്പമുണ്ട്.

ഇന്ന് എന്റെ അമ്മ സ്വന്തമായി ബിസിനസ് നടത്തുന്നുണ്ട്. പിന്നെ എന്റെ പണം കണ്ട് പ്രണയിച്ചു എന്നൊക്കെ പറയുമ്പോള്‍ ഇപ്പോഴും എന്റെ കയ്യില്‍ അത്രയ്ക്ക് വലിയ സമ്പാദ്യമൊന്നുമില്ല. ഞാന്‍ സ്വന്തമായി ഇന്നും പണം സൂക്ഷിക്കാറില്ല, 10 രൂപ കിട്ടുകയാണെങ്കില്‍ പോലും അമ്മയുെട കയ്യിലാണ് കൊടുക്കാറ്. എനിക്ക് നല്ല ഒരു കുടുംബമാണുള്ളത്. എന്റെ അമ്മയും സഹോദരനും എനിക്ക് ജീവിതത്തില്‍ വളരെ വിലപ്പെട്ടവരാണ്.

പിന്നെ ഇത്തരം വാര്‍ത്തകളെയൊക്കെ ഞാന്‍ പോസിറ്റീവായേ കാണാറുള്ളൂ. ഇപ്പോള്‍ യുഎസില്‍ ഒരു ഷോ കഴിഞ്ഞ് വന്നതേ ഉള്ളൂ. പുതിയ ഷോ കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുന്നതേ ഉള്ളൂ. അപ്പോള്‍ ഇത്തരം വാര്‍ത്തകളൊക്കെ നമ്മളെ ലൈംലൈറ്റില്‍ നിര്‍ത്താന്‍ സഹായിക്കും. സുബി ചിരിയോടെ പറയുന്നു.

വീട്ടുകാര്‍ക്ക് എന്നെ വിവാഹം കഴിപ്പിക്കാന്‍ അതിയായ മോഹമുണ്ട്. പക്ഷെ അറേഞ്ച്ഡ് മാരേജിനോട് എനിക്ക് താല്‍പര്യമില്ല. ഏത് ജാതിയാണെങ്കിലും മതമാണെങ്കിലും കുഴപ്പമില്ല, നിനക്കിഷ്ടമുള്ള ആളെ വിവാഹം കഴിച്ചോളാന്‍ വീട്ടുകാര്‍ പറയുന്നുണ്ട്, പക്ഷെ ലൈസന്‍സ് കിട്ടിയപ്പോള്‍ പ്രേമം വരുന്നില്ല, ഞാന്‍ എന്റെ ജീവിതത്തില്‍ പൂര്‍ണമായും സന്തോഷവതിയാണെന്നും സുബി പറഞ്ഞു.

Latest
Widgets Magazine