തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യ താൽപര്യങ്ങൾക്ക് അടിയറ വയ്ക്കാൻ അനുവദിക്കരുത്.-വി.എം.സുധീരൻ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യ താൽപര്യങ്ങൾക്ക് അടിയറ വയ്ക്കാൻ അനുവദിക്കരുതെന്ന് കോൺഗ്രസ് നേതാവ് എം.സുധീരൻ .തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിൻറെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഒരു കാരണവശാലും ന്യായീകരിക്കാനാകാത്തതുമാണ്.തികച്ചും ലാഭകരമായി പ്രവർത്തിച്ചുവരുന്ന ഈ വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിൽ ദുരൂഹതയുണ്ട്.

2017-18 സാമ്പത്തിക വർഷത്തിൽ തന്നെ 169.32 കോടി രൂപയാണ് ഈ വിമാനത്താവളത്തിന്റെ ലാഭം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാത്രക്കാരുടെ എണ്ണത്തിലാകട്ടെ വൻ വർദ്ധനവുണ്ടായിട്ടുണ്ട്.

2011-2012ൽ ആഭ്യന്തര-വിദേശ യാത്രക്കാരുടെ ആകെ എണ്ണം 25 ലക്ഷം ആയിരുന്നത് 2017-18ൽ 44 ലക്ഷമായി ഉയർന്നു.

തുടർ വികസനത്തിൻ്റെ കാര്യത്തിലും വൻ കുതിപ്പിലാണ് ഈ വിമാനത്താവളം. 18 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കുന്ന പ്രക്രിയ പൂർത്തിയാകുന്നോടെ പുതിയ ടെർമിനൽ ബിൽഡിങ്ങിന് വഴിയൊരുങ്ങും. അതിനായി 600 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും നല്ല രീതിയിൽ വർദ്ധനവ് ഉണ്ടാകുന്ന തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യ ഗ്രൂപ്പിന് തീറെഴുതിക്കൊടുക്കുന്നത് മാപ്പർഹിക്കാത്ത ജനദ്രോഹമാണ്.

സ്വകാര്യവൽക്കരണം നടന്ന ഡൽഹി എയർപോർട്ട് ഉൾപ്പെടെയുള്ളയിടങ്ങളിൽ യാത്രക്കാരുടെ മേൽ വൻ സാമ്പത്തിക ഭാരമാണ് അടിച്ചേൽപ്പിക്കപ്പെട്ടിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ വിമാനത്താവളമായി ഡൽഹിയെ ഇൻറർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐ.എ.ടി.എ) ഡയറക്ടർ ജനറൽ തന്നെ വിശേഷിപ്പിച്ചത് ഇത്തരുണത്തിൽ സ്മരണീയമാണ്.

ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സാധാരണക്കാരായ യാത്രക്കാരുടെ മേൽ അധികബാധ്യത വരുത്തിവെക്കുന്ന സ്വകാര്യ ഗ്രൂപ്പുകളുടെ പിടിയിലേക്ക് തലസ്ഥാനനഗരിയിലെ വിമാനത്താവളത്തെ കൈമാറുന്നത് തികഞ്ഞ ജനവഞ്ചനയാണ്.

ഇതിനെതിരെ ശക്തമായ ജനപ്രതിഷേധം ഉയർന്നു വരേണ്ടിയിരിക്കുന്നു.

സംസ്ഥാന സർക്കാരും രാഷ്ട്രീയ നേതൃത്വവും മറ്റ് ജനകീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടു വന്ന് ശക്തമായ സമ്മർദ്ദം ചെലുത്തി കേന്ദ്ര സർക്കാരിൻ്റെ ഈ തീരുമാനം പിൻവലിപ്പിക്കണം.

ഒരു കാരണവശാലും നമ്മുടെ തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യ താൽപര്യങ്ങൾക്ക് അടിയറ വയ്ക്കാൻ അനുവദിക്കരുത്.

Top