ദുരന്ത ദുഖം :കായലില്‍ ചാടി ജീവനൊടുക്കിയ ജാസ്മിന്റെ സഹോദരി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

തിരുവനന്തപുരം: ഇന്നലെ ആക്കുളം കായലില്‍ ചാടി മരിച്ച ജാസ്മിന്റെ സഹോദരിയെ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ ജാസ്മിന്‍ മന്‍സിലില്‍ സജിനിയെയാണ് (26) പേട്ട അറപ്പുരവിളാകം ക്ഷേത്രത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. സഹോദരിയുടെ മരണത്തിലുള്ള വിഷമമാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം എയര്‍പോര്‍ട്ട് ജീവനക്കാരിയായിരുന്ന സജിനി കുറച്ചുനാളായി ബാംഗ്ളൂരിലാണ്. സഹോദരിയുടെ മരണ വിവരമറിഞ്ഞ് ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെത്തി. റെയില്‍വേ സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്കൂട്ടറില്‍ പേട്ടയിലെത്തി. ട്രാക്കിനു സമീപം സ്കൂട്ടര്‍ ഉപേക്ഷിച്ച് ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്കൂട്ടറിലെ നമ്പറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് സജിനിയുടെ വിവരങ്ങള്‍ ലഭിച്ചത്.

കുറച്ചുനാള്‍ മുമ്പ് വിവാഹമോചനം നേടിയ സജിനി കിളിമാനൂരില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. സഹോദരി ജാസ്മിന്റെ സാമ്പത്തിക ബാദ്ധ്യതയില്‍ സജിനിക്കും പങ്കുണ്ടെന്നാണ് ആദ്യവിവരം. രണ്ട് ജീവനുകള്‍ പൊലിഞ്ഞ ആഘാതത്തില്‍ നിന്ന് മുക്തരാകാത്ത ബന്ധുക്കള്‍ക്ക് മുന്നിലേക്ക് ഇന്ന് രാവിലെയാണ് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി എത്തിയത്. ജാസ്മിന്റെയും സജിനിയുടെയും പിതാവായ സൈനുദ്ദീനെ ഇളയ മകളുടെ ദുരന്ത വാര്‍ത്ത ബന്ധുക്കള്‍ അറിയിച്ചിട്ടില്ല. ജാസ്മിന്റെയും മകള്‍ ഫാത്തിമയുടെയും സംസ്കാര ചടങ്ങുകള്‍ക്കിടയിലാണ് സജിനിയുടെ മരണ വാര്‍ത്ത എത്തിയത്. അതോടെ സംസ്കാരചടങ്ങിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നിറുത്തിവച്ചു. സജിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top