‘എന്റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ ക്യൂ നില്‍ക്കും’; സുകുമാരന്‍ അന്ന് പറഞ്ഞ ആ വാക്ക് പിന്നീട് അക്ഷരംപ്രതി ഫലിച്ചു

മലയാള സിനിമയിലേക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല സുകുമാരന്‍ എന്ന കലാകാരനെ. തനിക്ക് ശരിയെന്നു തോന്നുന്നത് വലിപ്പ ചെറുപ്പം നോക്കാതെ ആരോടും വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരനായിരുന്നതുകൊണ്ട് നിഷേധിയെന്ന് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചു. അതുകൊണ്ട് തന്നെ പലപ്പോഴും സിനിമാ സംഘടനകളുമായി ഇടയേണ്ടിയും വന്നിട്ടുണ്ട് അദ്ദേഹത്തിന്. ആ സമയത്ത് സുകുമാരന് വേണ്ടി മാറ്റിവെച്ച പല റോളുകളും മറ്റുപലര്‍ക്കുമായി വഴി തെറ്റി പോവുന്നത് അറിഞ്ഞ, സുകുമാരന്‍ സൗഹൃദം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഷാജികൈലാസിനോട് ഒരു ഡയലോഗ് പറഞ്ഞു. ‘അതേടോ, എന്റെ മക്കളുടെ ഡേറ്റിനായി ഒരിക്കല്‍ മലയാളസിനിമ കാത്തിരിക്കേണ്ടിവരും.’ അന്ന് അതുകേട്ട് ചിരിച്ചു സുകുമാരനോട് നര്‍മ്മവും പറഞ്ഞ് അടുത്ത ഷോട്ടിനായി ഷാജി കൈലസ് തിരിഞ്ഞുവെങ്കിലും ആ ഡയലോഗ് അക്ഷരം പ്രതി ശരിവയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കാലം കാട്ടിത്തന്നത്. എന്റെ മക്കളുടെ ഡേറ്റിനായി മലയാളസിനിമ ഒരിക്കല്‍ ‘എന്റെ വീട്ടുപടിക്കല്‍ ക്യൂ നില്‍ക്കും. നീ നോക്കിക്കോ…’ സുകുമാരന്റെ വാക്കാണ് ഏറ്റവും വലിയ സത്യം. 24 വയസ്സില്‍ മികച്ച നടനുള്ള സംസ്ഥാനപുരസ്‌ക്കാരം സ്വന്തമാക്കി കോളിവുഡും ടോളിവുഡും ബോളിവുഡും കീഴടക്കി തുടര്‍ച്ചയായി ബോക്‌സ് ഓഫീസില്‍ വിജയങ്ങള്‍ മാത്രം തീര്‍ത്ത് പുരസ്‌ക്കാരങ്ങളുടെ കൂമ്പാരവുമായി മലയാളസിനിമയുടെ ചക്രവര്‍ത്തിയായി മാറിയിരിക്കുന്നു, സുകുമാരന്റെ ഇളയ മകന്‍ പൃഥിരാജ്. 2020വരെ പ്രിഥ്വിയ്ക്ക് ഡേറ്റില്ല. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ബോളിവുഡില്‍ നിന്നും ഓഫറുകളുടെ പെരുമഴയാണ് താരത്തിന്. മൂത്ത മകന്‍ ഇന്ദ്രജിത്ത് ആവട്ടെ ചെറുതും വലുതുമായ സിനിമകളുടെ വിജയത്തിലെ ഒഴിച്ചുകൂടാനാവാത്ത കണ്ണിയായി മാറിയിരിക്കുകയാണ്. വില്ലനായും നായകനായും ഹാസ്യതാരമായും അഭിനയത്തിന്റെ അത്ഭുത പ്രതിഭാസമായി നിറഞ്ഞുനില്‍ക്കുകയാണ് ഇന്ദ്രജിത്ത്. ഇപ്പോഴിതാ മലയാളസിനിമയുടെ വ്യാവസായിക ലോകം സുകുമാരന്റെ വീട്ടുപടിക്കല്‍ കാവല്‍ തന്നെയാണ്, ഒന്നുകില്‍ ചേട്ടന്റെ അല്ലെങ്കില്‍ അനിയന്റെ സമ്മതവും കാത്തുകൊണ്ട്.

Top