ജസ്റ്റിസ് കുര്യൻ ജോസഫ് മുംബൈ സ്ഫോടന കേസിലെ ഒന്നാം പ്രതി യാക്കൂബ് മേമനു വധശിക്ഷ വിധിയിൽ മരണ വാറന്റ് റദ്ദാക്കി.നിലപാടുകളി‍ൽ വിധിയെഴുതാൻ ഉറക്കമൊഴിഞ്ഞും നീതിപീഠം

ന്യൂഡൽഹി:സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായി വിഭിന്ന അഭിപ്രായം വന്ന ജസ്റ്റീസ് കുര്യൻ ജോസഫ് മുംബൈ സ്ഫോടന കേസിലെ ഒന്നാം പ്രതി യാക്കൂബ് മേമനു വിധിച്ചിരുന്നു വധശിക്ഷ മരണ വാറന്റ് റദ്ദാക്കി വിഭിന്ന വിധി എഴുതിയിരുന്നു .അതിനാൽ തന്നെ നിലപാടുകളുടെ പേരിൽ സുപ്രീം കോടതി ജ‍‍‍‍ഡ്ജിമാർ രണ്ടു തട്ടിലാകുന്നതു പുതിയ സംഭവമല്ല. യാക്കൂബ് മേമനു വധശിക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ നീതിപീഠം ഉറക്കമില്ലാതെ വാദം കേട്ടതും പുലർച്ചെ വിധി പറഞ്ഞതും രാജ്യം മറന്നിട്ടില്ല. ഈ കേസിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് കുര്യൻ ജോസഫും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. യാക്കൂബ് മേമന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയിൽ ആദ്യം പരിഗണനയ്ക്കെത്തിയതു ജഡ്ജിമാരായ അനിൽ ആർ. ദവെ, കുര്യൻ ജോസഫ് എന്നിവരുടെ ബെഞ്ചിലായിരുന്നു. 2015 ജൂലൈ 28നു ഹർജി തള്ളി ജസ്റ്റിസ് ദവെ വിധിയെഴുതിയപ്പോൾ, മേമനു വിചാരണക്കോടതി നൽകിയ വധശിക്ഷയുടെ അടിസ്ഥാനത്തിലുള്ള മരണ വാറന്റ് റദ്ദാക്കുന്നതായാണു ജസ്റ്റിസ് കുര്യൻ ജോസഫ് വിധിച്ചത്.

യാക്കൂബ് മേമൻ നൽകിയ പിഴവുതിരുത്തൽ ഹർജി സുപ്രീം കോടതി തീർപ്പാക്കിയതു നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും അതു പരിഹരിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വധശിക്ഷ ശരിവച്ച സുപ്രീം കോടതി വിധിക്കെതിരെ മേമൻ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ച ബെഞ്ചിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി വേണമായിരുന്നു പിഴവുതിരുത്തൽ ഹർജി തീർപ്പാകാനെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. ഭിന്നാഭിപ്രായം വന്നതോടെ ഹർജി ജഡ്ജിമാരായ ദീപക് മിശ്ര, പ്രഫുല്ലചന്ദ്ര പാന്ത്, അമിതാവ റോയി എന്നിവരുടെ ബെഞ്ചിനു കൈമാറി. തൊട്ടടുത്ത ദിവസം ഹർജി പരിഗണിച്ചെങ്കിലും ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നിലപാട് സാങ്കേതികമായി നിലനിൽക്കില്ലെന്നായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

രാഷ്ട്രപതി ദയാഹർജിയും തള്ളിയതോടെ 29നു രാത്രി 10.30നു യാക്കൂബ് മേമനു വേണ്ടി പുതിയ ഹർജിയെത്തി. ഇതും ദീപക് മിശ്രയുടെ മൂന്നംഗ ബെഞ്ചിനു തന്നെയാണു ചീഫ് ജസ്റ്റിസ് കൈമാറിയത്. ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി ചേർന്നതു 30നു പുലർച്ചെ 2.15ന്. അവസാന ഹർജിയും തള്ളി 4.55നു വിധിയെത്തി. പുലർച്ചെ 6.43നു വധശിക്ഷ നടപ്പാക്കി.എന്നാൽ, നിയമം മനുഷ്യനു വേണ്ടിയുള്ളതാണെന്നും അതു നിസ്സഹായമല്ലെന്നും ഭരണഘടനാപരമായി ഉന്നതാധികാരമുള്ള സുപ്രീം കോടതി നിസ്സഹായ സ്ഥിതിയിലാവരുതെന്നുമുള്ള ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നിലപാടുകൾ ഏറെ ചർച്ചയായിരുന്നു. നിഥാരി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി സുരീന്ദർ കോലിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതും ഇത്തരത്തിൽ പുലർച്ചെ ചേർന്നാണ്. വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നര മണിക്കൂർ മുൻപാണു 2014 സെപ്റ്റംബർ എട്ടിനു പുലർച്ചെ 1.40നു ജസ്റ്റിസുമാരായ എച്ച്.ആർ. ദത്തു, എ.ആർ. ദാവെ എന്നിവരുടെ ബെഞ്ച് ശിക്ഷ റദ്ദാക്കിയത്.justice-kurian-joseph

അതേസമയം സുപ്രീംകോടതിയിലെ പ്രശ്നങ്ങൾക്കു പരിഹാരമായെന്ന് കരുതുന്നതായി ജസ്റ്റിസ് കുര്യൻ ജോസഫ്. വ്യക്തിയെ മുൻനിർത്തിയല്ല, രാജ്യതാൽപര്യമനുസരിച്ചാണ് കഴിഞ്ഞദിവസം ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്. നീതിക്കും നീതിപീഠത്തിനുമായാണു നിലകൊണ്ടതെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം വ്യക്തമാക്കി.ജനങ്ങൾക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് ഇടപെട്ടത്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ല. ഇതോടെ കാര്യങ്ങൾ സുതാര്യമാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കുര്യൻ ജോസഫ് ഉൾപ്പെടെ സുപ്രീം കോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ വെള്ളിയാഴ്ച വാർത്താസമ്മേളനം നടത്തി ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്നു മുന്നറിയിപ്പു നൽകിയിരുന്നു. സുപ്രീം കോടതിയിൽ കാര്യങ്ങൾ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, രഞ്‌ജൻ ഗൊഗോയ്, മദൻ ബി.ലോക്കുർ, കുര്യൻ ജോസഫ് എന്നിവരാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാർത്താസമ്മേളനം നടത്തിയത്.

പ്രധാന കേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നതിൽ ചീഫ് ജസ്‌റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങൾ സംബന്ധിച്ചാണു ജഡ്‌ജിമാർ മുഖ്യവിമർശനമുന്നയിച്ചത്. ഇക്കാര്യത്തിൽ നാലുപേരും ചേർന്നു രണ്ടുമാസം മുൻപു ചീഫ് ജസ്‌റ്റിസിനെഴുതിയ കത്തിന്റെ കരടും ജഡ്‌ജിമാർ പരസ്യപ്പെടുത്തി. രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തിൽ അസാധാരണ സാഹചര്യമാണിതെന്നും ചീഫ് ജസ്‌റ്റിസിനെ കുറ്റവിചാരണ ചെയ്യണമോയെന്നു രാജ്യം തീരുമാനിക്കട്ടെയെന്നും ചെലമേശ്വർ പറഞ്ഞു.ചീഫ് ജസ്‌റ്റിസ് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന നാലു ജഡ്‌ജിമാരാണ് ചീഫ് ജസ്‌റ്റിസിനെ ചോദ്യം ചെയ്‌തത്. ഇവർ അഞ്ചു പേരാണ് സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങൾ. ഒക്‌ടോബറിൽ ദീപക് മിശ്ര സ്‌ഥാനമൊഴിയുമ്പോൾ പകരം നിയമിക്കപ്പെടാനുള്ളയാളാണ് ജസ്‌റ്റിസ് ഗൊഗോയ്.

Latest
Widgets Magazine