ക്രിമിനല്‍ കേസില്‍ പ്രതിയായാലും ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാം, കേസ് വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ മാത്രം മതി: സുപ്രീം കോടതി

ഡല്‍ഹി: ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെടുന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയല്ലെന്ന് സുപ്രീം കോടതി. എന്നാല്‍ കേസിന്റെ വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇക്കാര്യം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളി.

പൊതുരംഗത്തെ സുതാര്യത പ്രധാനപ്പെട്ട സംഗതിയാണെന്ന്, കേസില്‍ വിധി പറഞ്ഞുകൊണ്ട് ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസുകളുടെ വിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം. എന്നാല്‍ ക്രിമിനല്‍ കേസില്‍ പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു വിലക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇങ്ങനെയൊരു വിലക്കു വേണമെങ്കില്‍ പാര്‍ലമെന്റിലെ നിയമ നിര്‍മാണം വഴിയാണ് കൊണ്ടുവരേണ്ടതെന്ന് കോടതി പറഞ്ഞു.

നിലവില്‍ ക്രിമിനല്‍ കേസില്‍ കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. കേസില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്കു കൂടി ഇതു ബാധകമാക്കണം എന്നാവശ്യപ്പെട്ട് പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷനാണ് സുപ്രിം കോടതിയെ സമീപിച്ചത്. 2011ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ആര്‍ഫ് നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്.

Latest
Widgets Magazine