സ്വവര്‍ഗ്ഗ ലൈംഗീകത ക്രിമിനല്‍ കുറ്റമല്ല: സുപ്രീം കോടതി; ചരിത്രവിധിയെന്ന് ആക്ടിവിസ്റ്റുകള്‍

ലൈംഗീകത വ്യക്തിയുടെ മൗലിക അവകാശമെന്ന് സുപ്രീം കോടതി വിധിച്ചു. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി ചരിത്രപരമായ വിധിയില്‍ പ്രസ്താവിച്ചു. ഏത് ലിംഗത്തിലുള്ള വ്യക്തിയുമായും ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ഒരു വ്യക്തിക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തില്‍ പറഞ്ഞു.

ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ബെഞ്ചിന്റെ യോജിച്ചുള്ള വിധിയാണെന്ന് ദീപക് മിശ്ര വ്യക്തമാക്കി.

ലിംഗ വ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു.

പ്രകൃതി നിയമത്തിനെതിരാണന്ന് ചൂണ്ടിക്കാട്ടിയാണ് 1861ല്‍ സ്വവര്‍ഗ്ഗരതിയെ കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. ഈ നിയമം സ്വാതന്ത്രപ്രാപ്തിക്കു ശേഷവും തുടര്‍ന്നു. നിയമ കമ്മീഷന്റെ 172ാമത് റിപ്പോര്‍ട്ടില്‍ നിയമം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും പ്രാപല്യത്തില്‍ വന്നില്ല.

2009 ജൂലൈയില്‍ സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കി ദില്ലി ഹൈക്കോടതി വിധി പറഞ്ഞു. എന്നാല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ അധികാരം പാര്‍ലമെന്റിനെന്ന് ചൂണ്ടിക്കാട്ടി 2013 ഡിസംബര്‍ 11ന് ദില്ലി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ജി.എസ്.സിംഗ്‌വി അധ്യക്ഷനായ കോടതിയുടെ ആ വിധി രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.

അതിന് ശേഷം വന്ന തിരുത്തല്‍ ഹര്‍ജിയില്‍ കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പിന്നീട് 2016ല്‍ 377-ാം വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നിരവധി പുതിയ ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുമ്പാകെ എത്തി. ഈ ഹര്‍ജികളിലാണ് ഇപ്പോള്‍ വിധി വന്നരിക്കുന്നത്.

നിലവില്‍ 23 ലോക രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ രതി നിയമവിധേയമാണ്.,72 രാജ്യങ്ങളില്‍ കുറ്റകരവും. നിയമവിധേയമാക്കിയ രാജ്യങ്ങളൊക്കെ വികസിത വികസ്വര രാജ്യങ്ങളാണ്. 2011ല്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം എല്‍ജിബിറ്റി സമൂഹത്തിന് നിയമപരിരക്ഷ ഉറപ്പാക്കാന്‍ ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരിന്നു

Top