കണക്കിന് ഞാന്‍ പണ്ടേ പുലിയാ; സുരഭി ലക്ഷ്മിയുടെ ഉത്തരക്കടലാസുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വീട് വൃത്തിയാക്കുന്നതിനിടയില്‍ പഴയ ഉത്തരക്കടലാസുകള്‍ പൊടിതട്ടിയെടുത്ത് ആ ഓര്‍മകള്‍ പങ്കുവച്ച് നടി സുരഭി ലക്ഷ്മി. സുരഭിയുടെ ഫെയ്‌സ്ബുക്ക് ലൈവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ നിന്ന് ലഭിച്ച പരീക്ഷാ പേപ്പറുകളാണ് സുരഭി ലൈവിലൂടെ പുറത്തു കാണിക്കുന്നത്. മാത്രമല്ല പത്താം ക്ലാസില്‍ തനിക്ക് ലഭിച്ച കണക്കിന്റെ മാര്‍ക്കും കഷ്ടിച്ച് ജയിച്ചതും നടി വെളിപ്പെടുത്തുന്നു. 15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഉത്തരക്കടലാസുകളാണ് സുരഭി സൂക്ഷിച്ചു വച്ചിരിക്കുന്നത്. കണക്ക്, ഇംഗ്ലീഷ്, ബയോളജി,മലയാളം, ജ്യോഗ്രഫി, ഹിന്ദി തുടങ്ങി എല്ലാ വിഷയങ്ങളുടെ ഉത്തരക്കടലാസുകളും മാര്‍ക്കും സുരഭി വിശകലനം ചെയ്യുന്നുണ്ട്.

ഇതില്‍ കണക്കിന്റെ മാര്‍ക്ക് വെളിപ്പെടുത്തിയതാണ് രസകരം. 50ല്‍ 13 മാര്‍ക്കാണ് ഉത്തരക്കടലാസില്‍ ലഭിച്ചിരിക്കുന്നത്. ഇതേ മാര്‍ക്ക് തന്നെയായിരുന്നു എസ്എസ്എല്‍സിക്ക് വാങ്ങിയതെന്ന് സുരഭി പറയുന്നു. 13ഉം 12ഉം മാര്‍ക്ക് വാങ്ങി എങ്ങനെയോ രക്ഷപെട്ടുവെന്ന് സുരഭി പറയുന്നു. ഹിന്ദിയുടെ ഉത്തരക്കടലാസില്‍ 50ല്‍ 32 മാര്‍ക്ക് കണ്ട് ഹിന്ദിക്ക് താന്‍ അത്ര മോശമല്ലായിരുന്നെന്നും എന്നാല്‍ കയ്യക്ഷരം നന്നാക്കാമായിരുന്നെന്നും പറയുന്നുണ്ട്. എന്തായാലും ആരും ഒന്ന് മടിക്കുന്ന കാര്യമാണ് വളരെ രസകരമായി സുരഭി പങ്കുവച്ചിരിക്കുന്നത്.‘കണക്ക് അന്നും ഇന്നും കണക്ക് തന്നെ’ എന്ന തലക്കെട്ടോടെ സുരഭി പങ്കുവച്ച ഈ വിഡിയോ നിരവധിപേരാണ് കണ്ടിരിക്കുന്നത്. സ്വന്തം ഉത്തരപേപ്പര്‍ ഇത്ര ധൈര്യത്തില്‍ പങ്കുവച്ച സുരഭിയെ അഭിനന്ദിച്ചിരിക്കുകയാണ് പലരും. അന്ന് ശരാശരി വിദ്യാര്‍ത്ഥിനി ആയത് നന്നായെന്നും അതു കൊണ്ട് ഒരു ദേശീയ അവാര്‍ഡ് ജേതാവിനെ മലയാളത്തിന് കിട്ടി, അല്ലെങ്കില്‍ വല്ല ഡോക്ടറോ എന്‍ജിനീയറോ ആയി ആരും അറിയാതെ പോയെനേ എന്നുമാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

Latest
Widgets Magazine