ഷെറിന്‍ കൊല്ലപ്പെട്ടതില്‍ അവ്യക്തത; കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത; ദത്തെടുത്ത നടപടി അന്വേഷിക്കാന്‍ സുഷമ സ്വരാജ്

അമേരിക്കയിലെ ടെക്സാസില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് മരണപ്പെട്ടത് എങ്ങനെ എന്ന കാര്യത്തില്‍ പൊലീസിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. സംഭവത്തില്‍ പൊലീസിനെ കുഴയ്ക്കുന്ന നിരവിധ കണ്ണികളുണ്ട്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലയുള്ള കലുങ്കിനടിയില്‍ നേരത്തെ പൊലീസ് പരിശോധന നടത്തിയപ്പോള്‍ മൃതദേഹം ലഭിച്ചിരുന്നില്ല. ഇവിടെ ദിവസമായി ജഡം കിടക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷിച്ചുവരുന്നു. നേരത്തെ പരിശോധന നടത്തിയപ്പോള്‍ ഒരു സൂചനയും കിട്ടാതെ മടങ്ങേണ്ടിവന്ന സ്ഥലത്തുനിന്നാണു പിന്നീടു ജഡം കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞത്. കൂടുതല്‍പേരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും നിലവിലുണ്ട്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്.

ഒക്ടോബര്‍ ഏഴിനു കാണാതായ ഷെറിന്റെ ജഡം 22 ന് ആണു കണ്ടെടുത്തത്. അഴുകിയ മൃതദേഹങ്ങള്‍ മണത്തു കണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച നായയാണു കലുങ്കിനടിയില്‍ ജഡം കണ്ടെത്തിയത്. അയല്‍പക്കത്തെ എല്ലാവീടുകളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൃതദേഹം മണത്തുകണ്ടുപിടിക്കുന്ന നായ്ക്കള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി. അറസ്റ്റിലായ പിതാവ് വെസ്ലി മാത്യൂസ് (37) ഇപ്പോള്‍ ഡാലസ് കൗണ്ടി ജയിലിലാണ്. ഇയാള്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷെറിനെ ദത്തെടുത്ത നടപടി സംബന്ധിച്ച അന്വേഷണം നടത്താന്‍ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയോടു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ശിശുക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം ഉറപ്പാക്കിയിട്ടു മാത്രമേ ദത്തെടുക്കുന്ന കുട്ടികള്‍ക്കു പാസ്പോര്‍ട്ട് നല്‍കാവൂ എന്നും സുഷമ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ദത്തെടുക്കല്‍ നടപടികള്‍ നിയന്ത്രിക്കുന്ന നോഡല്‍ ഏജന്‍സിയായ ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്സ് അഥോറിറ്റി ഷെറിന്റെ മരണം സംബന്ധിച്ചു വിശദാംശങ്ങള്‍ തേടി യുഎസ് ഏജന്‍സിയുമായി ബന്ധപ്പെട്ടു. ഷെറിനെ 2016 ജൂലൈയില്‍ ദത്തെടുത്തതിനുശേഷം യുഎസ് ഏജന്‍സി നല്‍കിയ നാലു റിപ്പോര്‍ട്ടുകളിലും പുതിയ സാഹചര്യങ്ങളുമായി ഷെറിന്‍ പൊരുത്തപ്പെട്ടുവരുന്നുണ്ടെന്നും സുരക്ഷിതയാണെന്നും ആണ് അറിയിച്ചിരുന്നത്.

ഷെറിന്റെ മരണത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും സുഷമ വ്യക്തമാക്കി. നാളന്ദയിലെ മദര്‍ തെരേസ അനാഥ് സേവ ആശ്രമത്തില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിന്‍ മാത്യൂസ് എന്നു മാറ്റുകയും ചെയ്തു. ഷെറിനു നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു.

ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടതായി തെളിഞ്ഞതുമുതല്‍ ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. കുട്ടിയെ ദത്തെടുത്തതു നടപടിക്രമങ്ങള്‍ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ലാ മജിസ്‌ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തില്‍ അന്വേഷണവും നടന്നുവരികയാണ്. അതേസമയം, കുട്ടിയെ ദത്തുനല്‍കിയ നാളന്ദയിലെ സ്ഥാപനം ഒന്നരമാസം മുന്‍പു പൂട്ടിച്ചതായി ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചിരുന്നു.

അതേസമയം, ഷെറിന്‍ മാത്യൂസിന്റെ മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടിനായി ഇന്ത്യയിലെ ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്സ് അഥോറിറ്റി യുഎസ് സെന്‍ട്രല്‍ അഥോറിറ്റി ഫോര്‍ ഹേഗ് അഡോപ്ഷന് കത്തെഴുതിയതായാണ് വിവരം. ഷെറിന്റെ യുഎസിലെ ജീവിതത്തെക്കുറിച്ച് നാലു റിപ്പോര്‍ട്ടുകള്‍ ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവയെല്ലാം ഷെറിന്റെ മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ളതാണ്.
വീട്ടില്‍നിന്നു ഭക്ഷണം കഴിക്കുന്നതിനേക്കാളും പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നതിലാണു ഷെറിന്‍ താല്‍പര്യം കാട്ടിയിരുന്നതെന്നും അതിനാല്‍ വീട്ടില്‍ ഭക്ഷണം നല്‍കുന്നതു മാതാപിതാക്കള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ദത്തെടുത്ത കാലത്തുതന്നെ കുട്ടിക്കു പോഷകാഹാരക്കുറവുണ്ടായിരുന്നുവെന്നും തൂക്കം കുറവായിരുന്നുവെന്നും ബിഹാറിലെ ഗയയിലുള്ള മാതാപിതാക്കള്‍ നാളന്ദയിലെ മദര്‍ തെരേസ ആശ്രമം വക അനാഥാലയത്തില്‍ ഏല്‍പിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

Top