റിയൊ ഒളിമ്പിക്സില്‍ കയറാനുള്ള അവസാന ശ്രമവുമായി സുശീല്‍ ഹൈക്കോടതിയില്‍; ട്രയല്‍സ് നടത്തണമെന്നാവശ്യം

16sushil

ദില്ലി: റിയൊ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള എല്ലാ അവസരങ്ങളും വിഫലമായപ്പോള്‍ ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ നിയമത്തിന്റെ സഹായം തേടുന്നു. ഒരു അവസരം കൂടി നല്‍കണമെന്നാണ് സുശീലിന്റെ ആവശ്യം. 74 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലെ മത്സരാര്‍ത്ഥിയെ കണ്ടെത്താന്‍ ട്രയല്‍സ് നടത്തണമെന്ന ആവശ്യവുമായി സുശീല്‍ ദില്ലി ഹൈക്കോടതിയെയാണ് സമീപിച്ചത്.

ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. നിലവില്‍ 74 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലേക്ക് നര്‍സിംഗ് യാദവാണ് യോഗ്യത നേടിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. അതിനാല്‍ തങ്ങള്‍ക്കിടയില്‍ ട്രയല്‍സ് നടത്തി കഴിവുള്ളയാളെ കണ്ടെത്തണമെന്നാണ് സുശീലിന്റെ വാദം. ഇക്കാര്യമാവശ്യപ്പെട്ട് താരം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടയില്‍ ഇന്നലെ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പരിശീലന ക്യാംപില്‍ നിന്നും സുശീലിനെ ഒഴിവാക്കി. ഇതും താരത്തിന് തിരിച്ചടിയായിരുന്നു. ബുധനാഴ്ച മുതല്‍ സോനേപേട്ടിലാണ് ക്യാംപ് ആരംഭിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഫെഡറേഷന് കായികമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു ട്രയല്‍സ് നടത്തി തീരുമാനമെടുക്കുന്നതില്‍ ഫെഡറേഷന് താത്പര്യമില്ല.

ഇതോടെ രണ്ടുതവണ ഒളിമ്പിക്സ് മെഡല്‍ ജേതാവായ സുശീലിന്റെ ഇത്തവണത്തെ ഒളിമ്പിക് മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ലോകചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തോടെയാണ് നര്‍സിംഗ് ഒളിമ്പിക്സ് യോഗ്യത നേടിയത്.

Top