വിദേശകാര്യവകുപ്പില്‍ തിളങ്ങിയ സുഷമ സ്വരാജ് രാഷ്ട്രപതി സ്ഥാനത്തേക്ക് …?

ന്യുഡല്‍ഹി :രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി നീക്കം. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ട് വച്ച എല്ലാ യോഗ്യതകളും ഉള്ള നേതാവാണ് സുഷമാ സ്വരാജ്. പ്രതിപക്ഷവുമായി സമവായത്തിലെത്തി തെരഞ്ഞെടുപ്പില്ലാതെ രാഷ്ട്രപതിയെ കണ്ടെത്താനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തുടക്കത്തില്‍ ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ പേരായിന്നു ഏറ്റവും അധികം പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ ബാബറി മസ്ജിദ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ അദ്വാനിയുടെ സാധ്യത അടഞ്ഞു. പിന്നീട് നിരവധി പേരുകള്‍ പറഞ്ഞുകേട്ടുവെങ്കിലും ഒടുവില്‍ നറുക്ക് വീണിരിക്കുന്നത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനാണ് എന്നാണ് സൂചന. പൊതുസമ്മതയായ സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനമാണ് സുഷമയിലേക്ക് എത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രണബ് മുഖര്‍ജിക്ക് പിന്മാഗിമായി സുഷമ സ്വരാജ് എത്തുമെന്ന് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ നല്‍കുന്ന സൂചന അനുസരിച്ച് ന്യൂസ് 18 ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിജെപിയും ആര്‍എസ്എസും മുന്നോട്ട് വെച്ച ഗുണങ്ങളെല്ലാം തികഞ്ഞ നേതാവായാണ് സുഷമയെ വിലയിരുത്തുന്നത്.സഖ്യകക്ഷികളല്ലാത്ത എഐഎഡിഎംകെ, ടിആര്‍എസ് പോലുള്ള പ്രാദേശിക പാര്‍ട്ടികളുടെ കൂടി പിന്തുണ ഉറപ്പിച്ചതോടെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പാണ്. ബിജെപിക്കും ആര്‍എസ്എസിനും ഒരുപോലെ സമ്മതനായ വ്യക്തി എന്ന നിലയ്ക്കാണ് സുഷമ തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുഎന്നിവരടങ്ങുന്ന സംഘമാണ് പ്രതിപക്ഷ നേതാക്കളായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്നിവരെ കണ്ട് ചര്‍ച്ച നടത്തുക.വെള്ളിയാഴ്ച പ്രതിപക്ഷ നേതാക്കളുമായി എന്‍ഡിഎ നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ സുഷമ സ്വരാജിന്റെ പേര് മുന്നോട്ട് വെയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. സുഷമ സ്ഥാനാര്‍ത്ഥിയാകുന്നത് പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെ എങ്കിലും പിന്തുണ ഉറപ്പിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘപരിവാര്‍ ബന്ധമില്ലാത്ത ഒരാളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനായിരുന്നു ബി.ജെ.പിയുടെ ആലോചന. എന്നാല്‍ ആര്‍ എസ് എസ് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.ബി.ജെ.പി രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്നതും സംഘപരിവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതുമായ ഒരാളെ വേണമെന്ന് ആര്‍ എസ് എസ് ഉറപ്പ നിലുപാടെടുത്തു. ഇതോടെയാണ് സുഷമയുടെ പേരിന് മുന്‍തൂക്കം കിട്ടിയത്.ആര്‍ എസ് എസ്സിനൊപ്പം സ്ഥാനാര്‍ത്ഥിയാകുന്ന വ്യക്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമ്മതനാവണം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കുള്ള നറുക്ക് സുഷമയ്‌ക്ക് തന്നെ വീഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഷമയാണെങ്കില്‍ മമതാ ബാനര്‍ജി, നവീന്‍ പട്നായിക്ക് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ എതിര്‍ക്കാന്‍ ഇടയില്ലെന്നാണ് ആര്‍ എസ് എസ്സിന്‍റെ അനുമാനം.

ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സുഷമാ സ്വരാജ് തയ്യാറായില്ല. ഉടന്‍തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചുള്ള ബി.ജെ.പിയുടെ അന്തിമ പ്രഖ്യാപനം വരുമെന്നും അതിന് ശേഷം പ്രതികരിക്കാമെന്നും സുഷമ പറഞ്ഞു.

 

Top