വൈദ്യശ്രേഷ്ഠനും വാഗ്മിയും പണ്ഡിതനുമായ സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് നിര്യാതനായി

ഒറ്റപ്പാലം: വൈദ്യശ്രേഷ്ഠനും വാഗ്മിയും പണ്ഡിതനുമായ പാലപ്പുറം കയറംപാറ പാലിയില്‍ മഠത്തില്‍ സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് (91) നിര്യാതനായി. രണ്ട് ദിവസമായി പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വാമിയുടെ അന്ത്യം വ്യാഴാഴ്ച വൈകുന്നേരം 5.43നായിരുന്നു. രാത്രിയോടെ പാലിയില്‍ മഠത്തിലത്തെിച്ച മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം മൂന്നിന് പാലിയില്‍ മഠത്തില്‍ സംസ്കാരം നടക്കും.കയറംപാറ സ്വാമിയെന്ന് നാട്ടുകാര്‍ ബഹുമാനത്തോടെ പരിചയപ്പെടുത്തിയിരുന്ന നിര്‍മലാനന്ദഗിരി മഹാരാജ് പ്രഭാഷകന്‍, യോഗാചാര്യന്‍, ഗ്രന്ഥകാരന്‍ തുടങ്ങിയ നിലകളിലും അറിയപ്പെട്ടു. സംസ്കൃതം, മര്‍മചികിത്സ എന്നിവയില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്നു. ശിവാനന്ദ മാര്‍ഗമെന്നറിയപ്പെടുന്ന സങ്കരസമ്പ്രദായമാണ് ഇദ്ദേഹം പിന്തുടര്‍ന്നിരുന്നത്.

അപൂര്‍വവൈദ്യന്‍ …..മനോരമയി  ജോമി തോമസിന്റെ ഓര്‍മയിലെ സ്വാമിജി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇനി ഞാന്‍ രോഗങ്ങളെ പേടിക്കണം. കഴിഞ്ഞ 16 വര്‍ഷമായി ആ പേടിയില്ലായിരുന്നു. ഏതു രോഗം വന്നാലും ഫോണ്‍വിളിപ്പുറത്ത് സ്വാമിജി ഉണ്ടായിരുന്നു. ആര്‍ക്കുവേണ്ടി വിളിച്ചാലും കേള്‍ക്കുന്ന വിളി. ഹരി ഓം! അല്ലെങ്കില്‍ പഞ്ചാക്ഷരി പറഞ്ഞു തുടങ്ങി, ശരി – ഹരി ഓം! പറഞ്ഞവസാനിപ്പിക്കുന്ന സംഭാഷണത്തിനിടെ സ്വാമിജി മരുന്നു പറഞ്ഞുതരും. ഒരു മരുന്നല്ല, പല മരുന്നുകള്‍. ഒന്നു കിട്ടിയില്ലെങ്കില്‍ പ്രയോഗിക്കാന്‍ മറ്റൊന്ന്. ആയുര്‍വേദവും ഹോമിയോയും യുനാനിയും ഒറ്റമൂലികളും പ്രായോഗിക ബുദ്ധിയമൊക്കെ ആ പട്ടികയിലുണ്ടാവും. പ്രിയപ്പെട്ടവര്‍ രോഗക്കിടക്കയിലായപ്പോള്‍ വിളിച്ചപ്പോഴൊക്കെ സ്വാമിജി ഡല്‍ഹി ഉള്‍പ്പെടെ എവിടേക്കും ഓടിവന്നു.

ഘനഗംഭീരം എന്നതിന്റെ പര്യായമായിരുന്നു സ്വാമിജിയുടെ ശബ്ദം, മൂന്നു മാസം മുന്‍പു വരെ. ആ ശബ്ദത്തിനുപോലും രോഗങ്ങളെ അകറ്റാനുള്ള ആജ്ഞാശക്തിയുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്ന് എന്നെ വിളിച്ചപ്പോള്‍ ആ ശബ്ദം എന്നെ കരയിപ്പിച്ചു. അതു സ്വാമിജിയുടെ ശബ്ദമല്ലായിരുന്നു. വിരക്തികലര്‍ന്ന ചിരി ആ വാക്കുകളിലില്ലായിരുന്നു. നല്ല വേദനയുണ്ട് എന്നു പറഞ്ഞു. ഡോക്ടര്‍മാരെക്കുറിച്ചും ചികില്‍സയുടെ വിശദാംശങ്ങളും പറഞ്ഞപ്പോള്‍ ഓരോ വാക്കിലും വേദന പറ്റിപ്പിടിച്ചിരുന്നു.
കഴിഞ്ഞ മാസം 11ന് ഒറ്റപ്പാലത്തെ പാലിയില്‍ മഠത്തിന്റെ മുകളിലത്തെ നിലയിലിരുന്നപ്പോള്‍, വായുകോപം അലട്ടുന്നതിനെക്കുറിച്ചായിരുന്നു സ്വാമിജിയുടെ വല്ലായ്മ. ചാരു കസേരയിലിരുന്ന കാലു നീട്ടി. രമണ മഹര്‍ഷിയുടേതുപോലൊരു ഭാവത്തില്‍ കൈകൊണ്ടു തല താങ്ങി. വേദന കുറഞ്ഞുവെന്നും വേഗം കാര്യങ്ങള്‍ സാധാരണഗതിയിലാകുമെന്നും പറഞ്ഞ സ്വാമിജി, ഇനിയും തനിക്കു ചെയ്യാന്‍ കാര്യങ്ങളുണ്ട് എന്ന വെമ്പലോടെയാണ് സംസാരിച്ചത്. ഏതാനും വര്‍ഷം മുന്‍പ് തലശേരിയില്‍ ഒരു വേദിയില്‍വച്ചുണ്ടായ വീഴ്ചയെക്കുറിച്ചു പറഞ്ഞപ്പോള്‍, തന്നെ വീഴ്ത്തണമെന്നു വാശിയുണ്ടായിരുന്നയാളാണ് കസേര ശരിയല്ലാത്ത വിധത്തില്‍ വച്ചതെന്നു തമാശ പറഞ്ഞു. അണുബാധ ഭയന്ന് സന്ദര്‍ശകരെ വിലക്കിയിരിക്കുന്നതിന് ടീച്ചറിനെയും മനുവിനെയും മറ്റുള്ളവരെയുംകുറിച്ച് പരാതി പറഞ്ഞു. അണുബാധയ്ക്ക് ഇടയാക്കരുതെന്നു കരുതി യാത്ര പറയാനൊരുങ്ങുമ്പോഴും സ്വാമിജി പറഞ്ഞു, വണ്ടി കിട്ടിയില്ലെങ്കില്‍ ഇങ്ങു പോരണം, നമുക്കു വര്‍ത്തമാനം പറഞ്ഞിരിക്കാം.

ലോകത്തിലെ ഏതു കാര്യത്തെക്കുറിച്ചും സംസാരിക്കാന്‍ സ്വാമിജിക്ക് ഇഷ്ടമായിരുന്നു. വൈദ്യവും രാഷ്ട്രീയവും ആഹാരങ്ങളും വിരുദ്ധാഹാരങ്ങളും ജാതിയും മതവുമുള്‍പ്പെടെ എന്തും. ആശാനും വയലാറുമൊക്കെ ഇഷ്ടകവികളായിരുന്നു. അപ്പോഴും ഇഷ്ടവിഷയം അലോപ്പതി ചികില്‍സയും മരുന്നുകളുടെ പേരിലുള്ള തട്ടിപ്പുകളുമായിരുന്നു. വെല്ലൂരിലെ നല്ല അനുഭവത്തിനുശേഷം, അവിടുത്തെ ഡോക്ടര്‍മാരെയും ശുശ്രൂക്ഷയെയുംകുറിച്ചും വാചാലനായി. രോഗികളെ ചികില്‍സിച്ചു കഴിഞ്ഞ് വിശ്രമിക്കുമ്പോഴുള്ള വിളി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആഴ്ചയിലൊരിക്കലെങ്കിലുമുള്ള പതിവായിരുന്നു. ദൈവത്തെക്കുറിച്ചു ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല. അനേകര്‍ക്ക് സൗഖ്യംപകരുന്ന അപൂര്‍വ വൈദ്യനോട് എന്തിനാണ് ദൈവത്തെക്കുറിച്ചു ചോദിക്കുന്നത്?

 

മൂന്നു വര്‍ഷം മുന്‍പ്, രോഗം അലട്ടിയ കാലത്ത് പാലിയില്‍ മഠത്തിന്റെ ഉമ്മറത്തിരുന്നു വിശ്രമിക്കുമ്പോള്‍ ചിലര്‍ വന്ന് സ്വാമിജിക്കു മുന്നില്‍ സാഷ്ടാംഗം നമിക്കുന്നു. എനിക്കു ചിരിയടക്കാനായില്ല. ഇതെത്രകാലമായി എന്ന് ചിരിച്ചുകൊണ്ടുതന്നെ ഞാന്‍ ചോദിച്ചു. ‘ഓരോരുത്തര്‍ക്കു സുഖം കിട്ടാന്‍ ഓരോ മാര്‍ഗങ്ങള്‍. എനിക്കു പ്രത്യേകിച്ചു നഷ്ടമൊന്നുമില്ല. തനിക്കു ചിരിക്കാനുമൊരു കാരണമായി.‘ പാലിയില്‍ മഠത്തില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ പ്രതിഷ്ഠയുണ്ടെന്നും തന്നെവച്ച് അമ്പലമാക്കരുതെന്ന മുന്‍കരുതലാണതെന്നും സ്വാമിജി തമാശ പറഞ്ഞു. ആശ്രമം സ്ഥാപിക്കാത്തതും ശിഷ്യരെ സൃഷ്ടിക്കാത്തതുമൊക്കെ ദൈവമാക്കുമെന്നു ഭയന്നിട്ടാണെന്നു പറഞ്ഞ് പൊട്ടിച്ചിരിച്ചു. കറുത്തു കട്ടിപിടിച്ച പുരികത്തിനു ചുവട്ടിലെ ഉരുണ്ട കണ്ണുകളെപോലും തിളങ്ങുന്നതായിരുന്നു ആ ചിരി.

 

അന്നാണു ഞാന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ സ്വാമിജിയോടു സംസാരിച്ചത്. ഒരു സന്യാസിയോടു സാധാരണ ചോദിക്കാന്‍ പറ്റാത്തതോ ചോദിക്കാറില്ലാത്തതോ ആയ കാര്യങ്ങളുള്‍പ്പെടെ. പൂര്‍വാശ്രമവും തമിഴ്നാട്ടില്‍ കുറ്റാലത്തെ വാസവും പഠനവുമൊക്കെ പറഞ്ഞു. അച്ഛനമ്മമാരെക്കുറിച്ചു പറഞ്ഞു. ഉത്തരേന്ത്യയിലെ ജീവിതത്തെക്കുറിച്ചു പറഞ്ഞു. പലതും കുറിച്ചെടുക്കാന്‍ തുനിഞ്ഞപ്പോള്‍ സ്വാമിജി ചിരിച്ചു. കുറിക്കുന്നത് രസച്ചരടു പൊട്ടിക്കുന്നുവെന്നായപ്പോള്‍ അതു നിര്‍ത്തി. എട്ടാം വയസില്‍ തനിക്കു പിടിപ്പെട്ട രോഗത്തെക്കുറിച്ചും അതു തന്നെ ഇപ്പോഴും പിന്തുടരുന്നതിനെക്കുറിച്ചും പറഞ്ഞു. സ്വാമിജിയുടെ സ്വദേശം ഇരിട്ടിയാണെന്നും ഏറ്റുമാനൂരാണെന്നുമൊക്കെ പല കഥകളുണ്ടെന്നു പറഞ്ഞപ്പോള്‍, പൊട്ടിച്ചിരിച്ചു. സ്വാമിജി തുടര്‍ന്നു: എവിടെയെങ്കിലും ജനിച്ചിട്ടുണ്ടല്ലോ, ആശ്വാസം; അച്ഛനമ്മമാരൊന്നുമില്ലാത്ത അവതാരമാണെന്ന് പറയാത്തതു ഭാഗ്യം!

ചികില്‍സകള്‍ക്ക് സ്വാമിജിക്ക് പ്രതിഫലം വേണ്ടായിരുന്നു. അഞ്ചു വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ വന്നപ്പോഴാണ് തനിക്ക് എന്തെങ്കിലുമൊരു സംഗതി വേണമെന്നു സ്വാമിജി പറഞ്ഞത്. അത് എന്റെ കൈവശമുള്ള ഒരു പുസ്തകമായിരുന്നു. വിളയന്നുര്‍ രാമചന്ദ്രന്റെ, ദി ടെല്‍-ടേല്‍ ബ്രെയിന്‍. ഇതു ഞാനെടുക്കുകയാണ് എന്നു പറഞ്ഞു. സ്വാമിജിക്ക് ആശങ്കയുണ്ടായിരുന്നത് വര്‍ഗീയതയെയാണ്. പ്രത്യേകിച്ചും, ഭൂരിപക്ഷ വര്‍ഗീയതയെ. അതിന്റെ ലക്ഷണങ്ങളും വഴികളും സ്വാമിജി എണ്ണിയെണ്ണി പറയുമായിരുന്നു. അതൊക്കെ ഡല്‍ഹിയില്‍ പരിചയമുള്ള നേതാക്കളോടൊക്കെ പറയണമെന്നും നിര്‍ദ്ദേശിക്കും. അധികാരക്കളികള്‍ മാത്രമുള്ള ഡല്‍ഹിയില്‍ ഞാനാരോടു പറയാനാ സ്വാമിജീ എന്നു ചോദിക്കുമ്പോള്‍ മറുപടി: പറഞ്ഞാല്‍ തനിക്കും വരുന്ന തലമുറയ്ക്കുമൊക്കെ കൊള്ളാം.

അദ്വൈത വേദാന്തത്തിലെ അവസാനവാക്കെന്നു വിശേഷിപ്പിക്കപ്പെട്ട കാശികാനന്ദഗിരി മഹാരാജ് 2014 ജനുവരി – ഫെബ്രുവരിയില്‍ കേരളത്തിലേക്കു വന്നു. ആ മഹാജ്ഞാനിയെക്കുറിച്ചു ഫീച്ചര്‍ തയ്യാറാക്കാനുള്ള വിവരങ്ങള്‍ സ്വാമിജിയാണു പറഞ്ഞുതന്നത്. സ്വാകാശികാനന്ദഗിരി സ്വാമികളെക്കുറിച്ചാണു പറഞ്ഞതെങ്കിലും ഞാന്‍ കേട്ടതത്രയും വേദവും വേദാന്തവുമായിരുന്നു, വ്യാഖ്യാനങ്ങള്‍ സഹിതം. ഭാരതത്തിലെ സന്യാസ പാരമ്പര്യങ്ങളുടെ പ്രത്യേകതയും പ്രാധാന്യവും സ്വാമിജി വിശദീകരിച്ചു. അതേ വര്‍ഷം കാശികാനന്ദഗിരി സ്വാമികള്‍ സമാധിയായപ്പോള്‍, സ്വാമിജിയുടെ വിളി വന്നു. പ്രാധാന്യത്തോടെ വാര്‍ത്തകൊടുക്കണമെന്ന് ഉപദേശം.സ്വാമിജി വാര്‍ത്തയും പ്രസിദ്ധിയും ആഗ്രഹിച്ചില്ല. അറിഞ്ഞതും പഠിച്ചതും ഉള്ളില്‍ത്തെളിഞ്ഞതുമായ ജ്ഞാനം മറ്റുള്ളവര്‍ക്കായി പ്രയോജനപ്പെടുത്തണമെന്നേ ആഗ്രഹിച്ചിള്ളു. അതിന്റെ ഫലങ്ങളില്‍ അഹം തൊടരുതെന്ന് സ്വാമിജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആകെ രണ്ടു തവണയാണ് ഞാന്‍ ആ കാലുകളില്‍ തൊട്ടു വന്ദിച്ചത്. 2001ല്‍ എന്റെ മനസില്‍ പ്രതിഷ്ഠിച്ചപ്പോള്‍. പിന്നെ, കഴിഞ്ഞ മാസം 11ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍. രണ്ടു തവണയും സ്വാമിജി ചിരിച്ചു. ഇന്ന് ഒരു തവണ കൂടി നമിക്കുന്നു. രോഗാതുരമായ ലോകത്തില്‍, സ്വാമിജി ഇനിയില്ല എന്ന ഭയത്തോടെ.

കടപ്പാട് മനോരമ :

Top