ചാനലില്‍ വരാന്‍ രൂപതയുടെ അനുമതി, സമരം ചെയ്യുന്നവര്‍ കാനോനിക നിയമം പാലിക്കണം: കടുത്ത തീരുമാനങ്ങളുമായി സിറോ മലബാര്‍ സഭ

സഭ ഏറ്റവും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയ കാലഘട്ടമാണിത്. സഭയ്ക്കുള്ളിലും പുറത്തുമായി അനേകം വിവാദങ്ങളും സമരങ്ങളും ചര്‍ച്ചകളും ഉയര്‍ന്ന സമയം. ഇതിനെതിരെ എല്ലാം കടുത്ത നിലപാട് കൈക്കൊള്ളുകയാണ് സിറോ മലബാര്‍ സഭാ സിനഡ്. സഭയില്‍ അച്ചടക്കം പുനഃസ്ഥാപിക്കാന്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി.

ഏതെങ്കിലും ആശയത്തിന്റേയോ വ്യക്തിയുടേയോ പേരില്‍ സഭയില്‍ വിഭാഗീയത സൃഷ്ടിക്കുന്നതിനെ ഗുരുതര അച്ചടക്ക ലംഘനമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിനഡ് മുന്നറിയിപ്പ് നല്‍കി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ രൂപതാധ്യക്ഷന്റെ അനുമതി വേണമെന്നും സിനഡ് നിര്‍ദേശിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനഡിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ച് ഞായറാഴ്ച പള്ളിയില്‍ വായിക്കാന്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തയാറാക്കിയ സര്‍ക്കുലറിലാണ് വൈദികര്‍ക്കും സന്യസ്തര്‍ക്കും കര്‍ശനമായ അച്ചടക്ക വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നത്.

സഭയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്ന വ്യക്തികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കാനും രൂപതാധ്യക്ഷന്മാര്‍ക്കും സന്യാസസമൂഹാധികാരികള്‍ക്കും സിനഡ് നിര്‍ദേശം നല്‍കി. ചാനല്‍ചര്‍ച്ചകളിലും അഭിമുഖങ്ങളിലും രൂപതാധ്യക്ഷന്റെയോ മേജര്‍ സൂപ്പീരിയറുടേയോ അനുമതിയോടെ മാത്രമേ വൈദികരും സന്യസ്തരും പങ്കെടുക്കാന്‍ പാടുള്ളൂ.

സഭാകേന്ദ്രങ്ങളില്‍ നിന്നു നിയോഗിക്കുന്നവര്‍ മാത്രമേ സഭയുടേയും സഭാതലവന്റേയും പേരില്‍ മാധ്യമങ്ങളില്‍ സംസാരിക്കാവൂ. സമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടുന്ന വൈദികരും സന്യസ്തരും കാനോനികനിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ വരുത്തുന്ന വീഴ്ച അച്ചടക്കലംഘനമായി കണക്കാക്കപ്പെടും. വൈദികരോ സന്യസ്തരോ ആയി തുടരുന്നിടത്തോളം കാലം അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സമീപകാലത്ത് ചില വൈദികരും സന്യസ്തരും നടത്തിയ പരസ്യപ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ എല്ലാസീമകളും ലംഘിച്ചതായി സിനഡ് വിലയിരുത്തി. അച്ചടക്കനടപടികളെ സഭാവിരുദ്ധഗ്രൂപ്പുകളുടേയും മാധ്യമങ്ങളുടേയും പിന്തുണയോടെ പ്രതിരോധിക്കാനുള്ള പ്രവണത അംഗീകരിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

Top