ടാറ്റയുടെ കേരളത്തിലെ രഹസ്യ ബിസിനസ്സ് പരസ്യമാകുന്നു; നേടിയത് 52 കോടി; പന്ത്രണ്ടോളം രാജ്യങ്ങളിലേക്ക് കയറ്റുമതി

കൊച്ചി: കേരളത്തില്‍ ടാറ്റയുടെ നന്നായി സൂക്ഷിച്ചുവച്ച രഹസ്യം (വെല്‍കെപ്റ്റ് സീക്രറ്റ്) എന്നാണ് ഈ ബിസിനസിനെ വിശേഷിപ്പിക്കുന്നത്. എന്താണ് ടാറ്റ കേരളത്തില്‍ ചെയ്യുന്ന ആ രഹസ്യ ബിസിനസ്സ് എന്നല്ലേ അത് മറ്റൊന്നുമല്ല കൊച്ചിയിലെ ടാറ്റ സിറാമിക്‌സാണത്. ഒരു ഡസനിലേറെ രാജ്യങ്ങളിലെ തീന്‍മേശകളിലേക്ക് ലോക നിലവാരത്തിലുള്ള കളിമണ്‍ പാത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ടാറ്റ സിറാമിക്‌സ് 22 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 52 കോടി രൂപ വിറ്റുവരവിലെത്തുകയാണ്.

പാത്രങ്ങളും കൗതുക വസ്തുക്കളുമായി ഇവിടെ ഉല്‍പാദിപ്പിക്കുന്നവയുടെ എണ്ണം 50 ലക്ഷവും കവിയുന്നു.ടാറ്റ വ്യവസായ സാമ്രാജ്യത്തിന് കേരളത്തില്‍ നാലു തരം നിക്ഷേപമേയുള്ളു. മൂന്നാര്‍ തേയിലത്തോട്ടങ്ങള്‍, താജ് ഹോട്ടലുകള്‍, ടിസിഎസ്, പിന്നെ ടാറ്റ സിറാമിക്‌സ്. നൂറിലേറെ വന്‍കിട കമ്പനികളുള്ള ടാറ്റയ്ക്ക് കേരളത്തിലുള്ള ഏക മാന്യുഫാക്ചറിങ് ഫാക്ടറിയും ഇതു മാത്രമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രപതിഭവനിലെ തീന്‍മേശയില്‍ ഇവിടുത്തെ ഡിന്നര്‍ സെറ്റുകളാണ് ഉപയോഗിക്കുന്നത്. അശോകസ്തംഭം പതിപ്പിച്ച പ്ലേറ്റുകളും കപ്പുകളും സോസറുകളും ഇന്ത്യന്‍ എംബസികളിലെ തീന്‍മേശകളെയും അലങ്കരിക്കുന്നു. ബ്രിട്ടിഷ് എയര്‍വെയ്‌സ് ഉള്‍പ്പെടെ അരഡസന്‍ വിമാനക്കമ്പനികളിലെ ബിസിനസ് ക്ലാസില്‍ ഇതേ പാത്രങ്ങളിലാണ് തീനും കുടിയും. പഞ്ചനക്ഷത്ര ഹോട്ടല്‍ ചെയിനുകളിലെ തീന്‍മേശകളിലുമുണ്ട്. കേരളത്തിന്റെ കളിമണ്ണ് (തിരുവനന്തപുത്തുനിന്നു വരുന്നത്) അതിനായി ഉപയോഗിക്കുന്നുമുണ്ട്.

കൊച്ചിയില്‍ ടോംകോയുടെ ഉപകമ്പനിയായിട്ടാണ് 1995ല്‍ ടാറ്റ സിറാമിക്‌സ് ആരംഭിച്ചത്. ടോംകോയെ ഹിന്ദുസ്ഥാന്‍ ലീവറിനു വിറ്റപ്പോള്‍ സിറാമിക്‌സ് ടാറ്റ പവറിന്റെ ഉപകമ്പനിയായി മാറി. ലോകവിപണി പിടിക്കാന്‍ ഉന്നത ഗുണനിലവാരം ആദ്യമേ നിഷ്‌ക്കര്‍ഷിച്ചതിനാല്‍ ബ്രിട്ടിഷ് പിഞ്ഞാണക്കമ്പനിയായ വെഡ്ജ്‌വുഡ് വിദഗ്ധര്‍ കൊച്ചിയില്‍ വന്ന് അവരുടെ സാങ്കേതികവിദ്യ ഇവിടെ പകര്‍ത്തിയാണ് ഉത്പാദനം തുടങ്ങിയത്. ഇന്ത്യയില്‍ ഗുജറാത്ത്, യുപി, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ അനേകം പിഞ്ഞാണക്കമ്പനികളുണ്ടെങ്കിലും നിലവാരമില്ല. പ്രിസ്റ്റീന്‍ വൈറ്റ് എന്ന തൂവെള്ള നിറം പാത്രങ്ങള്‍ക്കുണ്ടാവണം. ഭാരംകുറഞ്ഞിരിക്കണം. ലൈറ്റടിച്ചാല്‍ സുതാര്യമാവണം. അത്തരം നിലവാരം ഉള്ളതുകൊണ്ടാണ് യുഎസ്, യുകെ, ജര്‍മനി, ഓസ്‌ട്രേലിയ, കാനഡ തുടങ്ങി ഡസനിലേറെ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നത്. ഉത്പാദനത്തിന്റെ 80% കയറ്റുമതിയാണ്.

പിഞ്ഞാണങ്ങള്‍ മാത്രമല്ല ഉപഹാരമായി കൊടുക്കുന്ന അനേകം ഉത്പന്നങ്ങള്‍ വേറെയുണ്ട്. മനോഹരമായ പിഞ്ഞാണക്കൂട്ടു കൊണ്ടുണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍, ആഷ്ട്രേ, മെഴുകുതിരി സ്റ്റാന്‍ഡ്, ചിത്രാലങ്കാരം ചെയ്ത ചായക്കോപ്പകള്‍…ചിത്രാലങ്കാരം ചെയ്ത് ആശംസകള്‍ എഴുതിയ ഫലകങ്ങള്‍ക്കും (പ്‌ളേക്) കോപ്പകള്‍ക്കും വിദേശത്തു വന്‍ ഡിമാന്‍ഡാണ്. മെയ്ക് ഇന്‍ ഇന്ത്യ ലോഗോ മുദ്രണം ചെയ്ത ഇവിടുത്തെ മണ്‍പാത്രങ്ങള്‍ ഹാനോവര്‍ഫെയറില്‍ ഇന്ത്യന്‍ പവിലിയന്‍ സന്ദര്‍ശകര്‍ക്ക് സമ്മാനമായി നല്‍കിയിരുന്നു.

നിലവില്‍ 450 ജീവനക്കാരുള്ള ടാറ്റ സിറാമിക്‌സിന് വര്‍ഷം 15% ഉത്പാദന വളര്‍ച്ചാ നിരക്കുണ്ട്. മാന്ദ്യം കഴിഞ്ഞ് ഉണരുന്ന അമേരിക്കന്‍, യൂറോപ്യന്‍ വിപണികളിലേക്ക് കേരളത്തിന്റെ കോപ്പകള്‍ കൂടുതലായി എത്തിക്കാന്‍ കോപ്പുകൂട്ടുകയാണെന്ന് ടാറ്റ സിറാമിക്‌സ് എംഡി വി.ഗോവിന്ദ് രാജ് അറിയിച്ചു. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ അഞ്ച് ഏക്കറിലെ ഒന്നരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പ്ലാന്റില്‍ നിന്നു നേരേ കണ്ടെയ്‌നറുകളിലേക്കു കടക്കുന്ന മണ്‍പാത്രങ്ങള്‍ കേരളപ്പെരുമ അന്യമാം രാജ്യങ്ങളിലെത്തിക്കുന്ന കാര്യം നമ്മള്‍ പോലും അറിയുന്നില്ല.

ചൈനയാണ് ലോക പിഞ്ഞാണവിപണിയിലെ ഒന്നാമന്‍. വിപണിയുടെ പാതി ചൈന കയ്യടക്കിയിരിക്കുന്നു. പോര്‍സലീന്‍ പിഞ്ഞാണങ്ങള്‍ ചൈനയിലാണ് ആദ്യം ഉണ്ടായത്. പിഞ്ഞാണങ്ങള്‍ക്ക് ചൈന എന്ന പേരുവീണതു തന്നെ അങ്ങനെയാണ്. എന്നാല്‍ പിന്നീട് കളിമണ്ണും എല്ലുപൊടിയില്‍ നിന്നുള്ള കാല്‍സിയം ഫോസ്‌ഫേറ്റും ചേര്‍ത്ത് ഭാരം കുറഞ്ഞതും തൂവെള്ള നിറമുള്ളതുമായ പിഞ്ഞാണങ്ങള്‍ ബ്രിട്ടിഷുകാര്‍ ഉണ്ടാക്കി. ബോണ്‍ ചൈന എന്ന് അവയെ വിളിച്ചു.

എല്ലു പൊടിയില്‍ നിന്നുള്ള കാല്‍സ്യം ഫോസ്‌ഫേറ്റിന്റെ മിശ്രണമാണ് ഗുണമേന്‍മയ്ക്കു കാരണം.ഇംഗ്ലണ്ടിനു പുറമേ ജപ്പാനും ജര്‍മനിയും ഫ്രാന്‍സും തീന്‍മേശ പിഞ്ഞാണങ്ങള്‍ക്കു പ്രസിദ്ധമാണ്. ജപ്പാന്റെ പ്രശസ്ത പിഞ്ഞാണക്കമ്പനികളായ ഡങ്കോട്ടുവയും നോറിടാക്കിയും ശ്രീലങ്കയില്‍ ഫാക്ടറി തുറന്നിട്ടുണ്ട്. അവരോടാണ് ഈ രംഗത്ത് ഇന്ത്യ മല്‍സരിക്കുന്നത്. ടാറ്റയുടെ കേരള ഉത്പന്നങ്ങള്‍ കടല്‍ കടക്കുമ്പോള്‍ പൊതുമേഖലയില്‍ കുണ്ടറയില്‍ കേരള സിറാമിക്‌സില്‍ കളിമണ്‍ പാത്രനിര്‍മ്മാണം നിലച്ചിട്ടു വര്‍ഷങ്ങളായി. വ്യവസായ ആവശ്യങ്ങള്‍ക്ക് കളിമണ്ണ് തയാറാക്കി കൊടുക്കല്‍ മാത്രം.

Top