ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ 21കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അധ്യാപിക പിടിയില്‍

മുംബൈ: പൂർവ്വ ജന്മത്തിൽ തന്റെ ജീവിത പങ്കാളിയാണെന്നാരോപിച്ച് 21 വയസ്സുകാരിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ച അധ്യാപിക അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. മുംബൈയിൽ അധ്യാപികയായ കിരണ്‍ എന്നറിയപ്പെടുന്ന വെറോണിക്ക ബൊറോദ (35)യാണ് അറസ്റ്റിലായത്. ഇവരെ സഹായിക്കാനെത്തിയ മുംബൈ  പൊലീസിലെ കോൺസ്റ്റബിളായ ആനന്ദ് മുദ്ദെ എന്നയാളും പിടിയിലായി.

ശനിയാഴ്ച്ച പിപ്ലേ ഹാന മേഖലയിലുള്ള വിദ്യാർത്ഥിയുടെ വീട്ടിൽ എത്തുകയായിരുന്നു  വെറോണിക്ക. തുടർന്ന് മുദ്ദെ പെൺകുട്ടിയെ  നിർബന്ധപൂർ‌വ്വം തട്ടികൊണ്ടു പോകാൻ ശ്രമിച്ചു. ഇതിനിടെ കുട്ടിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടി കൂടുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും ഇരുവരെയും പിടികൂടുകയും ചെയ്തു.  കഴിഞ്ഞ ഫെബ്രുവരിയിൽ പെൺകുട്ടി തന്റെ ക്യാൻസർ ബാധിതയായ അമ്മയെയും കൊണ്ട് മുംബൈയിലെ ടാറ്റ മെമോറിയല്‍ ആശുപത്രിയില്‍ പോകവേയാണ്  ഇരുവരും പരിചയപ്പടുന്നത്.

തുടർന്ന് വെറോണിക്കയും വിദ്യാര്‍ഥിനിയും പരസ്പരം ഫോണ്‍ നമ്പർ കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് നിരന്തരം വിളിക്കുമായിരുന്ന വെറോണിക്ക, തങ്ങൾ മുന്‍ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായിരുന്നുവെന്നും ഈ ജന്മത്തിലും ഒരുമിച്ച്‌ ജീവിക്കണമെന്നും പറഞ്ഞിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഇവർ പതിനഞ്ചോളം വ്യത്യസ്ത ഫോണ്‍ നമ്പറുകളിൽ നിന്നായി  തന്നെ നിരന്തരം വിളിച്ചിരുന്നതായും കൂടാതെ പഠിക്കുന്ന  കോളേജിലും ഇവര്‍ എത്തിയിരുന്നതായും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു.  വെറോണിക്കയെയും കോൺസ്റ്റബിളിനെയും സെപ്റ്റംബര്‍ 11 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വീട്ടില്‍ അതിക്രമിച്ച്‌ കടന്നതിനും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വെറോണിക്ക വിവാഹിതയാണ്.

Latest
Widgets Magazine