നമുക്കാവശ്യമുള്ളപ്പോള്‍ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി,അല്ലാത്തപ്പോള്‍ രണ്ടു ഭാര്യമാരും കുട്ടിയുമുള്ള ശാസ്താവാകും

കൊച്ചി:ശബരിമല സ്ത്രീ പ്രവേശന കാര്യത്തില്‍ ഭിന്നസ്വരം ഉയര്‍ത്തി ബിജെപിയുടെ ബൗദ്ധീക സെല്‍ തലവന്‍ ടി ജി മോഹന്‍ദാസ്. സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്ന ഏഴു വര്‍ഷക്കാലം അയ്യപ്പന്‍ ബ്രഹ്മചാരി ആയിരുന്നില്ലേയെന്നും ശബരിമല ശാസ്താവ് എന്ന സങ്കല്‍പ്പം രണ്ടു ഭാര്യമാരും കുട്ടിയുമുള്ളതാണെന്നും നൈഷ്ഠിക ബ്രഹ്മചാരി എന്നാണെങ്കില്‍ തൊട്ടപ്പുറത്ത മാളികപ്പുറത്തമ്മ എങ്ങിനെയിരിക്കും എന്നെല്ലാമാണ് അദ്ദേഹം ചോദിക്കുന്നത്.സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്ന കേന്ദ്രത്തില്‍ നിന്നും വ്യത്യസ്തമായ നിലപാട് എടുത്ത് സംസ്ഥാനത്ത് ബിജെപിയും ആര്‍എസ്എസും കനത്ത പ്രതിഷേധം ഉയര്‍ത്തുമ്പോഴാണ് ടിജിയുടെ ഈ പ്രതികരണം .

റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ ശബരിമലയില്‍ സ്ത്രീകളെ തടയുകയും പ്രതിഷേധം നടത്തുകയും ചെയ്യുന്നവര്‍ ചരിത്ര വസ്തുതകളെ മറച്ചു പിടിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറിയിരുന്നില്ല എന്നത് തെറ്റാണെന്നും എത്തിച്ചേരാന്‍ ദുര്‍ഘടമായതിനാല്‍ മാത്രം എണ്ണത്തില്‍ കുറവായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും പറയുന്നു. പത്രപ്രവര്‍ത്തക ലീലാ മേനോന്‍ 50 വയസ്സില്‍ താഴെ പ്രായമുള്ളപ്പോള്‍ റിപ്പോര്‍ട്ടിംഗിനായി മല കയറിയിട്ടുള്ളതായി അവരുടെ ആത്മകഥയിലെ രേഖപ്പെടുത്തലും ചൂണ്ടിക്കാട്ടുന്നു. പണ്ട് മണ്ഡലകാലം, മകരവിളക്ക് എന്നിങ്ങനെ രണ്ടു സീസണില്‍ മാത്രം തുറന്നിരുന്ന കാനനക്ഷേത്രമായിരുന്ന ശബരിമല മൊത്തം ആറു ദിവസത്തേക്ക് നട തുറക്കാന്‍ തീരുമാനിച്ചത് കൊടിമരം വന്നത് മുതലാണ്. മലയാളമാസം ഒന്നാം തീയതി കൂടി തുറക്കാന്‍ തുടങ്ങിയപ്പോള്‍ മൊത്തം ആറു ദിവസം നട തുറക്കുന്ന നിലയിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1984-85 കാലഘട്ടത്തിലാണ് കൊടിമരം വെച്ചത്. അന്നുമുതല്‍ എല്ലാ മലയാളമാസം ഒന്നാം തീയതിയും നടതുറക്കുന്നുണ്ട്. ഈ സമയത്ത് ഒരു വ്രതവും എടുക്കാതെ തന്നെ ആള്‍ക്കാര്‍ തൊഴാന്‍ എത്താറുണ്ടെന്നും കൂട്ടത്തില്‍ സ്ത്രീകളും കയറുന്നതായും മോഹന്‍ദാസ് പറയുന്നു. അതിനിടെയാണ് 1991ല്‍ ചങ്ങനാശ്ശേരിക്കാരനോ മറ്റോ ആയ മഹേന്ദ്രന്‍ എന്നൊരാള്‍ ഹൈക്കോടതിക്ക് ഒരു കത്തയയ്ക്കുന്നത്. ഈ നടപടി കൂടി നിര്‍ത്തണം എന്നായിരുന്നു ആവശ്യം. ആ കത്ത് റിട്ടാക്കിയിട്ടാണ് ജസ്റ്റിസ് ബാലനാരായണ മാരാരുടെ വിധി വരുന്നത്. ജസ്റ്റിസ് പരിപൂര്‍ണന്‍ സീനിയറാണെങ്കിലും അദ്ദേഹം പുറകിലിരിക്കുകയായിരുന്നു, എല്ലാ അര്‍ത്ഥത്തിലും. അങ്ങനെ ജസ്റ്റിസ് ബാലനാരായണ മാരാര്‍ ജഡ്ജ്‌മെന്റ് എഴുതി.

ആ വിധിയില്‍ മലയാള മാസം ഒന്നാം തീയതി അവിടെ ചോറൂണ് നടക്കുന്നതായും ഇതിനായി എല്ലാ സ്ത്രീകളും വരുന്നുണ്ട് എന്നും അന്നത്തെ ദേവസ്വം കമ്മീഷണര്‍ കമ്മീഷണറാണ് പറഞ്ഞത്. തെളിവിനായി നൂറുകണക്കിന് രസീതുകളും അവര്‍ ഹാജരാക്കി. അവരുടെ മകള്‍ക്കും അവിടെ ചോറൂണ് നടത്തി. അതിന്റെ ഫോട്ടോ പത്രത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ക്ക് എട്ടുവര്‍ഷം കാത്തിരുന്നിട്ടുണ്ടായ കുട്ടിയാണ്. അയ്യപ്പന്റെ മുന്നില്‍ ചോറൂണ് നടത്തിക്കൊള്ളാമെന്ന് വഴിപാടുണ്ടായിരുന്നു. രസീത് കൊടുത്തിട്ടാണ് അത് ചെയ്തത്. ഫാക്റ്റ് ഒളിച്ചു വയ്ക്കാന്‍ സാധ്യമല്ല. 84 അല്ലെങ്കില്‍ 85 മുതല്‍ 91 വരെ അവിടെ സ്ത്രീകള്‍ കയറിക്കൊണ്ടിരുന്നു. അന്ന് അവിടെ തന്ത്രിയും പരികര്‍മിയും ദേവസ്വം ബോര്‍ഡും ഒക്കെയുണ്ട്.

ഇതാരും ഒളിച്ചും പാത്തും കയറിയതല്ല. ഏഴു വര്‍ഷമായി സ്ത്രീകള്‍ അവിടെ കയറിക്കൊണ്ടിരുന്നതാണ്. എവിടെ നിന്നോ വന്ന ഒരു മഹേന്ദ്രന്‍ അയച്ച കത്താണ് പിന്നീട് റിട്ട് പെറ്റീഷനായി വിധിയുണ്ടാകുന്നത്. പക്ഷേ, ആ കോടതി വിധിയില്‍ അതുവരെ നടന്ന കാര്യങ്ങള്‍ പറയുന്നുണ്ട്. സ്ത്രീകള്‍ കയറിയ ഈ ഏഴു വര്‍ഷവും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നില്ലേയെന്നും മോഹന്‍ദാസ് ചോദിച്ചു. 1991 ലെ വിധിയിലാണ് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. നൈഷ്ഠിക ബ്രഹ്മചര്യത്തില്‍ അയ്യപ്പനല്ല ആരാണെങ്കിലും സ്ത്രീകള്‍ അടുത്തുവന്നാല്‍ ഒരു കുലുക്കവും വരില്ല. അതുപോലെ പേട്ടതുള്ളലും തിരുവാഭരണ ഘോഷയാത്രയും ഒക്കെയുണ്ട്. ആരുടെ ആഭരണമാണതില്‍ ഉളളത്? ശാസ്താവിന്റെ രണ്ടു ഭാര്യമാരായ പൂര്‍ണ, പുഷ്‌കല എന്നീ രണ്ടു ഭാര്യമാരുടെ ആഭരണവുമായിട്ടാണ് ശബരിമലയ്ക്ക് ഘോഷയാത്ര. അപ്പോള്‍ നൈഷ്ഠിക ബ്രഹ്മചാരിയായിട്ടുള്ള ആള്‍ക്ക് രണ്ടു ഭാര്യമാരുണ്ടാകുമോ? തിരുവാഭരണം കൊണ്ടു പോകുന്നത് ശബരിമലയിലേക്കാണല്ലോ. അവിടെ ഒരു പ്രതിഷ്ഠയേയുള്ളൂ.

ശാസ്താവും അയ്യപ്പനും വേറെയാണെങ്കില്‍ രണ്ടു പ്രതിഷ്ഠയല്ലേ വരേണ്ടത്. അതായത് നമുക്ക് ആവശ്യമുള്ളപ്പോള്‍ നൈഷ്ഠിക ബ്രഹ്മചാരി അയ്യപ്പനാകും. ആവശ്യമില്ലെങ്കില്‍ രണ്ടുഭാര്യമാരും കുട്ടിയുമുള്ള ശാസ്താവുമാകും. ഈ ഇരട്ടത്താപ്പാണ് സുപ്രീം കോടതിയെക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. നൈഷ്ഠിക ബ്രഹ്മചര്യത്തെക്കുറിച്ച് പറയുമ്പോള്‍ മാളികപ്പുറത്തമ്മ നിരന്തര, നിതാന്ത സാന്നിധ്യമായി അവിടെയുണ്ട്. ഈ മാളികപ്പുറത്തമ്മ നൈഷ്ഠിക ബ്രഹ്മചര്യത്തിന് യോജിക്കുന്ന ഒന്നാണോയെന്നും ചോദിക്കുണ്ട്. മരിച്ചു പോയ പ്രശസ്ത പത്രപ്രവര്‍ത്തക ലീലാ മേനോന്റെ ആത്മകഥയില്‍ അവര്‍ 50 വയസിനു മുമ്പ് ശബരിമലയില്‍ പോയിട്ടുണ്ട്. അവര്‍ അറിഞ്ഞ് എഴുതിയതല്ല. ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഉള്ള കാലത്ത് കരുണാകരന്റെ കൂടെ അവിടെ പോയി റിപ്പോര്‍ട്ട് ചെയ്തു എന്നൊക്കെ പറഞ്ഞിട്ട് അവര്‍ പറഞ്ഞു പോവുകയാണ്. ഞാന്‍ അവരുടെ പ്രായം പുറകോട്ട് കണക്കൂകുട്ടിയപ്പോള്‍ അവര്‍ക്ക് 48 അല്ലെങ്കില്‍ 49 വയസേ അപ്പോള്‍ ഉള്ളൂ. അവരും സന്നിധാനത്ത് കയറിയിരുന്നു. ആരും തടസപ്പെടുത്തിയില്ല അദ്ദേഹം പറയുന്നു. .

ഹിന്ദു സമൂഹത്തില്‍ ഒരു കലഹമുണ്ടാക്കാന്‍ ആഗ്രഹിച്ചല്ലെന്നും ഗര്‍ഭപാത്രം നീക്കം ചെയ്ത ഒരു സ്ത്രീ ഏത് അവയവത്തിന്റെ പേരിലാണോ തന്നെ ശബരിമലയില്‍ കയറ്റാത്തത് ആ അവയവം ഞാന്‍ മുറിച്ചു കളഞ്ഞെന്നും ഇനി കയറ്റണം എന്നും ആവശ്യപ്പെട്ടു ശബരിമല പ്രവേശനത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷേ പത്തിനും അമ്പതിനും ഇടയിലാണ് പ്രായമെങ്കില്‍ കയറാന്‍ പറ്റില്ല എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ആ സ്ത്രീയുടെ കരച്ചിലാണ് തന്നെ ഇത്തരം ഒരു ക്യാംപയിനിലേക്ക് ഇറക്കിയതെന്നും മോഹന്‍ദാസ് പറയുന്നു. സ്ത്രീകളെ പമ്പയില്‍ തടയേണ്ട കാര്യമില്ലെന്നും എതിര്‍പ്പാണെങ്കില്‍ പതിനെട്ടാംപടി കയറ്റണ്ട. അവര്‍ മാളികപ്പുറത്തമ്മയേയും ഒക്കെ തൊഴുതിട്ട് പൊയ്‌ക്കോട്ടെ. എന്നാല്‍ അവരെ കിലോ മീറ്ററുകള്‍ക്ക് താഴെ നീലിമലയുടെ താഴെ തടയുന്നത് ശരിയല്ലെന്നും പറയുന്നു. വിശ്വാസം സംരക്ഷിക്കാന്‍ പമ്പയിലും ശബരിമലയിലും ശക്തമായ പ്രതിഷേധം നടക്കുമ്പോള്‍ ഇതൊക്കെ മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

Top