കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ക്ക് ഫലം: തായ് ഗുഹയില്‍ നിന്ന് എട്ടാമത്തെ കുട്ടിയെ രക്ഷപ്പെടുത്തി

ബാങ്കോക്ക്: താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ എട്ടാമനെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. ഇനി നാലു കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും മാത്രമാണു ഗുഹയില്‍ ശേഷിക്കുന്നത്. ഇവരില്‍ ചിലരെ ചേംബര്‍-3 എന്നറിയപ്പെടുന്ന സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായാണു വിവരം. ഇവിടെ നിന്നു രണ്ടു കിലോമീറ്റര്‍ മാത്രമാണു ഗുഹാമുഖത്തേക്കുള്ളത്. കൂടുതല്‍ സന്തോഷവാര്‍ത്തകള്‍ വരാനിരിക്കുകയാണെന്ന ഗവര്‍ണര്‍ നാരോങ്‌സാക്ക് ഒസാട്ടനകൊണിന്റെ അറിയിപ്പിനു പിന്നാലെയാണു കുട്ടികള്‍ പുറത്തെത്തിയതായുള്ള വിവരം.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് രാവിലെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടിത് പുനരാരംഭിച്ചു. ഞായറാഴ്ച ഗുഹയ്ക്ക് അകത്ത് നിന്ന് നാല് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഗുഹയില്‍ ഓക്‌സിജന്‍ കുറവായത് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണമായി.

എട്ടു കിലോമീറ്റര്‍ നീളവും നിരവധി വഴികളും അറകളുമുള്ള തം ലുവാംഗ് ഗുഹ മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുക പതിവാണ്. ഈ ഗുഹയ്ക്ക് അകത്ത് ജൂണ്‍ 23നാണ് വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിലെ 11 മുതല്‍ 16 വരെ പ്രായമുള്ള കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചും കുടുങ്ങിയത്. കനത്ത മഴയില്‍ നിന്ന് രക്ഷ നേടാന്‍ ഗുഹയിലേക്ക് കയറിയതായിരുന്നു ഇവര്‍. എന്നാല്‍ ഗുഹയിലേക്ക് വെളളം കയറിയതോടെ ഇവര്‍ കൂടുതല്‍ ഉളളിലേക്ക് കടന്നു. ഗുഹാമുഖം മഴയ്ക്ക് പിന്നാലെ അടഞ്ഞതോടെ ഇവര്‍ക്ക് പുറത്തേക്ക് കടക്കാനും സാധിച്ചില്ല.

കൂടുതല്‍ കുട്ടികളെ പ്രാദേശിക സമയം വൈകിട്ട് ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ പുറത്തെത്തിക്കാനാകുമെന്നാണു സൂചന. അതേസമയം കൂടുതല്‍ കരുത്തുറ്റ കുട്ടികളെയാണു ഞായറാഴ്ച ആദ്യം പുറത്തിറക്കിയതെന്നും നാരോങ്‌സാക്ക് പറഞ്ഞു. ദുര്‍ബലരായ കുട്ടികളെയാണ് ആദ്യം ഗുഹയ്ക്കു പുറത്തെത്തിച്ചതെന്ന് ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഏതാനും ആംബുലന്‍സുകള്‍ കൂടി ഇന്ന് ഗുഹാപരിസരത്തെത്തിയിട്ടുണ്ട്. ഹെലികോപ്ടറും ലാന്‍ഡ് ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തുന്ന കുട്ടികള്‍ക്ക് പ്രാഥമിക വൈദ്യസഹായം നല്‍കി ഹെലികോപ്ടറില്‍ ചിയാങ് റായിയിലെത്തിക്കുകയാണു ഇന്നലെ ചെയ്തത്.

Latest
Widgets Magazine