തളിപ്പറമ്പിലെ മുക്കുപണ്ട തട്ടിപ്പ്; ഒരാള്‍ പിടിയില്‍

കണ്ണൂർ: കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നിന്ന് അരക്കോടിയിലധികം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടത്തിയ കേസിലെ മൂന്നാം പ്രതിയെ പൊലീസ് പിടികൂടി. ജില്ലാ സഹകരണ ബാങ്കിന്‍റെ കണ്ണൂരിലെ പ്രധാന ശാഖയിലെത്തിയ ഇയാളെ ജീവനക്കാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. തളിപ്പറമ്പ സഹകരണ ബാങ്ക് ശാഖയിലെ അപ്രൈസറും മുക്കുപണ്ട തട്ടിപ്പിൽ മൂന്നാംപ്രതിയാണ് പിടിയിലായ ഇയാള്‍. രാവിലെ ജില്ലാ സഹകരണ ബാങ്കിന്‍റെ പ്രധാന ശാഖയിലെത്തിയ ഇയാളെ ജീവനക്കാർ തടഞ്ഞുവച്ചു. തുടർന്ന് വിവരമറിഞ്ഞ് കേസ് അന്വേഷിക്കുന്ന തളിപ്പറമ്പ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തട്ടിപ്പ് നടന്ന് ആഴ്ചകൾ പിന്നിട്ടും പ്രതികളെ പിടികൂടാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല.

ഞാറ്റുവയൽ സ്വദേശി ഹസ്സനെന്നയാൾ പണയം തിരികെയെടുത്തപ്പോൾ മുക്കുപണ്ടം കിട്ടിതാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയാക്കിയത്. കേസിലെ രണ്ടാംപ്രതി അസിസ്റ്റന്‍റ് മാനേജർ രമ പണം നൽകിയ സംഭവം ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ വിവരമറിഞ്ഞ് സഹകരണ ബാങ്കിന്‍റെ ഓഡിറ്റ് വിഭാഗം തളിപ്പറമ്പ ശാഖയിൽ പരിശോധന നടത്തിയതോടെയാണ് അരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതെന്ന് വ്യക്തമായത്. കേസിലെ മറ്റു പ്രതികളായ ചീഫ് മാനേജർ ചന്ദ്രനും അസി. മാനേജർ രമയും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Latest
Widgets Magazine