തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം

കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. താലൂക്ക് ഓഫീസിന് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രതിമയില്‍ ചാര്‍ത്തിയ മാലയും കണ്ണടയും തകര്‍ത്ത നിലയിലാണ്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍ടിഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. ഇയാളെക്കുറിച്ച്‌ പൊലീസിന് ഏകദേശ വിവരം ലഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ സാമൂഹ്യപരിഷ്കര്‍ത്താക്കളുടെയും നേതാക്കളുടെയും പ്രതിമ തകര്‍ത്ത സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് അതാതിടത്തെ കലക്ടര്‍മാരും എസ്പിമാരും നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. കര്‍ശന നടപടികള്‍ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശവും നല്‍കി. ഇതിന് പിന്നാലെയാണ് കേരളത്തിലും ഇത്തരം സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്.

Top